തെറ്റായി പ്രതിചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് പത്തുവര്‍ഷം മുമ്പ് വധശിക്ഷയ്ക്കു വിധിച്ച ആറുപേരെ മോചിപ്പിച്ചു

പത്തുവര്‍ഷം മുമ്പ് വധശിക്ഷയ്ക്കു വിധിച്ച ആറു പേരെ സുപ്രീംകോടതി വെറുതേവിട്ടു. 16 വര്‍ഷം മുമ്പ് നടന്ന സംഭവത്തില്‍ പുനരന്വേഷണം നടത്താന്‍ വിധിച്ച സുപ്രീംകോടതി, ആറുപ്രതികള്‍ക്കും അഞ്ചുലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാനും മഹാരാഷ്ട്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ജസ്റ്റിസ് എ.കെ. സിക്രി അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് സുപ്രധാന വിധി. അഞ്ചുകൊലപാതകവും രണ്ടു ബലാത്സംഗവും നടത്തിയ കേസിലാണ് പ്രതികളായി കരുതിയിരുന്നവരെ വെറുതേവിട്ടത്. ബലാത്സംഗത്തിന് ഇരയായ 15 വയസ്സുള്ള പെണ്‍കുട്ടിയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
ബലാത്സംഗത്തിനിരയായ സ്ത്രീ മജിസ്‌ട്രേറ്റിനു മുമ്പാകെ നല്‍കിയ മൊഴിയാണ് നിര്‍ണായകമായത്.ഒരു ഫോട്ടോയില്‍ നിന്ന് നാലു പ്രതികളെ സ്ത്രീ തിരിച്ചറിഞ്ഞെങ്കിലും അവരാരും ഈ കേസില്‍ വിചാരണ നേരിട്ടവരായിരുന്നില്ല. അതോടെ കേസില്‍ തെറ്റായി പ്രതിചേര്‍ക്കപ്പെട്ടത് നാടോടികളായിരുന്നുവെന്നും കോടതിയ്ക്ക് ബോധ്യമായി. അതിനാല്‍ ഇതില്‍ തുടരന്വേഷണം വേണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.
പ്രതികളായി ചേര്‍ക്കപ്പെട്ട ആറു പേരില്‍ അഞ്ചു പേരും 16 വര്‍ഷമായി ജയിലില്‍ കിടക്കുകയാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. പ്രതികളില്‍ ഒരാളെ, പ്രായപൂര്‍ത്തിയായിട്ടില്ലെന്നു തിരിച്ചറിഞ്ഞ് പിന്നീട് ജയിലില്‍ നിന്നു മാറ്റിയിരുന്നു. തൂക്കുകയര്‍ മുന്നില്‍ക്കണ്ട് വര്‍ഷങ്ങളോളം ജയിലില്‍ കിടന്ന യുവാക്കളായ പ്രതികള്‍ക്ക് അവരുടെ വിലപ്പെട്ട വര്‍ഷങ്ങള്‍ നഷ്ടമായെന്നും വിധിയില്‍ ചൂണ്ടിക്കാട്ടി.
അങ്കുഷ് മാരുതി ഷിന്‍ഡെ, രാജ്യ അപ്പ ഷിന്‍ഡെ, അംബാദാസ് ലക്ഷ്മണ്‍ ഷിന്‍ഡെ, രാജു ഷിന്‍ഡെ, ബാപു അപ്പ ഷിന്‍ഡെ, സൂര്യ എന്നിവരായിരുന്നു പ്രതികളായി പേര് ചേര്‍ക്കപ്പെട്ടിരുന്നത്.
ആറു പ്രതികളെയും വിചാരണക്കോടതി വധശിക്ഷയ്ക്കു വിധിച്ചിരുന്നു. മൂന്നുപേരുടെ ശിക്ഷ ബോംബെ ഹൈക്കോടതി ജീവപര്യന്തമാക്കി.എന്നാല്‍, 2009-ല്‍ ജസ്റ്റിസ് അരിജിത് പസായത് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ആറുപേരെയും വധശിക്ഷയ്ക്കു വിധിച്ചു. അതായത്, ഹൈക്കോടതി വധശിക്ഷ ശരിവെച്ച മൂന്നുപേരുടെ അപേക്ഷ തള്ളുകയും മറ്റ് മൂന്നുപേര്‍ക്കു കൂടി വധശിക്ഷ വിധിക്കണമെന്ന സംസ്ഥാനസര്‍ക്കാരിന്റെ ഹര്‍ജി അംഗീകരിക്കുകയും ചെയ്തു.
വധശിക്ഷ ശരിവെച്ചതിനെതിരേ മൂന്നു പ്രതികള്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജിയും 2010-ല്‍ സുപ്രീംകോടതി തള്ളി. അതേസമയം, മറ്റ് മൂന്ന് പ്രതികള്‍ 2014-ല്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി ജസ്റ്റിസ് എ.കെ. പട് നായിക് അധ്യക്ഷനായ ബെഞ്ച് സ്വീകരിച്ചു. 2016-ല്‍, നേരത്തെ പുനഃപരിശോധനാ ഹര്‍ജി തള്ളപ്പെട്ട മൂന്നു പ്രതികളും സുപ്രീംകോടതിയെ വീണ്ടും സമീപിച്ചു. തുടര്‍ന്ന് 2018 ഒക്ടോബറില്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് 2009-ലെ വിധി പിന്‍വലിച്ചുകൊണ്ട് പ്രതികളുടെ അപ്പീലുകള്‍ പുനഃസ്ഥാപിച്ചത്. ഈ അപ്പീലുകളിന്മേലാണ് ജസ്റ്റിസ് സിക്രിയുടെ ബെഞ്ച് വിധിപറഞ്ഞത്.
https://www.facebook.com/Malayalivartha





















