വേണ്ടത്ര തൊഴിലവസരങ്ങൾ ഒരുക്കാതിരുന്നിട്ടും ഇന്ത്യൻ സമ്പദ്ഘടന ഏഴു ശതമാനം നിരക്കിൽ വളരുന്നത് എങ്ങനെ ?...സാമ്പത്തിക വളർച്ചനിരക്കിൽ സംശയം പ്രകടിപ്പിച്ച് മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ

വേണ്ടത്ര തൊഴിലവസരങ്ങൾ ഒരുക്കാതിരുന്നിട്ടും ഇന്ത്യൻ സമ്പദ്ഘടന ഏഴു ശതമാനം നിരക്കിൽ വളരുന്നതിൽ റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ സംശയം പ്രകടിപ്പിച്ചു. സാമ്പത്തിക വളർച്ചനിരക്കിലെ സംശയങ്ങൾ നീക്കാൻ നിഷ്പക്ഷമായ ഒരു സമിതിയെ നിയമിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഇപ്പോഴുള്ള കണക്കെടുക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമല്ലെന്നും ശരിക്കുള്ള വളർച്ചനിരക്ക് ലഭ്യമാക്കാനായി കണക്കുകൂട്ടലിൽ പുനഃക്രമീകരണം ആവശ്യമാണെന്നും അന്താരാഷ്ട്ര നാണയ നിധിയുടെ ചീഫ് ഇക്കണോമിസ്റ്റ് കൂടിയായിരുന്ന അദ്ദേഹം പറഞ്ഞു.
തൊഴിലവസരങ്ങൾ ഇല്ലാതിരിക്കുകയും ഏഴു ശതമാനം നിരക്കിൽ വളരുകയും ചെയ്യുന്നത് എങ്ങനെയാണെന്ന് നരേന്ദ്ര മോദി സർക്കാരിലെ ഒരു മന്ത്രി തന്നെ പറഞ്ഞതായി അറിയാം. ഏതായാലും ഏഴു ശതമാനം നിരക്കിൽ വളരുന്നില്ലെന്ന് ഉറപ്പാണ് - ഒരു സ്വകാര്യ ചാനലിനോട് അദ്ദേഹം വ്യക്തമാക്കി. എന്നാൽ, മന്ത്രിയുടെ പേര് വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല.
കൂടുതൽ തൊഴിലസരവങ്ങൾ സൃഷ്ടിക്കുന്ന വിശാലമായ അർത്ഥത്തിലുള്ള വളർച്ച ആവശ്യമാണെന്ന് 2013 സെപ്റ്റംബർ മുതൽ മൂന്നൂ വർഷക്കാലം ആർ.ബി.ഐ. ഗവർണറായിരുന്ന അദ്ദേഹം പറഞ്ഞു.
യു.പി.എ. സർക്കാരിന്റെ കാലത്തെ ജി.ഡി.പി. വളർച്ചനിരക്കുകൾ കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് 2018 നവംബറിൽ പുനഃക്രമീകരിച്ചിരുന്നു. ഇതോടെ, യു.പി.എ. കാലത്തെ വളർച്ച എൻ.ഡി.എ. കാലത്തെ ശരാശരി വളർച്ചയെ അപേക്ഷിച്ച് കുറഞ്ഞു. എന്നാൽ, ഇപ്പോഴത്തെ നിരക്കിനെക്കുറിച്ച് പല കോണുകളിൽ നിന്ന് സംശയങ്ങൾ ഉണർന്നിരിക്കുകയാണ്.
https://www.facebook.com/Malayalivartha