രാജ്യസഭാ സീറ്റ് : കേരള കോണ്‍ഗ്രസ് പ്രഖ്യാപനം രാത്രി പാലായിൽ

രാജ്യസഭാ സീറ്റ് വിട്ടുകൊടുത്ത വിഷയത്തിൽ കോണ്‍ഗ്രസിൽ പൊട്ടിത്തെറി തുടരുന്പോൾ സീറ്റ് ലഭിച്ച കേരള കോണ്‍ഗ്രസിൽ ആരെ സ്ഥാനാർഥിയാക്കുമെന്ന ചർച്ച പുരോഗമിക്കുകയാണ്. മത്സരിക്കാൻ താത്പര്യമില്ലെന്ന് കെ.എം.മാണി രാവിലെ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ജോസ് കെ. മാണി മത്സരിക്കുന്നതിനോട് താത്പര്യമില്ലെന്നും മാണി വ്യക്തമാക്കിയിരുന്നു. മാണിയും ജോസ് കെ. മാണിയുടെ ഇല്ലെങ്കിൽ ആരെന്ന കാര്യമാണ് ഏവരും ഉറ്റുനോക്കുന്നത്.
കെട്ടിയിറക്കുന്ന സ്ഥാനാർഥിയെ വേണ്ടെന്ന അഭിപ്രായം പി.ജെ.ജോസഫ് വിഭാഗം ഉന്നയിച്ചു കഴിഞ്ഞു. മാണിക്ക് താത്പര്യമില്ലെങ്കിൽ പാർട്ടിക്ക് വേണ്ടി പണിയെടുക്കുന്ന ആർക്കെങ്കിലും സീറ്റ് നൽകണമെന്നാണ് മറ്റ് നേതാക്കളുടെയും അഭിപ്രായം. ജോസഫ് വിഭാഗത്തിലെ ആർക്കും സീറ്റ് ലഭിക്കിച്ചേക്കില്ല. അങ്ങനെ വന്നാൽ തോമസ് ഉണ്ണിയാടൻ, ജോസഫ് എം. പുതുശേരി, തോമസ് ചാഴികാടൻ തുടങ്ങിയ പേരുകൾ പരിഗണനയ്ക്ക് വന്നേക്കും.
വൈകിട്ട് എട്ടിനാണ് സ്ഥാനാർഥിയെ തീരുമാനിക്കാനുള്ള നിർണായക കേരള കോണ്‍ഗ്രസ് സ്റ്റിംയറിംഗ് കമ്മിറ്റി യോഗം. ഈ യോഗത്തിന് മുൻപ് തന്നെ മാണി പി.ജെ.ജോസഫും ജോസ് കെ. മാണിയുമായി കൂടിക്കാഴ്ച നടത്തിയേക്കും. സീറ്റിന്‍റെ പേരിൽ കോണ്‍ഗ്രസിൽ പൊട്ടിത്തെറിയുണ്ടായതിനാൽ അവർക്ക് കൂടി സ്വീകാര്യനായ സ്ഥാനാർഥിയെ നിശ്ചയിക്കുക എന്ന സമ്മർദ്ദവും മാണിക്ക് മേൽ വന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha























