രോഗബാധിതരുമായുള്ള സമ്പര്‍ക്കം മൂലം രോഗം പകരുമെന്ന വാര്‍ത്ത വന്നതോടെ കള്ള് കുടിയന്‍മാര്‍ വേവലാതിയില്‍; അനുഭവിക്കുന്നതിനേക്കാളും നല്ലത് കുടി നിര്‍ത്തുന്നതാ; മൃതദേഹം ദഹിപ്പിക്കാന്‍ പേടിച്ച് ശ്മശാനം തൊഴിലാളികളും; വ്യാജ പ്രചരണം നടത്തുന്നവരെ പിടികൂടുമെന്ന് ഡിജിപി പറഞ്ഞതോടെ അതിനും ആശ്വാസം

രോഗബാധിതരുമായുള്ള സമ്പര്‍ക്കം മൂലം രോഗം പകരുമെന്ന വാര്‍ത്ത വന്നതോടെ കള്ള് കുടിയന്‍മാര്‍ വേവലാതിയിലായി. പലരും കുടി നിര്‍ത്തി. വൈറസ് പടര്‍ത്തിയതു വവ്വാലാണെന്നു കണ്ടെത്തിയതോടെ പനി പടരുമെന്ന പേടിയിലാണ് കള്ളുകുടിയന്‍മാര്‍ കുടി നിര്‍ത്തുന്നത്. വവ്വാലുകള്‍ നിപ വൈറസ് പരത്തുന്നെന്ന വാര്‍ത്തവന്നതോടെ കോട്ടയം ജില്ലയിലെ മലയോര മേഖലകളിലും പടിഞ്ഞാറന്‍ മേഖലകളിലുമുള്ള ഷാപ്പുകളിലും ആലപ്പുഴയിലും വില്‍പ്പന കുത്തനെ ഇടിഞ്ഞു. ഇരുനൂറു ലിറ്റര്‍ കള്ള് അളക്കുന്ന ഷാപ്പുകളില്‍ പോലും പകുതിപോലും ചെലവാകാത്ത അവസ്ഥയാണ്. വവ്വാലിന് ഏറെ ഇഷ്ടപ്പെട്ട പാനീയമാണു കളള്.
കള്ളു ചെത്തുന്ന കുലകളില്‍ തൂങ്ങിക്കിടന്നാണു വവ്വാലുകള്‍ കള്ളു കുടിക്കുന്നത്. ഇങ്ങനെ വവ്വാലുകള്‍ കള്ളു കുടിക്കുമ്പോള്‍ വവ്വാലിന്റെ സ്രവവും കാഷ്ഠവും കള്ളു ശേഖരിക്കുന്ന കലത്തില്‍ വീഴുമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ഇത് നിപ വൈറസ് പടരാന്‍ കാരണമാകും. പനയോ തെങ്ങോ ചെത്തുന്ന സ്ഥലങ്ങള്‍ കണ്ടെത്തിയാല്‍ വവ്വാലുകള്‍ കൂട്ടത്തോടെ എത്തുകയാണു പതിവ്. പത്തു വവ്വാലുകള്‍ എത്തിയാല്‍ രണ്ടു ലിറ്ററോളം കള്ള അകത്താക്കുമെന്നാണു ചെത്തുകാര്‍ പറയുന്നത്. വവ്വാലിനെ പിടിക്കുന്നതു നിയമവിരുദ്ധമാണെങ്കിലും പലരും പനങ്കുലയിലും തെങ്ങിന്‍കുലയിലും മുള്ളുകള്‍ നിരത്തി വവ്വാലിനെ പിടിക്കാറുണ്ട്.
