അമിത്ഷാ വാക്ക് പാലിച്ചു കേരളത്തില്‍ നിന്നും കുമ്മനം കേന്ദ്രമന്ത്രി ; ബിജെപി മുതിര്‍ന്ന നേതാവും മുൻ മിസോറം ഗവർണറുമായ കുമ്മനം രാജശേഖരന്‍ കേന്ദ്രമന്ത്രിയാകുമെന്ന് സൂചന

ബിജെപി മുതിര്‍ന്ന നേതാവും മുൻ മിസോറം ഗവർണറുമായ കുമ്മനം രാജശേഖരന്‍ കേന്ദ്രമന്ത്രിയാകുമെന്ന് സൂചന. പരിസ്ഥിതി അടക്കമുള്ള വകുപ്പുകള്‍ കുമ്മനത്തിനു നല്‍കുന്നതിനെക്കുറിച്ച് കേന്ദ്രനേതാക്കള്‍ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളില്‍ ചിലരുമായി ആശയവിനിമയം നടത്തി. കേന്ദ്ര നേതൃത്വത്തിന്റേതാകും അന്തിമ തീരുമാനം.
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് ഒരു ദിവസം മുന്‍പാണ് സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനത്തെ അപ്രതീക്ഷിതമായി മിസോറം ഗവര്‍ണറായി നിയമിച്ചത്. തിരുവനന്തപുരത്ത് മത്സരിക്കാൻ കുമ്മനം സ്ഥാനം രാജിവയ്ക്കുകയും ചെയ്തു.
കുമ്മനത്തിനു പുറമെ സുരേഷ്ഗോപിയുടേയും വി.മുരളീധരന്റെയും പേരുകള്‍ക്കും മുന്‍തൂക്കമുണ്ട്. രണ്ടുപേരും രാജ്യസഭാ അംഗങ്ങളാണ്. കഴിഞ്ഞ മോദി സര്‍ക്കാരിന്റെ കാലത്തും മുരളീധരന്‍ മന്ത്രിയാകുമെന്ന് പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ അല്‍ഫോൻസ് കണ്ണന്താനത്തെയാണ് കേന്ദ്രമന്ത്രിയാക്കിയത്. ഒന്നാം ഘട്ടത്തിലല്ലെങ്കിലും ഭാവിയിലെങ്കിലും കേരളത്തിന് കേന്ദ്രമന്ത്രി സ്ഥാനം ലഭിക്കാനുള്ള സാധ്യത ആരും തള്ളികളയുന്നില്ല.
ശബരിമല യുവതീ പ്രവേശനവും തുടർ പ്രതിഷേധങ്ങളും ഉയർത്തിക്കാട്ടി കേരളത്തിൽ അക്കൗണ്ട് തുറക്കാനാകുമെന്ന ബിജെപിയുടെ പ്രതീക്ഷയ്ക്ക് കനത്ത തിരിച്ചടിയാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ ലഭിച്ചത്. മിസോറാം ഗവർണർ സ്ഥാനം രാജിവെച്ച് കുമ്മനം രാജശേഖരൻ എത്തിയതോടെ തിരുവനന്തപുരത്ത് ബിജെപിയുടെ പ്രതീക്ഷകൾ വാനോളമായിരുന്നു. എക്സിറ്റ് പോൾ ഫലങ്ങളും കുമ്മനത്തിന് വിജയം പ്രവചിച്ചു. എന്നാൽ ഫലം വന്നപ്പോൾ വൻ ഭൂരിപക്ഷത്തിൽ മൂന്നാം വട്ടവും ശശി തരൂർ തിരുവനന്തപുരത്തിന്റെ എംപിയായി. മാത്രമല്ല വിജയസാധ്യതയുണ്ടെന്ന് വിലയിരുത്തിയ തൃശൂരിലും പത്തനംതിട്ടയിലും നിരാശയായിരുന്നു ഫലം. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും കുമ്മനത്തെ നിരാശപ്പെടുത്താനില്ലെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്.
https://www.facebook.com/Malayalivartha
























