അയോദ്ധ്യക്കേസ്; സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ച് പുനഃസംഘടിപ്പിച്ചു; കേസ് ജനുവരി 29ന് കോടതി പരിഗണിക്കും

അയോദ്ധ്യക്കേസ് പരിഗണിക്കുന്ന സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ച് പുനഃസംഘടിപ്പിച്ചു. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ഭരണണഘടനാ ബെഞ്ച് പുന:സംഘടിപ്പിച്ചത്. കേസ് ജനുവരി 29ന് കോടതി പരിഗണിക്കും.
ദീപക് മിശ്ര ചീഫ് ജസ്റ്റിസായിരുന്നപ്പോള്‍ അയോദ്ധ്യ ബെഞ്ചില്‍ അംഗങ്ങളായിരുന്നവരാണ് ഇരുവരും. ചിഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചില്‍ ജസ്റ്റിസ് എസ്.എ. ബൊബ്ദെയും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡുമാണ് മറ്റു രണ്ട് അംഗങ്ങള്‍.
കേസ് ജനുവരി 10-ന് പരിഗണിച്ചപ്പോള്‍ ബെഞ്ചിലെ അംഗമായിരുന്ന ജസ്റ്റിസ് യു.യു. ലളിത് പിന്‍മാറിയിരുന്നു. യു. യു ലളിത് അലഹബാദ് ഹൈക്കോടതിയില്‍ അഭിഭാഷകനായിരുന്നപ്പോള്‍ അയോദ്ധ്യ തര്‍ക്ക കേസില്‍ മുന്‍ യു.പി. മുഖ്യമന്ത്രി കല്യാണ്‍ സിംഗിന് വേണ്ടി ഹാജരായിരുന്നു. ഇക്കാര്യം മുസ്ലിം സംഘടനകള്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഇതേ തുടര്‍ന്നാണ് യു.യു. ലളിത് പിന്‍മാറിയത്. ലളിതിനൊപ്പം നേരത്തെ അംഗമായിരുന്ന ജസ്റ്റിസ് എന്‍.വി.. രമണയേയും മാറ്റിയിട്ടുണ്ട്.
https://www.facebook.com/Malayalivartha






















