മൂന്നു വയസ്സുകാരിയെ മാതാവ് വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തി

മൂന്നു വയസ്സുകാരിയെ മാതാവ് ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തി. ബക്കറ്റില്‍ മുക്കിയ ഇളയ മകനെ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുറമേരി കക്കംവെള്ളിയിലെ കുളങ്ങരത്ത് മുഹമ്മദ് ഖൈസിന്റെ മൂത്ത മകള്‍ ഇന്‍ഷാ ലാമിയ (മൂന്ന്) ആണ് മരിച്ചത്.
ഒന്നരവയസ്സുകാരന്‍ ഇളയ മകന്‍ അമന്‍ സയാനാണ് രക്ഷപ്പെട്ടത്. കൃത്യത്തിന് ശേഷം ഇരുകൈകളിലെയും ഞരമ്ബ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച മാതാവ് സഫൂറയെ (25) നാദാപുരം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരെ പോലീസ് അറസ്റ്റുചെയ്തു. ബുധനാഴ്ച ഉച്ചയ്ക്ക് 12നാണ് പുറമേരിയിലെ ഭര്‍തൃവീട്ടില്‍ നാടിനെ നടുക്കിയ സംഭവം നടന്നത്.
കുട്ടികള്‍ക്ക് കഞ്ഞികൊടുക്കാനെന്ന് പറഞ്ഞു മുകളിലത്തെ മുറിയില്‍ കൊണ്ടുപോയി കുളിമുറിയില്‍വെച്ചാണ് കൃത്യം നടത്തിയത്. ശരീരത്തില്‍ മുറിവേല്‍പിച്ച് താഴേക്കുവന്ന് സഫൂറതന്നെയാണ് ഭര്‍തൃസഹോദരി നൗഷിദയോട് വിവരം പറഞ്ഞത്. വീട്ടുകാര്‍ ബഹളംവെച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ ഓടിയെത്തുമ്‌ബോഴേക്കും സഫൂറതന്നെ ഇതുവഴിവന്ന ബൈക്കില്‍ മൂത്ത കുട്ടിയെ നാദാപുരം താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തുമ്പോഴേക്കും കുട്ടി മരിച്ചിരുന്നു.
ഗുരുതരാവസ്ഥയിലായ ഇളയ കുട്ടിയെ നാട്ടുകാര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. കുട്ടി അപകടനില തരണംചെയ്തിട്ടുണ്ട്. ഇന്‍ഷാ ലാമിയയുടെ മൃതശരീരം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. നാദാപുരം ഡിവൈ.എസ്.പി. ഇ. സുനില്‍കുമാറിനാണ് അന്വേഷണച്ചുമതല. സഫൂറക്കെതിരെ കൊലപാതകത്തിനും കൊലപാതക ശ്രമത്തിനും കേസെടുത്തു. കൃത്യം ചെയ്യാന്‍ സഫൂറയെ പ്രേരിപ്പിച്ച കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha
























