കോണ്‍ഗ്രസിന്റെ ആ സ്വപ്നവും പൊളിഞ്ഞു ; കോണ്‍ഗ്രസിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ അവസാനിപ്പിച്ച് മേനകാഗാന്ധിയും മകന്‍ വരുണ്‍ഗാന്ധിയും ബിജെപിയുടെ സ്ഥാനാര്‍ത്ഥികളായി തന്നെ മത്സരിക്കും

കോണ്‍ഗ്രസിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ അവസാനിപ്പിച്ച് മേനകാഗാന്ധിയും മകന്‍ വരുണ്‍ഗാന്ധിയും ബിജെപിയുടെ സ്ഥാനാര്‍ത്ഥികളായി തന്നെ മത്സരിക്കും. ആകെയുള്ള വ്യത്യാസം ഇരുവരും മണ്ഡലം പരസ്പരം മാറുന്നു എന്നത് മാത്രം. 30 വര്‍ഷമായി പ്രതിനിധാനം ചെയ്യുന്ന പിലീഭിത്ത് മേനക മകന് കൈമാറി പകരം വരുണ്‍ ഗാന്ധി മത്സരിക്കുന്ന സുല്‍ത്താന്‍പൂരില്‍ ജനവിധി തേടും. ഇത്തവണ വരുണിന് ബിജെപി സീറ്റ് നല്‍കിയേക്കില്ലെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.
സീറ്റ് നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടായാല്‍ ബന്ധുക്കളും സ്വന്തക്കാരുമെല്ലാം നില്‍ക്കുന്ന കോണ്‍ഗ്രസിലേക്ക് യുവനേതാവ് കളം മാറ്റിയേക്കും എന്ന രീതിയിലായിരുന്നു വാര്‍ത്ത. വിരുദ്ധ രാഷ്ട്രീയ ചേരികളിലാണെങ്കിലും സഹോദരി പ്രിയങ്കാഗാന്ധിയുമായി വരുണ്‍ഗാന്ധി നിലനിര്‍ത്തുന്ന ബന്ധമായിരുന്നു കാരണം. ഇന്നലെ പ്രഖ്യാപിച്ച 43 പേരുടെ പട്ടികയിലാണ് ഇരുവരും ഉള്‍പ്പെട്ടത്. യുപിയില്‍ മത്സരിക്കാന്‍ പോകുന്ന 30 പേരിലാണ് ഇരുവരുമുള്ളത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി ബിജെപിയുടെ പൊതുവേദികളില്‍ ഇല്ലാതിരുന്നത് വരുണ്‍ മറുകണ്ടം ചാടിയേക്കുമെന്ന അഭ്യുഹങ്ങള്‍ക്ക് കരുത്ത കൂട്ടുകയും ചെയ്തിരുന്നു. ഇന്നലെ പുറത്തു വിട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്നും ബിജെപിയില്‍ എത്തിയ ജയപ്രദയ്ക്കും നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത ബിജെപിയില്‍ എത്തിയ റീത്താ ബഹുഗുണ ജോഷിക്കും സീറ്റ് നല്‍കി. റീത്ത അലഹബാദില്‍ നിന്നും മത്സരിക്കുമ്പോള്‍ ജയപ്രദ സ്വന്തം മണ്ഡലമായ രാംപൂരില്‍ പഴയപാര്‍ട്ടിയിലെ സുഹൃത്ത് അസംഖാനെയാണ് ഇവിടെ എതിരിടുക.
2004 തെരഞ്ഞെടുപ്പില്‍ തെലുഗു ദേശം പാര്‍ട്ടിയിലെ അംഗമായിരുന്ന ജയപ്രദ പിന്നീട് സമാജ്‌വാദി പാര്‍ട്ടിയില്‍ ചേരുകയായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാംപൂരില്‍ സിറ്റിംഗ് എംപിയായിരുന്ന ബീഗം നൂര്‍ ബാനുവിനെ നേരിടാന്‍ എസ്പി ഇറക്കിയത് ജയപ്രദയെയായിരുന്നു. അവര്‍ സുന്ദരമായി ജയിച്ചു കയറുകയും ചെയ്തു. അടുത്ത അഞ്ചു വര്‍ഷത്തിന് ശേഷം ബിജെപി സ്ഥാനാര്‍ത്ഥിയായി വരുമ്പോള്‍ സമാജ് വാദി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെയാണ് അവര്‍ക്ക് നേരിടേണ്ടി വരുന്നത്.
പ്രായത്തിന്റെ പേരില്‍ മുതിര്‍ന്ന നേതാവ് മുരളീമനോഹര്‍ ജോഷിയെ മാറ്റി നിര്‍ത്തിയ ബിജെപി യുപി ക്യാബിനറ്റിലെ മന്ത്രിയും 70 കഴിഞ്ഞയാളുമായ സത്യദേവ് പച്ചൗരിയെ മത്സരിപ്പിക്കാന്‍ ഇറക്കുന്നുണ്ട്. ഇന്നലെ ബിജെപി പുറത്തുവിട്ട പട്ടികയില്‍ കര്‍ണാടകയിലെ ബാംഗഌര്‍ സൗത്തില്‍ ഇറക്കുന്ന 28 കാരന്‍ തേജസ്വിനി സൂര്യയാണ് സ്ഥാനാര്‍ത്ഥികളിലെ പയ്യന്‍. കര്‍ണാടക ബിജെപി യുവമോര്‍ച്ച ജനറല്‍ സെക്രട്ടറിയാണ്. യുപിയിലെ 62 സീറ്റുകള്‍ ഉള്‍പ്പെടെ 349 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് ബിജെപി ഇതുവരെ പുറത്തുവിട്ടത്. യുപിയില്‍ 14 സിറ്റിംഗ് എംപി മാരെയാണ് ബിജെപി തഴഞ്ഞത്. മുരളീ മനോഹര്‍ ജോഷിക്ക് പുറമേ 80 വയസ്സ് പിന്നിട്ട ബിസി ഖണ്ഡൂരി, കെയ്‌റാ മുണ്ട, കല്‍രാജ് മിശ്ര, ബിജോയ ചക്രബര്‍ത്തി എന്നിവരെയെല്ലാം ബിജെപി ഇത്തവണ സീറ്റു നല്‍കുന്നതില്‍ നിന്നും തള്ളി.
https://www.facebook.com/Malayalivartha





















