എന്‍റെ സഹോദരന്‍, എന്‍റെ എറ്റവും വിശ്വസ്തനായ സുഹൃത്ത്, അതിനൊക്കെ മേലെ ഞാന്‍ കണ്ട ഏറ്റവും ആത്മധൈര്യമുള്ള മനുഷ്യന്‍; സഹോദരനുവേണ്ടി വയനാട്ടുകാരുടെ പിന്തുണ തേടി പ്രിയങ്ക

വയനാട് ലോക്സഭാ സീറ്റില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെ സഹോദരനുവേണ്ടി വയനാട്ടുകാരുടെ പിന്തുണ തേടി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി രംഗത്ത്. ട്വിറ്ററിലൂടെയാണ് പ്രിയങ്ക സഹോദരൻ രാഹുലിനായി വോട്ട് തേടിയത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയ രാഹുലിന്‍റെ ചിത്രം പങ്കുവച്ചു കൊണ്ട് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.
'എന്‍റെ സഹോദരന്‍, എന്‍റെ എറ്റവും വിശ്വസ്തനായ സുഹൃത്ത്, അതിനൊക്കെ മേലെ ഞാന്‍ കണ്ട ഏറ്റവും ആത്മധൈര്യമുള്ള മനുഷ്യന്‍. അവനെ കരുതലോടെ കാക്കുക വയനാടേ, അവനൊരിക്കലും നിങ്ങളുടെ അഭിമാനം തകരാന്‍ അനുവദിക്കില്ല... എന്നായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ മത്സരിക്കുന്നതിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പത്രിക സമര്‍പ്പിച്ചു. നാലു സെറ്റ് പത്രികയാണ് ജില്ലാ കളക്ടര്‍ എ.ആര്‍. അജിത്കുമാറിന് മുന്പാകെ രാഹുല്‍ സമര്‍പ്പിച്ചത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന ദിവസമായിരുന്നു വ്യഴാഴ്ച്ച. ബുധനാഴ്ച വൈകിട്ടോടെ കരിപ്പൂരില്‍ എത്തിയ പ്രിയങ്കയും രാഹുലും കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ താമസിച്ച ശേഷം വ്യാഴാഴ്ച്ച രാവിലെയോടെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനായി വയനാട്ടിലേക്ക് പുറപ്പെട്ടത്.
ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് രാഹുല്‍ ഗാന്ധിയെ കാണാനായെത്തിയത്. വയനാട്ടില്‍ താന്‍ മത്സരിക്കുന്നത് ഇന്ത്യ ഒന്നാണെന്ന സന്ദേശം നല്‍കാനെന്ന് കല്‍പ്പറ്റയില്‍ നടന്ന റോഡ് ഷോക്ക് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തിരഞ്ഞെടുപ്പില്‍ താന്‍ സിപിഎമ്മിനെതിരെ ഒരക്ഷരം പോലും മിണ്ടില്ലെന്നും, അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്‌തു. പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണേന്ത്യയെ അവഗണിക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാല്‍, മുകുള്‍ വാസ്നിക്, കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് ടി. സിദ്ധിഖ്, വയനാട് ഡിസിസി പ്രസിഡന്‍റ് ഐ.സി. ബാലകൃഷ്ണന്‍, സാദ്ദിഖലി ശിഹാബ് തങ്ങള്‍ പത്രിക സമര്‍പ്പിക്കുന്നതിന് രാഹുല്‍ ഗാന്ധിയോടൊപ്പം എത്തിയിരുന്നു.
അതേസമയം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത് വന്നു. ഒരൊറ്റ ഇന്ത്യയെങ്കില്‍ ഒരു മണ്ഡലം മതിയല്ലോ എന്നായിരുന്നു കോടിയേരിയുടെ പരിഹാസം. ഇന്ത്യ ഒന്നാണെന്ന സന്ദേശം നല്‍കാനാണ് താന്‍ വയനാട്ടില്‍ മല്‍സരിക്കുന്നതെന്ന രാഹുല്‍ഗാന്ധിയുടെ പരാമര്‍ശത്തെയാണ് കോടിയേരി പരിഹസിച്ചത്.
രാഹുല്‍ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം ഏറ്റവും അധികം സന്തോഷിപ്പിച്ചത് ബിജെപിയെയും ആര്‍എസ്‌എസിനെയുമാണ്. രാഹുല്‍ഗാന്ധി മല്‍സരിക്കുന്നത് കൊണ്ട് കേരളത്തില്‍ തരംഗം ഉണ്ടാകില്ല. സ്വന്തം മണ്ഡലത്തില്‍ പോലും തരംഗം ഉണ്ടാക്കാന്‍ കഴിയാത്ത ആളാണ് രാഹുല്‍ഗാന്ധിയെന്നും കോടിയേരി പറഞ്ഞു.
സിപിഎമ്മിനെതിരെ നടത്തുന്ന പ്രചാരണം കോണ്‍ഗ്രസിനെതിരായി മാറും എന്ന ഭയത്താലാണ് സിപിഎമ്മിനും എല്‍ഡിഎഫിനും എതിരെ ഒന്നും പറയില്ലെന്ന് രാഹുല്‍ഗാന്ധി പറയാന്‍ കാരണമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
സിപിഎമ്മിലെ സഹോദരന്മാരും സഹോദരിമാരും എനിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. എന്നെ ആക്രമിക്കുകയാണ്. ഇടതുപക്ഷത്തിന്റെ വിമര്‍ശനങ്ങളെ സന്തോഷത്തോടെ നേരിടും. എന്നാല്‍ അവര്‍ക്കെതിരെ താന്‍ ഒന്നും പറയില്ലെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചശേഷം പ്രതികരിക്കുകയായിരുന്നു രാഹുല്‍ഗാന്ധി.
https://www.facebook.com/Malayalivartha





















