യു.ഡി.എഫ് പ്രവേശനത്തിനുപിന്നാലെ കോട്ടയം ജില്ലാ പഞ്ചായത്തില്‍ ഭരണമാറ്റം; പ്രസിഡന്‍റ് സ്ഥാനം കേരളാ കോണ്‍ഗ്രസ് രാജിവെക്കും

യു.ഡി.എഫിന്‍റെ ഭാഗമായ സാഹചര്യത്തില്‍ എല്‍.ഡി.എഫ് പിന്തുണയില്‍ ലഭിച്ച കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം രാജിവെക്കാന്‍ കേരള കോണ്‍ഗ്രസ് എം തീരുമാനം. ഇതുപ്രകാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സഖറിയാസ് കുതിരവേലി പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണിക്ക് രാജി കത്ത് കൈമാറും. യു.ഡി.എഫ് ബന്ധം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി പ്രസിഡന്‍റ് സ്ഥാനം ഒഴിയാന്‍ മാണി നിര്‍ദേശം നല്‍കുകയായിരുന്നു.
സി.പി.എം പിന്തുണയോടെയാണ് ജില്ലാ പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ് നിലവില്‍ ഭരണം നടത്തിയിരുന്നത്. ഒന്നര വര്‍ഷം മുമ്ബ് യു.ഡി.എഫ് ബന്ധം അവസാനിച്ചതിനെ തുടര്‍ന്ന് എല്‍.ഡി.എഫ് പിന്തുണയോടെ കേരളാ കോണ്‍ഗ്രസ് ജില്ലാ പഞ്ചായത്ത് ഭരണം പിടിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് കേരള കോണ്‍ഗ്രസ് യു.ഡി.എഫിലേക്ക് മടങ്ങിവരാന്‍ തീരുമാനിച്ചത്.
2015ല്‍ യു.ഡി.എഫ് ധാരണ പ്രകാരം ജില്ലാ പഞ്ചായത്ത് ഭരണം കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസ് എമ്മും രണ്ടര വര്‍ഷം വീതം പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് പദവികള്‍ വീതം വെച്ചിരുന്നു. ഇതു പ്രകാരം കോണ്‍ഗ്രസ് അംഗവും ഡി.സി.സി പ്രസിഡന്‍റുമായ ജോഷി ഫിലിപ്പിനെ പ്രസിഡന്‍റായും കേരള കോണ്‍ഗ്രസ് എമ്മിലെ മേരി സെബാസ്റ്റ്യനെ വൈസ് പ്രസിഡന്‍റായും തെരഞ്ഞെടുത്തിരുന്നു.
തുടര്‍ന്നുള്ള രണ്ടര വര്‍ഷം കേരള കോണ്‍ഗ്രസിന് പ്രസിഡന്‍റ് സ്ഥാനവും കോണ്‍ഗ്രസിന് വൈസ് പ്രസിഡന്‍റ് സ്ഥാനവും ലഭിക്കുമെന്നായിരുന്നു ധാരണ. രണ്ടാം ഘട്ടത്തില്‍ കേരള കോണ്‍ഗ്രസിന് ലഭിക്കുന്ന പ്രസിഡന്‍റ് സ്ഥാനത്തില്‍ ആദ്യ ഒന്നേകാല്‍ വര്‍ഷം കുറവിലങ്ങാട് ഡിവിഷനിലെ സക്കറിയാസ് കുതിരവേലിയെയും തുടര്‍ന്ന് കാഞ്ഞിരപ്പള്ളി ഡിവിഷനിലെ സെബാസ്റ്റ്യന്‍ കുളത്തുങ്കലിനെയും പ്രസിഡന്‍റാക്കാനാണ് കേരള കോണ്‍ഗ്രസും തീരുമാനിച്ചിരുന്നത്.
നിലവില്‍ 22 അംഗ ജില്ലാ പഞ്ചായത്തില്‍ കോണ്‍ഗ്രസിന് എട്ടും കേരള കോണ്‍ഗ്രസ് എമ്മിന് ആറും ഉള്‍പ്പെടെ 14 അംഗങ്ങള്‍ യു.ഡി.എഫിനുണ്ട്. എല്‍.ഡി.എഫിന് സി.പി.എമ്മിലെ ആറും സി.പി.ഐ, കേരള കോണ്‍ഗ്രസ് സെക്കുലര്‍ എന്നിവരുടെ ഒന്നു വീതവും അംഗങ്ങളും ഉണ്ട്.
https://www.facebook.com/Malayalivartha























