സീറ്റ് പുതുശേരിക്കോ? ; കേരള കോൺഗ്രസ് എം രാജ്യസഭാ സീറ്റിൽ ജോസഫ് എം പുതുശേരിയെ മത്സരിപ്പിക്കാൻ ഓർത്തഡോക്സ് വിഭാഗത്തിന്റെ സമ്മർദ്ദം

കേരള കോൺഗ്രസ് എം രാജ്യസഭാ സീറ്റിൽ മത്സരിക്കാൻ കെ എം മാണിയും ജോസ് കെ മാണിയും വിസമ്മതിച്ചതോടെ സീറ്റ് ജോസഫ് എം പുതുശേരിക്ക് ലഭിക്കുമോ? ഓർത്തഡോക്സ് വിഭാഗത്തിന്റെ സമ്മർദ്ദം ഇക്കാര്യത്തിലുണ്ടെന്ന് കേൾക്കുന്നു.
പി ജെ കുര്യനെ ഒഴിവാക്കിയാൽ പുതുശേരിക്ക് സീറ്റ് നൽകണമെന്ന് ഓർത്തഡോക്സ് വിഭാഗം അറിയിച്ചിട്ടുണ്ടെന്നാണ് വാർത്ത. സീറ്റ് ക്രൈസ്തവന് തന്നെ നൽകുമെന്ന് കഴിഞ്ഞ ദിവസം മലയാളി വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു.
കേരള കോൺഗ്രസ് എമ്മിന് സീറ്റ് നൽകിയതോടെ ഉമ്മൻ ചാണ്ടിക്കെതിരെ കേരളത്തിൽ പടയൊരുക്കം തുടങ്ങി. മാണിക്ക് സീറ്റ് നൽകിയത് ചാണ്ടിയുടെ തന്ത്രമാണെന്ന് ആദ്യം പറഞ്ഞത് പിജെ കുര്യനാണ്. തൊട്ടുപിന്നാലെ കോൺഗ്രസ് നേതാക്കളെല്ലാം ഉമ്മൻ ചാണ്ടിക്കെതിരെ രംഗത്തെത്തി. എന്നാൽ കോൺഗ്രസിൽ ഇത്തരം കലാപങ്ങൾക്ക് യാതൊരു സ്ഥാനവുമില്ല. അത് വിജയിക്കാനും പോകുന്നില്ല.
പണ്ട് പിജെ ജോസഫിനെ കെ എം മാണി യുഡിഎഫിലെത്തിച്ചപ്പോൾ ഇതുപോലെ കേരളം കത്തിയിരുന്നു. പി.ടി.തോമസിന്റ നേത്യത്വത്തിലാണ് അന്ന് കലാപം പൊട്ടി പുറപ്പെട്ടത്. എന്നാൽ ഒന്നും സംഭവിച്ചില്ല, പി ജെ വർധിച്ച ഭൂരിപക്ഷത്തിൽ തൊടുപുഴയിൽ നിന്നും ജയിച്ചു.
കെ.എം.മാണി രാജ്യസഭയിലേക്കില്ലെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. ജോസ് കെ.മാണിയെ രാജ്യസഭയിലേക്ക് അയക്കുന്നതിനോട് പാർട്ടിക്ക് താത്പര്യമില്ല. കോട്ടയത്ത് നിന്നും ഒന്നര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജോസ് കെ മാണി ജയിച്ചത്. അടുത്ത തെരഞ്ഞടുപ്പിൽ കോട്ടയത്ത് അദ്ദേഹം സ്ഥാനാർത്ഥിയാകും. മികച്ച ജനകീയ അടിത്തറയുള്ള നേതാവാണ് ജോസ് കെ മാണി.
പുതുശേരിയെയോ മറ്റാരെയെങ്കിലുമോ സ്ഥാനാർത്ഥിയാക്കിയാൽ അത് പാർട്ടിക്ക് നേട്ടമായി തീരുമെന്ന് കെ എം മാണി വിശ്വസിക്കുന്നു. പുതുശേരിക്ക് മതനിരപേക്ഷ കക്ഷികളുടെ പിന്തുണയുണ്ട്. എൻ എസ് എസിന്റെ പിന്തുണയും പുതുശേരിക്കുണ്ട്. പുതുശേരി തിരുവല്ലയിലാണ് മത്സരിക്കുന്നത്. എന്നാൽ മാത്യു ടി തോമസാണ് തിരുവല്ലയിലെ ജനപ്രതിനിധി. മാത്യു ടി യെ തോൽപ്പിക്കാൻ പറ്റിയ സാഹചര്യമല്ല തിരുവല്ലയിലുള്ളത്. അതു കൊണ്ടു കൂടിയാണ് പുതുശേരിയെ പരിഗണിക്കുന്നത്.
https://www.facebook.com/Malayalivartha























