വീരമൃത്യു വരിച്ച മകന്റെ ശവസംസ്‌കാരത്തില്‍ അമ്മയുടെ ഉറപ്പ്; ഇളയ മകനെയും സൈന്യത്തില്‍ ചേര്‍ക്കുന്നു

മൂത്ത മകനെ നഷ്ടപ്പെട്ട അമ്മയുടെ നിസ്സാഹയതല്ല, രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച മകനെയോര്‍ത്തുള്ള അഭിമാനമാണ് ചിക്കൊലമ്മയ്ക്ക്. ചുറ്റും നില്‍ക്കുന്നവര്‍ പൊട്ടിക്കരയുമ്പോഴും ഈ അമ്മ ഉറച്ച ശബ്ദത്തില്‍ പറയുന്നു എനിക്കൊരു മകന്‍ കൂടിയുണ്ട് ദയവുചെയ്ത് അവനെയും കൂടി സൈന്യത്തിലെടുക്കണം. ഭീകരവാദികള്‍ 40 പേരുടെ ജീവനെടുത്തിട്ടും തളരാത്ത ഇന്ത്യന്‍ ജനതയുടെ പ്രതീകമാവുകയാണ് ചിക്കൊലമ്മ. മൂത്ത മകനെ നഷ്ടപ്പെട്ടിട്ടും ഭീകരവാദത്തിനെതിരെ പോരാടാന്‍ രണ്ടാമത്തെ മകനെയും ഞാന്‍ രാജ്യത്തിനായി സമര്‍പ്പിക്കുന്നെന്ന് ചിക്കൊലമ്മ മറുചിന്തകളില്ലാതെ പറയുന്നു. കേന്ദ്രസര്‍ക്കാരിനോട് എനിക്കുള്ള അപേക്ഷ ഇതുമാത്രമാണ്. രാജ്യത്തിനുവേണ്ടി രണ്ടാമത്തെ മകനെയും ഞാനിതാ സമര്‍പ്പിക്കുന്നു.
പുല്‍വാമ ഭീകരാക്രമണത്തില്‍ മൂത്തമകനെ നഷ്ടപ്പെട്ട അമ്മയാണ് ചിക്കൊലമ്മ. കര്‍ണാകടയില്‍ മണ്ഡ്യയ്ക്കടുത്ത് മെല്ലഹള്ളി സ്വദേശി. എച്ച് ഗുരു എന്നായിരുന്നു ചിക്കൊലമ്മയുടെയും ഹൊന്നയ്യയുടെയും മകന്റെ പേര്. പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരില്‍ ഒരാളാണ് ഗുരു. ജന്മനാട്ടില്‍ നിന്ന് ഒരുകീലോമീറ്റര്‍ അകലെ ഒരിടത്താണ് ഗുരുവിന് അന്ത്യവിശ്രമം ഒരുക്കിയിരുന്നത്. മൃതദേഹം എത്താന്‍ വൈകിയതതിനെത്തുടര്‍ന്ന് ശനിയാഴ്ച ഗുരുവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരമുണ്ടായിരുന്നില്ല.
പിറ്റേന്നു രാവിലെ മുതല്‍ സമീപഗ്രാമങ്ങളില്‍നിന്ന് നൂറുകണക്കിനുപേരാണ് ഗുരുവിന് ആദരാഞ്ജലി അര്‍പ്പിക്കാനായി എത്തിക്കൊണ്ടിരിക്കുന്നത്. സമാധിസ്ഥലത്തെത്തുന്നവര്‍ പ്രാര്‍ഥിക്കുന്നതിനുപുറമെ ചിതാഭസ്മവും ശേഖരിക്കുന്നുണ്ട്. കാവേരിയില്‍ നിമജ്ജനം ചെയ്യാനാണ് ചിതാഭസ്മം കൊണ്ടുപോകുന്നത്. നാടിന്റെ നനവ് നിലനിര്‍ത്തുന്ന കാവേരിയിലൂടെ ഗുരുവിന്റെ ഓര്‍മകളെ ജീവിതത്തിലേക്ക് ആവാഹിക്കുകയാണ് നിഷ്‌കളങ്കരായ ഗ്രാമീണര്‍. കര്‍ണാടകയുടെ വിവിധയിടങ്ങങ്ങളില്‍ നടന്നുകൊണ്ടിരുന്ന ഷൂട്ടിങ് നിര്‍ത്തിവച്ച് സിനിമാതാരങ്ങളും കഴിഞ്ഞദിവസം ഗുരുവിന്റെ സമാധി സ്ഥലത്തെത്തി സാധാരണക്കാര്‍ക്കൊപ്പം പ്രാര്‍ഥനകളില്‍ പങ്കെടുത്തു.