നിപ വൈറസിന്റെ പശ്ചാത്തലത്തില്‍ വവ്വാലകളുടെ മൂത്രം, കാഷ്ഠം, ഉമിനീര്‍ എന്നിവയുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് ഒഴിവാക്കണം. തുറന്നുവച്ച പാത്രങ്ങളില്‍ ശേഖരിക്കുന്ന കള്ളു കുടിക്കുന്നത് ഒഴിവാക്കുക. വവ്വാലുകള്‍ ഭക്ഷിച്ച ഫലവര്‍ഗങ്ങള്‍ കഴിക്കരുത്, വവ്വാലുകളുടെ കാഷ്ഠം പുരളാന്‍ സാധ്യതയുള്ള കാടുകളിലും വൃക്ഷങ്ങളുടെ ചുവട്ടിലും പോകരുത്, മരത്തില്‍ കയറരുത് തുടങ്ങിയ നിര്‍ദേശങ്ങളാണ് ആരോഗ്യവകുപ്പ് നല്‍കുന്നത്.
അതേസമയം മലപ്പുറം ജില്ലയില്‍ മരിച്ച മൂന്ന് പേര്‍ക്കും രോഗം ബാധിച്ചത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗബാധിതരുമായി ഉണ്ടായ സമ്പര്‍ക്കത്തില്‍ നിന്നുമാണെന്ന് തിരിച്ചറിഞ്ഞതോടെ രോഗികളെ സന്ദര്‍ശിക്കാനോ ആശ്വാസം പറയാനോ പോലും ആള്‍ക്കാര്‍ ഭയക്കുന്നു. ശനിയാഴ്ചയും ഞായറാഴ്ചയുമായി മരിച്ച മുന്നിയൂരിലെ സിന്ധുവും തെന്നലയിലെ ഷിജിതയും രോഗബാധിതരെ സന്ദര്‍ശിച്ചതാണ് രോഗം വരാന്‍ കാരണമായതെന്നാണ് സംശയം. മരിച്ച വേലായുധനും മെഡിക്കല്‍ കോളേജില്‍ നിന്നും രോഗം പകര്‍ന്നിരുന്നോ എന്ന് സംശയമുണ്ട്.
ചികിത്സയിലുണ്ടായിരുന്ന പേരാമ്പ്രയിലെ കുടുംബവുമായി ഇവര്‍ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായി ആരോഗ്യവകുപ്പും കേന്ദ്ര സംഘവും കണ്ടെത്തിയിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ കിടന്ന ഭര്‍ത്താവ് ഉബീഷിന്റെ കൂട്ടിരിപ്പുകാരി ആയിട്ടാണ് ഷിജിത എത്തിയത്. പിന്നീട് ആശുപത്രിയില്‍ നിന്നുമെത്തിയ ഷിജിതയ്ക്ക് കാലു വേദനയും വിറയലും അനുഭവപ്പെടുകയും സ്വകാര്യ ആശുപത്രിയില്‍ രണ്ടു തവണ ചികിത്സ തേടുകയും ചെയ്തിരുന്നു. ഒരു മാറ്റവും വന്നില്ല. പിന്നീടു പനിയും ഛര്‍ദ്ദിയും കൂടിയതോടെ വീണ്ടും രണ്ടാശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടും മാറ്റമുണ്ടാകാതെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് തന്നെ മാറ്റുകയായിരുന്നു.
വൃദ്ധയായ അമ്മയെ ചികിത്സിക്കാനാണ് സിന്ധു മെഡിക്കല്‍ കോളേജില്‍ പോയത്. അമ്മയ്ക്ക് സ്‌കാന്‍ ചെയ്യാന്‍ പോയപ്പോള്‍ പേരാമ്പ്രയില്‍ മരിച്ചവരെ കാണുകയും അവരുമായി സംസാരിക്കുകയും ചെയ്തിരുന്നതായി വിവരമുണ്ട്. പിന്നീട് അസുഖ ബാധാലക്ഷണങ്ങള്‍ കാട്ടിയ ഇവരെ രാമനാട്ടുകരയിലെ രണ്ടു സ്വകാര്യ ആശുപത്രികളില്‍ ചികിത്സ നടത്തി. കുറവില്ലാതായതോടെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശരീരത്തിലെ മുഴ നീക്കം ചെയ്യാന്‍ എത്തിയ വേലായുധനെ പ്രമേഹം വൃക്കയെ ബാധിച്ചതിനെ തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. എന്നാല്‍ രണ്ടാം ദിവസം മരിക്കുകയായിരുന്നു.
