ബിപ്ലബിന്റെ മണ്ടത്തരങ്ങൾ കേരളത്തിലും ആവർത്തിക്കുമോ; ചെങ്ങന്നൂർ പ്രചരണത്തിനായി ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേബ് കേരളത്തിലേക്ക്

ത്രിപുര മുഖ്യമന്ത്രി കേരളത്തിലേക്ക്. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിനായി വെള്ളിയാഴ്ച്ച ബിപ്ലബ് കുമാര്‍ സംസ്ഥാനത്തെത്തും. ത്രിപുരയിലെ സിപിഎം സര്‍ക്കാരിനെ അട്ടിമറിച്ച് അധികാരത്തിലെത്തിയ ബിപ്ലവ് പ്രചരണത്തിനെത്തുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് ബിജെപി യുടെ കണക്ക് കൂട്ടൽ.
ബിപ്ലവിന്റെ ചിലപ്രസ്താവനകള്‍ വിവാദമായത് കേരളത്തിലെ മാധ്യമങ്ങളിലും ഏറെ ചര്‍ച്ചയായിരുന്നു. ഈ സാഹചര്യത്തിലാണ് ബിപ്ലവ് കുമാറിനെ ചെങ്ങന്നൂരിലെത്തിക്കുക എന്ന തീരുമാനത്തില്‍ ബിജെപി എത്തിയത്. ചെങ്ങന്നൂരിലെത്തുന്ന ത്രിപുര മുഖ്യമന്ത്രി പോലീസ് കസ്റ്റഡിയില്‍ മരിച്ച വരാപ്പുഴയിലെ ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കണമെന്ന അഭിപ്രായവും പാര്‍ട്ടിയിലെ ചില നേതാക്കള്‍ക്കുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രീജിത്തിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്താതിനെതിരെ ബിജെപി രംഗത്ത് വന്നിരുന്നു. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ത്രിപുര മുഖ്യമന്ത്രി ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കണമെന്ന ആവശ്യം പാര്‍ട്ടിയിലുയരുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല.
അതേസമയം പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്ന പൊതുപരിപാടി മാറ്റിവെയ്‌ക്കേണ്ടി വന്നത് ബിജെപിക്ക് ക്ഷീണ മായിട്ടുണ്ട്. പാര്‍ട്ടിയുടെ സംസ്ഥാന നേതാക്കളൊക്കെ വൈകിയാണെങ്കിലും ചെങ്ങന്നൂരില്‍ പ്രചരണത്തിനെത്തിയത് അണികളെ ആവേശത്തിലാക്കിയിട്ടുണ്ട്. അതേസമയം ബിഡിജെഎസിന്റെ നിസഹകരണം തിരിച്ചടിയാകുമോ എന്ന ആശങ്കയും ബിജെപി നേതൃത്വത്തിനുണ്ട്.
https://www.facebook.com/Malayalivartha