തീവണ്ടിയാത്രയ്ക്കിടെ നടി സനൂഷയെ അപമാനിക്കാൻ ശ്രമിച്ച കേസ് നിര്‍ണായക ഘട്ടത്തില്‍ - കുറ്റപത്രം സമര്‍പ്പിച്ചു

നടി സനൂഷയെ തീവണ്ടിയാത്രയ്ക്കിടെ കൈയേറ്റത്തിനു ശ്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ മാവേലി എക്‌സ്പ്രസില്‍ ഫെബ്രുവരി ഒന്നിന് പുലര്‍ച്ചെ ഒന്നേകാലോടെ വടക്കാഞ്ചേരിക്കും തൃശ്ശൂരിനുമിടയ്ക്കായിരുന്നു കേസിനാസ്പദമായ സംഭവം.
രണ്ടാംക്ലാസ് എസി ബോഗിയില്‍ മുകളിലത്തെ ബെര്‍ത്തിലായിരുന്നു സനൂഷയുടെ യാത്ര. തിരൂരില്‍നിന്ന് തിരുവനന്തപുരത്തേയ്ക്ക് പോവുകയായിരുന്ന ആന്റോ ഷൊര്‍ണൂര്‍ എത്തിയപ്പോഴാണ് ജനറല്‍ ടിക്കറ്റ് മാറ്റി എസി കോച്ചില്‍ കയറിയത്.
സംഭവം നടന്ന ഉടന്‍ ആന്റോയെ സനൂഷ തടഞ്ഞുവെച്ച് ബഹളംവെയ്ക്കുകയും സഹയാത്രികര്‍ ഇയാളെ പിടികൂടുകയും ചെയ്തു. തൃശ്ശൂര്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ റെയില്‍വേപോലീസിന് പ്രതിയെ കൈമാറി. അറസ്റ്റിലായ കന്യാകുമാരി വില്ലുകുറി സ്വദേശി ആന്റോ ബോസ് (40)ഇപ്പോള്‍ ജാമ്യത്തിലാണ്. മാസങ്ങളോളം റിമാന്‍ഡില്‍ കഴിഞ്ഞ ഇയാള്‍ക്ക് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.
18 പേരില്‍നിന്ന് അന്വേഷണ ഉദ്യോഗസ്ഥനായ റെയില്‍വേ ഇന്‍സ്‌പെക്ടര്‍ എംകെ കീര്‍ത്തിബാബുവിന്റെ നേതൃത്വത്തില്‍ തെളിവ് ശേഖരിച്ചിരുന്നു. സനൂഷ യാത്രചെയ്ത കോച്ചിലുണ്ടായിരുന്ന കഥാകൃത്ത് ഉണ്ണി ആര്‍ അടക്കമുള്ളവരില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചു.
തൃശ്ശൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെത്തി സനൂഷ രഹസ്യമൊഴി നല്‍കിയിരുന്നു. ഈ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചതും.
https://www.facebook.com/Malayalivartha