കര്‍ഷക ആത്മഹത്യകള്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രചാരണ വിഷയമാക്കാമെങ്കില്‍ സൈന്യത്തിന്റെ വിജയവും അവരുടെ ത്യാഗത്തേയും ഉയര്‍ത്തിക്കാട്ടുന്നതില്‍ തെറ്റൊന്നുമില്ലെന്ന് പ്രധാനമന്ത്രി

കര്‍ഷക ആത്മഹത്യകള്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രചാരണ വിഷയമാക്കാമെങ്കില്‍ സൈന്യത്തിന്റെ വിജയവും അവരുടെ ത്യാഗത്തേയും ഉയര്‍ത്തിക്കാട്ടുന്നതില്‍ തെറ്റൊന്നുമില്ലെന്ന് പ്രധാനമന്ത്രി.
കഴിഞ്ഞ 40 വര്‍ഷമായി ഭീകരാക്രമണങ്ങളിലൂടെ ആയിരക്കണക്കിന് സൈനികരാണ് രക്തസാക്ഷികളായത്. കര്‍ഷകര്‍ മരിക്കുന്ന സാഹചര്യമുണ്ടാകുന്നു. അതൊരു പ്രശ്നമാണ്, എങ്കില്‍ രാജ്യത്തിന് വേണ്ടി സൈനികര്‍ മരണം വരിക്കുന്നത് ഒരു പ്രശ്മാകാതിരിക്കുന്നതെങ്ങനെയാണ് മോദി ചോദിച്ചു. സൈന്യത്തെ നമുക്ക് കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. കഴിഞ്ഞ 40 വര്‍ഷത്തോളമായി ഭീകരതയ്ക്കെതിരായ പോരാട്ടത്തിലാണ് നമ്മള്‍. ഇതൊന്നും പൊതുജനങ്ങളോട് പങ്കുവെക്കരുതെന്ന് പറയുന്നതില്‍ എന്താണ് യുക്തിയെന്നും മോദി അഭിമുഖത്തില്‍ ചോദിക്കുന്നു.
പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃത്യു വരിച്ചതിനെയും ബാലക്കോട്ടിലെ വ്യോമാക്രമണവും രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് വന്നിരുന്നു. രാജ്യത്തിന് ദേശീയതയില്ലാതെ മുന്നോട്ടുപോകാനാകില്ലെന്നാണ് മോദി ഇതിന് മറുപടിയായി പറയുന്നത്. ദേശീയതയില്ലാതെ ഏതെങ്കിലും രാജ്യത്തിന് മുന്നോട്ടുപോകാനാകുമോ? ഒളിമ്പിക്സില്‍ മെഡല്‍ വേണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അതിനുള്ള സാധ്യത ഒരു കായിക താരത്തില്‍ വര്‍ധിപ്പിക്കുന്നത് ദേശീയതയാണെന്നും മോദി പറഞ്ഞു.
ഒരുവിഭാഗം അമിത മതേതര വാദികളാണ് സര്‍ക്കാരിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. ജമ്മുകശ്മീര്‍ പ്രശ്നം പരിഹരിക്കുന്നതില്‍ നെഹ്റുവിന്റെ കാലത്ത് ഒന്നും ചെയ്തിരുന്നില്ല. കഴിഞ്ഞ 70 വര്‍ഷമായി ഒരേരേഖയില്‍ പോകാന്‍ നമ്മള്‍ നിര്‍ബന്ധിതരായി. അതിന് യാതൊരു ഫലവുമുണ്ടായിട്ടില്ല. ആര്‍ട്ടിക്കിള്‍ 370 ന്റെയും 35 എയുടെയും കാര്യത്തില്‍ ഞങ്ങള്‍ ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും മോദി വ്യക്തമാക്കി.
കശ്മീര്‍ ഇന്ത്യയില്‍ നിന്ന് വേര്‍പെടുമെന്ന പിഡിപിയുടെയും നാഷണല്‍ കോണ്‍ഫറന്‍സിന്റെയും പ്രസ്താവനകളെയും മോദി വിമര്‍ശിച്ചു. അവര്‍ എപ്പോഴും ഇതേ ഭാഷയിലാണ് സംസാരിക്കുന്നത്. അവര്‍ കാലഹരണപ്പെട്ടവരാണെന്നും മോദി പരിഹസിച്ചു. തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ അവര്‍ ആഹ്വാനം ചെയ്തിട്ടും ജമ്മു കശ്മീര്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 75 ശതമാനത്തോളമായിരുന്നു പോളിങ്ങെന്നും മോദി ചൂണ്ടിക്കാട്ടി. ബൊഫോഴ്സ് കുംഭകോണത്തിലെ സ്വന്തം പിതാവിന്റെ പാപങ്ങള്‍ മറയ്ക്കാനാണ് തെറ്റായ ആരോപണങ്ങളുമായി അദ്ദേഹം വന്നിരിക്കുന്നതെന്നും മോദി പറഞ്ഞു.
റഫാല്‍ വിവാദത്തില്‍ തെളിവുകള്‍ ഒന്നുമില്ലാതെ പൊള്ളയായ ആരോപണമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉന്നയിക്കുന്നതെന്നും മോദി പറഞ്ഞു.
https://www.facebook.com/Malayalivartha