ക്ഷമിക്കണം മോദിജി, എനിക്ക് സത്യപ്രതിജ്ഞാച്ചടങ്ങിൽ നിന്ന് പിൻമാറാതെ മറ്റൊരു വഴിയില്ല; മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്ന് മമതാ ബാനർജി പിൻമാറി

നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. പശ്ചിമബംഗാളിൽ രാഷ്ട്രീയസംഘർഷങ്ങളിൽ കൊല്ലപ്പെട്ട 54 ബിജെപി പ്രവർത്തകരുടെ കുടുംബങ്ങളെക്കൂടി മോദിയുടെ സത്യപ്രതിജ്ഞാച്ചടങ്ങിലേക്ക് ക്ഷണിച്ചതിൽ പ്രതിഷേധിച്ചാണ് മമതയുടെ പിൻമാറ്റം. പിൻമാറിയതിന് പിന്നാലെ മമത മോദിക്ക് കത്ത് നൽകി.
''അഭിനന്ദനങ്ങൾ, നിയുക്ത പ്രധാനമന്ത്രീ. ഭരണഘടനയെ മാനിച്ച് താങ്കളുടെ ക്ഷണം സ്വീകരിക്കാനായിരുന്നു എന്‍റെ തീരുമാനം. എന്നാൽ പശ്ചിമബംഗാളിൽ 54 ബിജെപി പ്രവർത്തകർ രാഷ്ട്രീയസംഘർഷങ്ങളിൽ കൊല്ലപ്പെട്ടെന്ന് ബിജെപി അവകാശപ്പെടുന്നതായി മാധ്യമറിപ്പോർട്ടുകൾ കാണുന്നു. ഇത് പൂർണമായും തെറ്റാണ്. പശ്ചിമബംഗാളിൽ രാഷ്ട്രീയക്കൊലപാതകങ്ങൾ ഉണ്ടായിട്ടില്ല. വ്യക്തി വിരോധമോ, കുടുംബങ്ങൾ തമ്മിലുള്ള വഴക്കോ, മറ്റ് സംഘർഷങ്ങളോ രാഷ്ട്രീയമായി ബന്ധമുള്ളതല്ല. അത്തരം ഒരു രേഖകളും ഞങ്ങളുടെ പക്കലില്ല. അതുകൊണ്ടു തന്നെ ക്ഷമിക്കണം മോദിജി, എനിക്ക് സത്യപ്രതിജ്ഞാച്ചടങ്ങിൽ നിന്ന് പിൻമാറാതെ മറ്റൊരു വഴിയില്ല. സത്യപ്രതിജ്ഞാ ചടങ്ങുകൾ ജനാധിപത്യത്തിന്‍റെ പരിപാവനമായ ആഘോഷമാകേണ്ടതാണ്. അല്ലാതെ ചില രാഷ്ട്രീയ പാർട്ടികൾ സത്യപ്രതിജ്ഞയെ, രാഷ്ട്രീയലാഭത്തിന് വേണ്ടി ഉപയോഗിക്കുന്ന അവസരമാക്കി മാറ്റരുത്. എന്നോട് ക്ഷമിക്കുക എന്നും കത്തിൽ പറയുന്നു.
ചൊവ്വാഴ്ച്ചയാണ് സത്യപ്രതിജ്ഞ ചെയ്ത് മോദി പ്രധാനമന്ത്രി സ്ഥാനമേറ്റെടുക്കുന്നത്. മോദിയും അമിത് ഷായും തമ്മിൽ നടന്ന അഞ്ച് മണിക്കൂർ നീണ്ട മാരത്തോൺ ചർച്ചയ്ക്ക് ശേഷമാണ് പ്രവർത്തകരുടെ കുടുംബങ്ങളെ ചടങ്ങിലേക്ക് ക്ഷണിക്കാനുളള തീരുമാനമുണ്ടായത്. ക്ഷണിതാക്കളുടെ പട്ടിക തയാറാക്കി രാഷ്ട്രപതി ഭവനിലേക്ക് അയച്ചിട്ടുണ്ട്. ബംഗാളിൽ നടന്ന അമിത് ഷായുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ ബി.ജെ.പി പ്രവർത്തകരും തൃണമൂൽ പ്രവർത്തകരും തമ്മിൽ വൻ സംഘർഷം നടന്നിരുന്നു. നിരവധിപേരാണ് സംഘർഷത്തിൽ കൊല്ലപ്പെട്ടത്.
https://www.facebook.com/Malayalivartha
























