ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ തിരുവനന്തപുരം സ്വദേശി കണ്ണി അറസ്റ്റില്‍

തിരുവനന്തപുരത്ത് ഇന്റര്‍നെറ്റുവഴി പെണ്‍വാണിഭം നടത്തുന്ന സംഘത്തിലെ പ്രധാനി അറസ്റ്റില്‍. തിരുവനന്തപുരം ശാസ്തമംഗലം ഈയംകുളം തിങ്കനിവാസില്‍ രാജേഷ് എന്ന പ്രദീപ് കുമാറിനെയാണ് സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഓണ്‍ലൈന്‍ സൈറ്റ് മുഖേനയും ലൊക്കന്റോ വെബ്‌സൈറ്റുവഴിയും മറ്റും സ്‌കൂള്‍ കുട്ടികളെയും സ്ത്രീകളെയും ലൈംഗികക്കച്ചവടം നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാള്‍. ഇത്തരം സംഘത്തെക്കുറിച്ച് പോലീസ് വിശദമായി അന്വേഷണം നടത്തിവരികയായിരുന്നു.
സെക്‌സ് റാക്കറ്റിനായി ഉപയോഗിച്ച ഇന്റര്‍നെറ്റിലെ സൈറ്റ് ലിങ്കുകള്‍ പിന്തുടര്‍ന്നും പരിശോധിച്ചും ലഭിച്ച ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ചാണ് പ്രതിയെ തന്ത്രപൂര്‍വം കുടുക്കിയതെന്ന് സൈബര്‍ ക്രൈം സ്‌റ്റേഷന്‍ അസി. കമീഷണര്‍ എം ഇക്ബാല്‍ അറിയിച്ചു. മറ്റൊരു സെക്‌സ് റാക്കറ്റുമായി ബന്ധപ്പെട്ട് പേരൂര്‍ക്കടയില്‍ പ്രവര്‍ത്തനം നടത്തിവരികയായിരുന്നു പ്രതി. ഇയാള്‍ ഓണ്‍ലൈന്‍ സെക്‌സ് സൈറ്റുകളില്‍ റൂബി എസ്‌കോര്‍ട്ട് എന്ന അപരനാമത്തില്‍ കുപ്രസിദ്ധനാണ്.
ഇയാളെ വിശദമായി ചോദ്യം ചെയ്തതില്‍നിന്ന് സെക്‌സ് റാക്കറ്റിന്റെ പുതിയ കണ്ണികളെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതായും കൂടുതല്‍ പ്രതികള്‍ അറസ്റ്റിലാകുമെന്നും പൊലീസ് അറിയിച്ചു. ഇന്‍സ്‌പെക്ടര്‍ എസ് സജാദ്, സീനിയര്‍ സിപിഒ ഷിബു, സുനില്‍, സിപിഒ അഭിലാഷ്, അനീഷ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. തിരുവനന്തപുരം ജില്ലാ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha
























