കാവേരി ആശുപത്രിയില്‍ തീവ്രപരിചരണത്തില്‍ കഴിയുന്ന തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ അദ്ധ്യക്ഷനുമായ കരുണാനിധിയ്ക്കായി തമിഴകം പ്രാര്‍ത്ഥനയോടെ...

കാവേരി ആശുപത്രിയില്‍ തീവ്ര പരിചരണത്തില്‍ കഴിയുന്ന തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ അദ്ധ്യക്ഷനുമായ കരുണാനിധിയുടെ നില ഗുരുതരമായി തുടരവേ അദ്ദേഹത്തിനായി പ്രാര്‍ത്ഥനയോടെ തമിഴകം. ആശുപത്രി പരിസരത്തുമാത്രമല്ല നാടിന്റെ നാനാഭാഗങ്ങളിലും അണികളും ആരാധകരും കലൈഞ്ജരുടെ ജീവന്‍ നിലനിറുത്താനുള്ള പ്രാര്‍ത്ഥനയിലും മുദ്രാവാക്യം വിളിയിലുമാണ്. കരളിന്റെയും വൃക്കകളുടെയും പ്രവര്‍ത്തനം 80 ശതമാനവും നിലച്ചു. അണുബാധ നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടുമില്ല. കലൈഞ്ജരുടെ ജീവന്‍ നിലനിറുത്താനുള്ള തീവ്രപരിശ്രമത്തിലാണ് വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘം.
അതേസമയം, അണികളുടെ വികാരപ്രകടനങ്ങള്‍ അതിരുവിടാതെ കാക്കുകയെന്ന ദുഷ്‌കര ദൗത്യമാണ് പൊലീസിന് മുന്നിലുള്ളത്. അടിയന്തര സാഹചര്യം മുന്നില്‍ കണ്ട് ഇന്നലെ സംസ്ഥാന പൊലീസ് മേധാവി ടി.കെ. രാജേന്ദ്രന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തി. ഏതു നിമിഷവും പ്രവര്‍ത്തിക്കുന്ന വിധത്തില്‍ സേനയെ സജ്ജമാക്കി നിറുത്തണമെന്ന് എല്ലാ ജില്ലാ പൊലീസ് മേധവികളെയും ഡി.ജി.പി അറിയിച്ചു.പ്രധാന നഗരങ്ങളിലും റെയില്‍വേ, ബസ് സ്‌റ്റേഷനുകളിലും തമിഴ്‌നാട് സ്‌പെഷ്യല്‍ പൊലീസ് ബറ്റാലിയനെ 24 മണിക്കൂര്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്.
ഡി.ജി.പിയുടെ നിര്‍ദ്ദേശപ്രകാരം ചെന്നൈ സിറ്റി പൊലീസ് കമ്മിഷണര്‍ എ.കെ.വിശ്വനാഥന്‍ നഗരത്തിലെ പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുകൂട്ടി കാര്യങ്ങള്‍ വിശദീകരിച്ചു. നഗരത്തില്‍ അധികമായി രണ്ടായിരം പൊലീസുകാരെ കൂടി ഡ്യൂട്ടിക്ക് നിയോഗിച്ചു.ഇതിനു പുറമേ കരണുനിധി ചികിത്സയില്‍ കഴിയുന്ന ആശുപത്രിക്കു ചുറ്റിലും പരിസരത്തെ റോഡുകളിലുമായി ഒരു സംഘം കമാന്റോ ഫോഴ്‌സിനെയും റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിനെയും നിയോഗിച്ചിട്ടുണ്ട്.
കലൈഞ്ജരുടെ ജീവന് എന്തെങ്കിലും സംഭവിച്ചാല്‍ അണികള്‍ അക്രമം അഴിച്ചുവിടാന്‍ സാദ്ധ്യതയുണ്ട്. കരുണാനിധിയെ ആശുപത്രിയിലേക്ക് മാറ്റിയ ശനിയാഴ്ച ചെറിയ തോതില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. രാജാജി ഹാളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വേണ്ട സജീകരണങ്ങള്‍ നടത്തി. ഇവിടേക്കുള്ള റോഡില്‍ ഉള്‍പ്പെടെ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. ഹാളിന്റെ പരിസരത്തേക്ക് വാഹനങ്ങള്‍ കടത്തിവിടുന്നതിന് നിയന്ത്രണമുണ്ട്.
ചരിത്രമുറങ്ങുന്ന രാജാജി ഹാളിന്റെ പടിക്കെട്ടുകളുടെ മുകളിലാണു ദ്രാവിഡ പ്രസ്ഥാന നായകരുടെയെല്ലാം ഭൗതിക ദേഹം പൊതുദര്‍ശനത്തിനു വച്ചത്. ഇ.വി.രാമസ്വാമി പെരിയാറിനും അണ്ണാദുരൈയ്ക്കും എം.ജി. ആറിനും ജയലളിതയ്ക്കും തമിഴകം അന്ത്യാഞ്ജലി അര്‍പ്പിച്ചത് ഇവിടെയാണ്.
https://www.facebook.com/Malayalivartha


