നിപ വൈറസ് ബാധിച്ചു മരിച്ച രണ്ടു പേരുടെ മൃതദേഹം കോഴിക്കോട് മാവൂര്‍ റോഡിലെ ശ്മശാനത്തില്‍ സംസ്‌കരിക്കുന്നതു സാധാരണ രീതിയില്‍ ദഹിപ്പിക്കുന്ന തൊഴിലാളികളുടെ എതിര്‍പ്പ് മൂലം വൈകി. മൃതദേഹം ദഹിപ്പിക്കുന്ന പുക ശ്വസിച്ചാല്‍ തങ്ങള്‍ക്കു രോഗം ബാധിക്കുമെന്നായിരുന്നു പേടി. തിങ്കളാഴ്ച നഴ്‌സ് ലിനിയുടെ മൃതദേഹം സംസ്‌കരിക്കുന്നതിനിടെ ഇവിടത്തെ വൈദ്യുതി ശ്മശാനത്തിനു തകരാറുണ്ടായിരുന്നു. മാവൂര്‍ റോഡ് ശ്മശാനത്തില്‍ രണ്ടു ചൂളകളാണുള്ളത്. വൈദ്യുതി ചൂള കോര്‍പ്പറേഷന്റെ നിയന്ത്രണത്തിലാണ്. സാധാരണ ചൂള ഒരു കുടുംബമാണു വര്‍ഷങ്ങളായി നടത്തുന്നത്. കോര്‍പ്പറേഷന് അതില്‍ നിയന്ത്രണമില്ല.
നിപ ബാധിച്ച് മരിച്ച കൂരാച്ചുണ്ട് വട്ടച്ചിറ മാടമ്പിലുമീത്തല്‍ രാജന്റെ മൃതദേഹം ഉച്ചയ്ക്കു പന്ത്രണ്ടരയോടെയാണു ശ്മശാനത്തിലെത്തിച്ചത്. ഫാന്‍ തകരാറായതിനാല്‍ വൈദ്യുതി ചൂളയില്‍ മൃതദേഹം കത്തിത്തീരാന്‍ ഏറെ വൈകുമെന്നതിനാല്‍ സാധാരണ ചൂളയില്‍ ദഹിപ്പിക്കാന്‍ തൊഴിലാളികളോടു പറഞ്ഞു. പേടി മൂലം തൊഴിലാളികള്‍ വിസമ്മതിച്ചു. ജില്ലാ കലക്ടറും മേയറും സംസാരിച്ചിട്ടും തൊഴിലാളികള്‍ വഴങ്ങിയില്ല. തീരുമാനം കാത്ത് മൃതദേഹം ഒരു മണിക്കൂറോളം ശ്മശാനത്തില്‍ കിടത്തി. തുടര്‍ന്ന് വൈദ്യുതി ചൂളയില്‍ ഏറെ സമയമെടുത്താണു രാജന്റെ മൃതദേഹം സംസ്‌കരിച്ചത്. രാവിലെ മരിച്ച അശോകന്റെ മൃതദേഹം എത്തിച്ചപ്പോഴും തൊഴിലാളികള്‍ വിസമ്മതിച്ചു. വൈകിട്ടു നാലിന് ഐവര്‍മഠം സംഘമെത്തി. അവര്‍ കൊണ്ടുവന്ന ചൂളയിലാണ് അശോകന്റെ മൃതദേഹം ദഹിപ്പിച്ചത്. മൃതദേഹം സംസ്‌കരിക്കാന്‍ വിസമ്മതിച്ച സംഭവത്തില്‍ പരാതി ഉയര്‍ന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha