റഫാല്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കും നാഷണല്‍ ഹെറാള്‍ഡ് പത്രത്തിനുമെതിരെ നല്‍കിയ 5,000 കോടിയുടെ മാനനഷ്ടക്കേസുകള്‍ പിന്‍വലിക്കാനൊരുങ്ങി അനില്‍ അംബാനി

റഫാല്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കും നാഷണല്‍ ഹെറാള്‍ഡ് പത്രത്തിനുമെതിരെ നല്‍കിയ 5,000 കോടിയുടെ മാനനഷ്ടക്കേസുകള്‍ പിന്‍വലിക്കാന്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ് തീരുമാനിച്ചു. അഹമ്മദാബാദിലെ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് ജഡ്ജിയുടെ പരിഗണനയിലുള്ള കേസുകളാണ് പിന്‍വലിക്കാന്‍ ഒരുങ്ങുന്നത്.
ഈ വിവരം എതിര്‍കക്ഷികളെ അറിയിച്ചിട്ടുണ്ടെന്ന് വാദിഭാഗം അഭിഭാഷകന്‍ രാകേഷ് പരീഖ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. നാഷണല്‍ ഹെറാള്‍ഡിനുവേണ്ടി ഹാജരായ അഭിഭാഷകനും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. വേനല്‍ അവധിക്കുശേഷമാവും കേസ് പിന്‍വലിക്കാനുള്ള നടപടിക്രമങ്ങള്‍ കോടതി തുടങ്ങുക. മാനനഷ്ടക്കേസ് അഹമ്മദാബാദിലെ കോടതി പരിഗണിക്കുന്നതിനെതിരെ പ്രതിഭാഗം സമര്‍പ്പിച്ച ഹര്‍ജി മധ്യവേനല്‍ അവധിക്കുമുമ്പ് കോടതിയുടെ മുന്നിലെത്തിയിരുന്നു.
അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഡിഫന്‍സ്, റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍, റിലയന്‍സ് എയ്‌റോസ്‌ട്രെക്ചര്‍ എന്നിവയാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നത്. കോണ്‍ഗ്രസ് നേതാക്കളായ അഭിഷേക് മനു സിങ്‌വി, രണ്‍ദീപ് സിങ് സുര്‍ജേവാല, ഉമ്മന്‍ചാണ്ടി, അശോക് ചവാന്‍, സഞ്ജയ് നിരുപം, സുനില്‍ ഝാക്കര്‍ തുടങ്ങിയവര്‍ക്ക് എതിരെയായിരുന്നു കേസ്. നാഷണല്‍ ഹെറാള്‍ഡ് എഡിറ്റര്‍, റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത വിശ്വദീപക് എന്ന മാധ്യമ പ്രവര്‍ത്തകന്‍ എന്നിവര്‍ക്കെതിരെയും കേസുണ്ടായിരുന്നു.
റഫാല്‍ യുദ്ധവിമാന കരാറുമായി ബന്ധപ്പെട്ട് റിലയന്‍സ് ഗ്രൂപ്പിനും ചെയര്‍മാന്‍ അനില്‍ അംബാനിക്കുമെതിരെ അപകീര്‍ത്തികരവും മാനനഷ്ടമുണ്ടാക്കുന്നതുമായ പരാമര്‍ശം നടത്തിയെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ അടക്കമുള്ളവര്‍ക്ക് എതിരായ കേസ്. റഫാല്‍ ഇടപാടില്‍ റിലയന്‍സ് ഗ്രൂപ്പിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍നിന്ന് എതിര്‍കക്ഷികളെ വിലക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യമുന്നയിച്ചിരുന്നു.
റഫാല്‍ കരാര്‍ സംബന്ധിച്ച പ്രഖ്യാപനം മോദി നടത്തിയതിന് പത്ത് ദിവസം മുമ്പാണ് റിലയന്‍സ് ഡിഫന്‍സ് എന്ന കമ്പനിക്ക് അനില്‍ അംബാനി രൂപംനല്‍കിയതെന്ന വാര്‍ത്ത നല്‍കിയതിനാണ് നാഷണല്‍ ഹെറാള്‍ഡിനെതിരെ മാനനഷ്ടക്കേസ് നല്‍കിയത്. കമ്പനിക്ക് സര്‍ക്കാര്‍ അനര്‍ഹമായ സഹായങ്ങള്‍ നല്‍കിയെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണ് വാര്‍ത്ത എന്നായിരുന്നു റിലയന്‍സ് ഗ്രൂപ്പിന്റെ ആരോപണം. റിലയന്‍സ് ഗ്രൂപ്പിനും ചെയര്‍മാന്‍ അനില്‍ അംബാനിക്കുമെതിരെ മോശമായ പ്രതിച്ഛായ സൃഷിക്കാന്‍ ഇത്തരം വാര്‍ത്തകള്‍ ഇടയാക്കുമെന്നും അവര്‍ ആരോപിച്ചിരുന്നു. റിലയന്‍സ് ഗ്രൂപ്പിനും ചെയര്‍മാനും മാനഷ്ടമുണ്ടാക്കിയ സാഹചര്യത്തില്‍ 5000 കോടിരൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് അവര്‍ കോടതിയെ സമീപിച്ചിരുന്നത്.
https://www.facebook.com/Malayalivartha