കനത്ത മഴയിലും തളരാതെ ചെങ്ങന്നൂർ വോട്ടർമാർ; ഉപതെരഞ്ഞെടുപ്പ് പോളിങ് റെക്കോർഡിലേക്ക്; പ്രതീക്ഷയോടെ മുന്നണികൾ

കേരളത്തിലെ മൂന്ന് മുന്നണികള്‍ക്കും നിര്‍ണ്ണായകമായ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ 76.8 ശതമാനം പോളിങ്. നഗരസഭയിലും 10 പഞ്ചായത്തുകളിലും ശക്തമായ വോട്ടിങ് ആദ്യ ഘട്ടത്തില്‍ നടന്നു. എട്ട് മണി ആകുമ്പോഴേക്കും 7.8 ശതമാനം പേര്‍ വോട്ട് ചെയ്തു മടങ്ങി.
ഒന്‍പത് മണിയാകുമ്പോഴേക്കും 15.7 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. രാവിലെ മുതല്‍ തുടങ്ങിയ മഴ ഇടയ്ക്ക് പോളിങിനെയും ബാധിച്ചു. എങ്കിലും 11 മണി ആയപ്പോഴേക്കും 31.30 ശതമാനം പേര്‍ വോട്ട് ചെയ്തു കഴിഞ്ഞിരുന്നു. നിര്‍ത്താതെ പെയ്യുന്ന മഴയില്‍ രാഷ്ട്രീയ നേതൃത്വത്തിനും ആശങ്കയുണ്ട്.
യു.ഡി.എഫ് സ്ഥാനാര്‍ഥി ഡി.വിജയകുമാറും എല്‍.ഡി.എഫിലെ സജി ചെറിയാനും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. 101 ശതമാനം വിജയ പ്രതീക്ഷയെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി ഡി. വിജയകുമാര്‍ പറഞ്ഞു. മികച്ച ഭൂരിപക്ഷത്തില്‍ മണ്ഡലം നിലനിര്‍ത്തുമെന്ന് സജി ചെറിയാനും വ്യക്തനാക്കി.
ബി.ജെ.പി സ്ഥാനാര്‍ഥി പി.എസ് ശ്രീധരന്‍പിള്ളയും വിജയപ്രതീക്ഷ പങ്കുവെച്ചു. എല്‍.ഡി.എഫ് എം.എല്‍.എ കെ.കെ രാമചന്ദ്രന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. മണ്ഡലത്തിലെ ആകെയുള്ള 1,99,340 വോട്ടര്‍മാരില്‍ 92,919 പുരുഷന്മാരും 1,06,421 സ്ത്രീകളുമാണ്.
രണ്ടു തവണ മണ്ഡലത്തെ പ്രതിനിധീകരിച്ച യു.ഡി.എഫിന്റെ പി.സി. വിഷ്ണുനാഥിനെ തോല്പിച്ചാണ് 2016 ല്‍ കെ.കെ. രാമചന്ദ്രന്‍ നായര്‍ ചെങ്ങന്നൂര്‍ ഇടതുവഴിക്കാക്കിയത്. അന്ന് ശക്തമായ ത്രികോണ മല്‍സരത്തില്‍ എല്‍.ഡി.എഫ് 52,880 (36.38%) വോട്ടും യു.ഡി.എഫ് 44897 (30.89%) വോട്ടും എന്‍.ഡി.എ സ്ഥാനാര്‍ഥി പി.എസ്. ശ്രീധരന് പിള്ള 42682 (29.36%) വോട്ടും നേടിയിരുന്നു.
ഇക്കുറി തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് ഒരുമാസവും അതിനുമുൻപ് രണ്ട് മാസവുമായി പ്രചാരണത്തിന് കിട്ടിയെന്നതാണ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പ്രത്യേകത. ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഇടതു-വലതുമുന്നണികള്‍ക്കും കഴിഞ്ഞു. ഒറ്റപ്പെട്ട പരിഭവങ്ങള്‍ക്ക് അവധി കൊടുത്ത് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ മുഴുനീളം ഘടകകക്ഷികള്‍ അണിചേര്‍ന്നു. അതിനാല്‍ കാലുവാരലും പാലം വലിക്കലും നടത്താനുള്ള സാധ്യത വിരളമാണ്.
യു.ഡി.എഫില്‍ കെ.എം. മാണിയുടെ മടങ്ങിവരവ് ആവേശം ജനിപ്പിച്ചിട്ടുണ്ട്. എല്‍.ഡി.എഫിന് തിരിച്ച് എം.പി. വീരേന്ദ്രകുമാറിെന്റ നിലപാട് തത്തുല്യമായ ആശ്വാസ ഘടകമാണ്. ഇവിടെ എന്‍.ഡി.എക്കാണ് വലിയ നഷ്ടം സംഭവിച്ചത്. കഴിഞ്ഞതവണ ലഭിച്ച വന്‍ സ്വീകാര്യതക്ക് വഴിയൊരുക്കിയ പ്രധാന ഘടകകക്ഷിയുടെ നിഷേധ നിലപാട് തിരിച്ചടി നല്‍കുമെന്ന കാര്യം വ്യക്തമാണ്.
https://www.facebook.com/Malayalivartha