രാജ്യത്തിനുവേണ്ടി ജീവന്‍ ത്യജിച്ച മകനെയോര്‍ത്ത് എനിക്ക് അഭിമാനം മാത്രമേയുള്ളൂ...മാധ്യമപ്രവര്‍ത്തകരോട് ഗുരുവിന്റെ അമ്മ ചിക്കൊലമ്മ പറഞ്ഞു. ഇപ്പോള്‍ ഹോം ഗാര്‍ഡായി ജോലി ചെയ്യുന്ന രണ്ടാമത്തെ മകന്‍ ആനന്ദിനെയും ഉടനെ സൈന്യത്തില്‍ ചേര്‍ക്കാന്‍ ഞാന്‍ തയാറാണ്..ഇടറാത്ത വാക്കുകളില്‍ ആ അമ്മ പറയുന്നു. സിആര്‍പിഎഫില്‍ ചേര്‍ന്ന കാര്യം ഗുരു തുടക്കത്തില്‍ കുടുംബത്തില്‍ അറിയിച്ചിരുന്നില്ലെന്നു പറയുന്നു ചിക്കൊലമ്മ. പൊലീസില്‍ ചേരുന്നു എന്നാണ് ആദ്യം പറഞ്ഞിരുന്നത്. മാസങ്ങള്‍ പലതു കഴിഞ്ഞതിനുശേഷം മാത്രമാണ് മകന്‍ അതിര്‍ത്തി രക്ഷാ സേനയിലാണ് ചേര്‍ന്നതെന്ന് കുടുംബം അറിയുന്നത്.
അതിനിടെ, ഗുരുവിന്റെ കുടുംബത്തിന് അരയേക്കര്‍ ഭൂമി ദാനം ചെയ്യുകയാണെന്ന് അടുത്തിടെ അന്തരിച്ച നടനും രാഷ്ട്രീയക്കാരനുമായ അംബരീഷിന്റെ ഭാര്യയും നടിയുമായ സുമലത അറിയിച്ചു.മണ്ഡ്യയില്‍നിന്നാണ് അംബരീഷ് ജനപ്രതിനിധിയാകുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിലാണ് ഗുരു ജനിച്ചത്. കുടുംബത്തിന് ഒരു അലക്കുകടയാണ് ഉണ്ടായിരുന്നത്. സ്വന്തമായി അവര്‍ക്കു ഭൂമിയുമില്ല. ഗുരുവിന്റെ സംസ്‌കാരം നടത്താനും കുടുംബത്തിനു സ്വന്തമായി ഭൂമി ഉണ്ടായിരുന്നില്ല. ഇതറിഞ്ഞപ്പോഴാണ് രാജ്യത്തിനുവേണ്ടി ജീവന്‍ സമര്‍പ്പിച്ച സൈനികന്റെ കുടുംബത്തിന് ഭൂമി നല്‍കാന്‍ തയാറായതെന്ന് സുമലത അറിയിച്ചത്.
മകന്‍ അഭിഷേകിനൊപ്പം ഇപ്പോള്‍ മലേഷ്യയിലാണ് സുമലത. അവിടെനിന്ന് ഒരു വിഡിയോസന്ദേശത്തിലൂടെയാണ് തീരുമാനം അവര്‍ അറിയിച്ചതും. കര്‍ണാടകയുടെ മകള്‍ എന്ന നിലയിലും മാണ്ഡ്യയുടെ മരുമകള്‍ എന്ന നിലയിലുമാണ് താന്‍ ഭൂമി ദാനം ചെയ്യുന്നതെന്നും സുമതല അറിയിച്ചു. ജലസേചന സൗകര്യമുള്ള ഭൂമിയാണ് സുമലത ഗുരുവിന്റെ കുടുംബത്തിനായി വാഗ്ദാനം ചെയ്തിരിക്കുന്നത്. സന്നദ്ധപ്രവര്‍ത്തകരും സിനിമാ പ്രവര്‍ത്തകരും രാഷ്ട്രീയക്കാരുമൊക്കെ മെല്ലഹള്ളിയിലെത്തി ചിക്കൊലമ്മയെക്കണ്ട് സാമ്പത്തിക സഹായവും നല്‍കുന്നുണ്ട്. മകനുവേണ്ടി പ്രാര്‍ഥിക്കാന്‍ വരുന്നവര്‍ക്കുമുന്നില്‍ ദുഃഖത്താല്‍ തകര്‍ന്നല്ല ചിക്കൊലമ്മ നില്‍ക്കുന്നത്, രാജ്യത്തിനുവേണ്ടി തുടിക്കുന്ന നെഞ്ചും ദേശാഭിമാനത്തില്‍ പ്രകാശം പരത്തുന്ന കണ്ണുകളുമായി.
https://www.facebook.com/Malayalivartha