എല്ലാവരോടും നന്ദി പറഞ്ഞ് പ്രധാനമന്ത്രി; വീണ്ടും മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്ന് നരേന്ദ്രമോദി

പ്രധാനമന്ത്രിയായ ശേഷം നരേന്ദ്രമോദിയുടെ ആദ്യ വാർത്താ സമ്മേളനം ദില്ലിയിൽ. ബിജെപി അധ്യക്ഷൻ അമിത് ഷായുടെ ഒപ്പമാണ് വാർത്താ സമ്മേളനം. പ്രഗ്യാ സിംഗ് ഠാക്കൂറിന്‍റെ വിവാദപരാമർശങ്ങളുടെ പശ്ചാത്തലത്തിൽക്കൂടിയാണ് വാർത്താ സമ്മേളനം.
അമിത് ഷാ വാർത്താ സമ്മേളനം നടത്തുമെന്നാണ് ആദ്യം വ്യക്തമാക്കിയിരുന്നത്. പിന്നീട് അപ്രതീക്ഷിതമായി നരേന്ദ്രമോദി കൂടി വാർത്താ സമ്മേളനത്തിനെത്തുകയായിരുന്നു. എല്ലാവരോടും നന്ദി പറയാനെത്തിയതാണെന്ന് മോദി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കുടുംബാധിപത്യത്തെ തകർത്ത് അധികാരത്തിലെത്തിയ ജനങ്ങളുടെ സർക്കാർ വാഗ്ദാനം നിറവേറ്റി. വീണ്ടും മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്നും മോദി അവകാശപ്പെട്ടു.
ജനാധിപത്യത്തിന്‍റെ ശക്തി നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്തമാണ്. ലോകത്തെ നമ്മുടെ ജനാധിപത്യത്തെക്കുറിച്ച് നമ്മൾ ബോധ്യപ്പെടുത്തേണ്ടതാണ്. പണ്ട് തെരഞ്ഞെടുപ്പ് നടക്കുന്നെന്ന പേരിൽ ഐപിഎൽ മാറ്റിയിട്ടുണ്ട്. ഇന്ന് തെരഞ്ഞെടുപ്പ് നടക്കുമ്പോൾ, റംസാൻ നടക്കുന്നു, ഐപിഎൽ നടക്കുന്നു എല്ലാ ആഘോഷങ്ങളും നടക്കുന്നു. ഇത് സർക്കാരിന്‍റെ മാത്രം നേട്ടമല്ല.
മെയ് 23-ന് ബിജെപി ഓഫീസിൽ നിന്ന് നിങ്ങൾക്ക് മധുരം ലഭിക്കുമെന്ന് ചിരിച്ചുകൊണ്ട് പറഞ്ഞ മോദി, പൂർണ ഭൂരിപക്ഷത്തോടെ ഒറ്റയ്ക്ക് അധികാരത്തിലേറിയ എൻഡിഎ സർക്കാർ വാഗ്ദാനങ്ങൾ നിറവേറ്റിയെന്ന് അവകാശപ്പെട്ടു.
https://www.facebook.com/Malayalivartha