ഗാന്ധിജിയെ അപമാനിച്ച പ്രഗ്യയോട് പൊറുക്കാനാവില്ല; രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സെ രാജ്യസ്‌നേഹിയാണെന്ന് പ്രസ്താവന നടത്തിയ ബി.ജെ.പി ലോക്‌സഭാ സ്ഥാനാര്‍ത്ഥി പ്രഗ്യാ സിംഗിനെ തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സെ രാജ്യസ്‌നേഹിയാണെന്ന് പ്രസ്താവന നടത്തിയ ബി.ജെ.പി ലോക്‌സഭാ സ്ഥാനാര്‍ത്ഥി പ്രഗ്യാ സിംഗിനെ തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഗാന്ധിജിയെ അപമാനിച്ച പ്രഗ്യയോട് പൊറുക്കാനാവില്ലെന്ന് വ്യക്തമാക്കിയ മോദി ഇക്കാര്യത്തില്‍ പാര്‍ട്ടി ശക്തമായ നടപടിയെടുക്കുമെന്നും വ്യക്തമാക്കി. വിഷയത്തില്‍ മോദിയുടെ മൗനം രാജ്യത്തിന് അപമാനമാണെന്നും പ്രധാനമന്ത്രി മാപ്പ് പറയണമെന്നും കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് മോദിയുടെ പ്രതികരണം.
അതേസമയം, ഗാന്ധിയെ അവഹേളിച്ച് ചിലര്‍ നടത്തിയ പ്രസ്‌താവനകള്‍ പാര്‍ട്ടിയുടേത് അല്ലെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ പ്രതികരിച്ചു. ഇക്കാര്യത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രഗ്യാ സിംഗ് താക്കൂര്‍, കേന്ദ്രമന്ത്രി അനന്തകുമാര്‍ ഹെഗ്‌ഡെ, നളിന്‍ കുമാര്‍ കട്ടീല്‍ എന്നിവരോട് 10 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തില്‍ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.
ഗോഡ്സെ രാജ്യസ്നേഹിയെന്ന പ്രഗ്യാ സിംഗ് ഠാക്കൂറിന്‍റെ പരാമര്‍ശത്തെ പിന്തുണച്ച നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞ് കേന്ദ്രമന്ത്രി ആനന്ത് കുമാര്‍ ഹെഗ്ഡെയും രംഗത്തെത്തിയിരുന്നു. ഗാന്ധി വധം ന്യായീകരിക്കാനാകില്ല. തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഇന്നലെ മുതല്‍ ഹാക്ക് ചെയ്യപ്പെട്ടതാണെന്നും ആനന്ത് കുമാര്‍ ഹെഗ്ഡെ പറഞ്ഞു. ഗോഡെസെ ഇപ്പോള്‍ സന്തോഷിക്കുന്നുണ്ടാകുമെന്ന ട്വീറ്റ് ബിജെപി എം പി നളിന്‍ കുമാര്‍ കട്ടീലും തന്‍റെ അക്കൗണ്ടില്‍ നിന്ന് നീക്കം ചെയ്തു.
ഗോഡ്സെ രാജ്യ സ്നേഹിയയായിരുന്നു, രാജ്യസ്നേഹിയാണ്, രാജ്യസ്നേഹിയായിരിക്കും എന്ന പ്രഗ്യാ സിംഗ് ഠാക്കൂറിന്‍റെ പ്രസ്താവനയില്‍ അവര്‍ മാപ്പ് പറയേണ്ടതില്ലെന്നായിരുന്നു ആനന്ത് കുമാര്‍ ഹെഗ്ഡെയുടെ ട്വീറ്റ്. ഇപ്പോള്‍ ഗോഡ്‌സെയെ കുറിച്ച് ചര്‍ച്ച ഉയരുന്നതില്‍ സന്തോഷമുണ്ടെന്നും ട്വീറ്റില്‍ പറഞ്ഞിരുന്നു.
മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥൂറാം വിനായക ഗോഡ്സെ ദേശ സ്നേഹിയാണെന്ന ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ഥി പ്രജ്ഞാ സിംഗ് താക്കൂറിന്റെ പരാമര്‍ശ വിവാദത്തിനു പിന്നാലെ ഗോഡ്‌സെയെ അനുകൂലിച്ച് ബിജെപി എംപി നളിന്‍ കുമാര്‍ കട്ടീലും രംഗത്ത് എത്തിയിരുന്നു. എന്നാല്‍, പ്രജ്ഞാ സിംഗ് മാപ്പു പറയുകയും, സമാനമായി ട്വീറ്റ് ചെയ്ത അനന്ത് കുമാര്‍ ഹെഗ്ഡെ ട്വീറ്റ് പിന്‍വിലിക്കുകയും ചെയ്തതോടെ കട്ടീലും തന്റെ ട്വീറ്റ് മുക്കി. ഒരാളെ കൊന്ന ഗോഡ്സെയാണോ 72 പേരെ കൊന്ന അജ്മല്‍ കസബാണോ 17,000 പേരെ കൊന്ന രാജീവ് ഗാന്ധിയാണോ ക്രൂരന് എന്നായിരുന്നു കട്ടീലിന്റെ ട്വീറ്റ്.
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഹിന്ദുവായ ഗോഡ്സെ ആണെന്ന കമലഹാസന്‍റെ പ്രസ്താവനയോട് പ്രതികരിക്കുന്നതിനിടയിലായിരുന്നു പ്രഗ്യാ സിംഗിന്‍റെ വിവാദ പരാമര്‍ശം. ഗോഡ്സെ തീവ്രവാദിയാണെന്ന് പറയുന്നവര്‍ ആത്മപരിശോധന നടത്തണം. ഇവര്‍ക്ക് ജനം തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്നുമായിരുന്നു അവര്‍ പറഞ്ഞത്.
https://www.facebook.com/Malayalivartha

























