എല്ലാം ബഹ്റക്ക് നേരെ... എങ്കിലും തത്കാലം സേഫ്; സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബഹ്റയെ മാറ്റണമെന്ന് സി പി എമ്മിൽ ഏകാഭിപ്രായം

സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബഹ്റയെ മാറ്റണമെന്ന് സി പി എമ്മിൽ ഏകാഭിപ്രായം. എന്നാൽ പിണറായി വിജയനോട് എങ്ങനെ അവതരിപ്പിക്കുമെന്ന് അറിയാതെ കുഴയുകയാണ് സി പി എം നേതാക്കൾ. പിണറായി വിജയനാണ് കേരളത്തിന്റെ മുഖ്യമന്ത്രി. അദ്ദേഹത്തോട് ആർക്കും ഒന്നും സംസാരിക്കാനുള്ള ധൈര്യമില്ല. ബഹ്റയുടെ പോലീസ് ഭരണത്തിൽ ആർക്കും ഒരു തൃപ്തിയുമില്ല. സി പി എം നേതാക്കൾക്ക് പോലും സ്റ്റേഷനിൽ ചെന്ന് പ്രതികളെ ഇറക്കാൻ കഴിയുന്നില്ല.
സി പി എം നേതാക്കൾ സ്റ്റേഷനിലേക്ക് ഫോൺ ചെയ്താൽ എസ്ഐ മാർ പോസിറ്റീവായി പ്രതികരിക്കുന്നില്ലെന്ന് പരാതിയുണ്ട്. വരാപ്പുഴ സംഭവത്തിനു ശേഷം സ്റ്റേഷനിൽ വിളിക്കുന്ന സി പി എമ്മുകാരോട് പോലീസുകാർ മോശമായി പെരുമാറുന്നു എന്നും പരാതിയുണ്ട്. സി പി എമ്മുമാർ എന്തോ കുറ്റം ചെയ്തു എന്ന മട്ടിലാണത്രേ പോലീസുകാർ സംസാരിക്കുന്നത്. വരാപ്പുഴയിൽ സി പി എം നേതാവ് ഇടപെട്ടു എന്ന വാദം ശരിയല്ലെന്നും സി പി എം നേതാക്കൾ പറയുന്നു.
ഇക്കാര്യങ്ങളെ കുറിച്ച് മുഖ്യമന്ത്രിയോട് പരാതി പറഞ്ഞിട്ടും ഫലമില്ലത്രേ. പരാതി പറഞ്ഞാലും പോലീസ് വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടില്ല. പാർട്ടി സംസ്ഥാന സെക്രട്ടറിയോട് ഇത്തരം കാര്യങ്ങളിൽ അഭിപ്രായം പറയേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. പോലീസ് അവരുടെ ജോലിയാണ് ചെയ്യുന്നതെന്ന് അദ്ദേഹം വിശ്വസിക്കുന്നു. അതിനിടയിൽ ഇടനില ആവശ്യമില്ലെന്നാണ് മുഖ്യമന്ത്രിയുടെ പക്ഷം. താൻ ഇത്തരം കാര്യങ്ങളിൽ ഇടപെടില്ലെന്നും മുഖ്യമന്ത്രി പറയുന്നു.
എന്നാൽ ഇത്തരം ചർച്ചകളിൽ നിറയുന്നത് ലോക് നാഥ് ബഹ്റയാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പോരായ്മ ഉണ്ടെന്ന് അഭിപ്രായം ഉയർന്നിട്ടുണ്ട്. ഏതായാലും ഇത്തരം അഭിപ്രായങ്ങൾ മുഖ്യമന്ത്രി മുഖവിലക്ക് എടുക്കുന്നില്ല. അദ്ദേഹത്തിന് ബഹ്റയിൽ പൂർണമായ വിശ്വാസമുണ്ട്. തനിക്കെതിരെ നീങ്ങുന്ന ശക്തികളാണ് ബഹ്റക്കെതിരെയും നീങ്ങുന്നതെന്ന് അദ്ദേഹം കരുതുന്നു. സംസ്ഥാനത്ത് നടക്കുന്ന എല്ലാ കസ്റ്റഡി മരണങ്ങൾക്കും ഉത്തരവാദി ബഹ്റയാണെന്ന് വിശ്വസിക്കാൻ മുഖ്യമന്ത്രി ഒരുക്കമല്ല.
ബഹ്റയെ മാറ്റിയാൽ പകരം വയ്ക്കാൻ ആളില്ല. ബാക്കിയുള്ള ഉദ്യോഗസ്ഥരെ മുഖ്യമന്ത്രിക്ക് വിശ്വാസമില്ല. ബഹ്റ തന്നെ ചതിക്കില്ലെന്ന് മുഖ്യമന്ത്രി കരുതുന്നു.
കോട്ടയം സംഭവം യാദൃഛികമാണെന്ന് മുഖ്യമന്ത്രി കരുതുന്നു. ഇത്തരമൊരു സംഭവം ഉണ്ടാകാൻ പാടില്ലായിരുന്നു എന്നും മുഖ്യമന്ത്രി കരുതുന്നു. ഇക്കാര്യത്തിൽ ജാഗ്രത കുറവ് ഉണ്ടായിട്ടുണ്ട്. കൃത്യമായി ഇടപെട്ടിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു. എന്നാൽ അതിലെങ്ങനെ ബഹ്റ കുറ്റക്കാരനാകും എന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്. അതു കൊണ്ടു തന്നെ ബഹ്റ സേഫാണ് തത്കാലം.
https://www.facebook.com/Malayalivartha