റെയില്‍വേയ്ക്കും വ്യോമയാന മന്ത്രാലയത്തിനും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

തെരഞ്ഞെടുപ്പ് കമ്മീഷന്‍ റെയില്‍വേയ്ക്കും വ്യോമയാന മന്ത്രാലയത്തിനും നോട്ടീസ് അയച്ചു. പെരുമാറ്റച്ചട്ടം നിലവില്‍ വന്നിട്ടും, റെയില്‍ ടിക്കറ്റുകളില്‍ നിന്നും എയര്‍ ഇന്ത്യയുടെ ബോര്‍ഡിങ് പാസുകളില്‍ നിന്നും പ്രധാനമന്ത്രിയുടെ ചിത്രങ്ങള്‍ നീക്കം ചെയ്യാത്തതിനെതിരെയാണ് നടപടി. ചിത്രങ്ങള്‍ എടുത്ത് മാറ്റാത്തത് എന്തുകൊണ്ടെന്ന് മൂന്ന് ദിവസത്തിനുള്ളില്‍ അറിയിക്കണമെന്ന് കാണിച്ചാണ് നോട്ടീസ് നല്‍യിട്ടുള്ളത്.
ട്രെയിന്‍ ടിക്കറ്റില്‍, പെരുമാറ്റച്ചട്ടം ലംഘിച്ച് മോദിയുടെ ചിത്രം പതിപ്പിച്ചതിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. കേന്ദ്ര സര്‍ക്കാരിന്റെയും ബിജെപിയുടെയും നടപടി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്ന് തൃണമൂല്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
കേന്ദ്ര ഭവന, നഗര ദാരിദ്ര നിര്‍മ്മാര്‍ജ്ജന മന്ത്രാലയത്തിന്റെ പരസ്യമാണ് ട്രെയിന്‍ ടിക്കറ്റിലുള്ളതെന്നും ഇതിലാണ് പ്രധാനമന്ത്രിയുടെ ചിത്രവും ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും തൃണമൂല്‍ കോണ്‍ഗ്രസിന്റെ പരാതിയില്‍ പറയുന്നു. മോദിയുടെ ചിത്രങ്ങള്‍ പതിപ്പിച്ച ടിക്കറ്റുകള്‍ അച്ചടിക്കുന്നതും വിതരണം ചെയ്യുന്നതും നിര്‍ത്തലാക്കണമെന്നും പരാതിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിന് ശേഷം 63,449 ഹോര്‍ഡിങ്, ബാനര്‍, പോസ്റ്റര്‍ എന്നിവ ദില്ലിയില്‍ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ നീക്കം ചെയ്തിരുന്നു. നരേന്ദ്രമോദിയുടെ ചിത്രമുള്ള ഹോര്‍ഡിങുകള്‍ പെട്രോള്‍ പമ്പുകളില്‍ നിന്നും വിമാനത്താവളത്തില്‍ നിന്നുമടക്കം എടുത്ത് മാറ്റണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്, ഇലക്ഷന്‍ കമ്മീഷനെ സമീപിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഇവ മാറ്റുവാനുള്ള നടപടി കമ്മീഷന്‍ സ്വീകരിച്ചത്.
https://www.facebook.com/Malayalivartha