ചങ്ങരംകുളം സംഭവത്തില്‍ ഡി വൈ എസ് പി അടക്കമുളളവര്‍ക്കെതിരെ കേസെടുക്കണം:പൊലീസിന്റെ മുഖം ഇതോടെ കൂടുതല്‍ വൃകൃതമായെന്ന് രമേശ് ചെന്നിത്തല

മലപ്പുറം ചങ്ങരം കുളത്ത് പത്തുവയസുകാരിയായ ബാലികയെ തീയറ്ററിനുള്ളില്‍ വച്ച് ക്രൂരമായ പീഡിപ്പിച്ച സംഭവം മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പരാതി ലഭിച്ചിട്ടും കേസെടുക്കാതിരുന്ന പൊലീസിന്റെ മുഖം ഇതോടെ കൂടുതല്‍ വികൃതമായിരിക്കുകയാണ്. കഴിഞ്ഞ 26 നാണ് പൊലീസില്‍ പരാതി ലഭിച്ചിട്ടും അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയ ഡി വൈ എസ് പിയും, സ്റ്റേഷന്‍ ഹൗസ് ഓഫീസറും പ്രതിയുമായി ചേര്‍ന്ന് ഗൂഡാലോചന നടത്തി കേസെടുക്കാന്‍ വൈകിപ്പിച്ചതിന് ഐ പി എസി 217 പ്രകാരവും, ഐ പി സി 120 ബി പ്രകാരവും, പോസ്‌കോ നിയമപ്രകാരവും കേസെടുക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവിശ്യപ്പെട്ടു. കേരളത്തിലെ പൊലീസ് നാഥനില്ലാ കളരിയായി മാറിയെന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് മലപ്പുറത്തെ സംഭവം. സംഭവത്തിന്റെ ദൃശ്യമുള്‍പ്പെടെയുള്ള തെളിവുകള്‍ ഉള്‍പ്പെടെ തീയറ്റര്‍ ഉടമ നല്‍കിയിട്ടും കേസെടുക്കാതിരുന്നത് ലജ്ജാകരമാണ്. ചാനല്‍ ദൃശ്യങ്ങള്‍ പുറത്ത് വിട്ടപ്പോഴാണ് കേസെടുക്കാന്‍ തയ്യാറായത്. കേരളം ക്രിമനലുകളുടെ സ്വന്തം നാടായി മാറിയിരിക്കുകയാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷയില്ലാത്ത അവസ്ഥയാണ്. ആഭ്യന്തര വകുപ്പിന്റെ പരാജയം വീണ്ടും വീണ്ടും വെളിവാക്കുന്നതാണ് മലപ്പുറത്ത് നടന്ന ഈ നീചമായ സംഭവമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
https://www.facebook.com/Malayalivartha

























