രാജ്യത്തിന്റെ തലസ്ഥാന നഗരി ഉള്‍പ്പെടെ ഉത്തരേന്ത്യ ആകമാനം ചുട്ടുപൊള്ളുന്നു... ഡല്‍ഹിയില്‍ ചുവപ്പ് അലെര്‍ട്ട് പ്രഖ്യാപിച്ചു

രാജ്യത്തിന്റെ തലസ്ഥാന നഗരി ഉള്‍പ്പെടെ ഉത്തരേന്ത്യ ആകമാനം ചുട്ടുപൊള്ളുകയാണ്. അന്തരീക്ഷതാപം കൂടിയതോടെ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഡല്‍ഹിയില്‍ ചുവപ്പ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വ്യാഴാഴ്ച 46.8 ഡിഗ്രി സെല്‍ഷ്യസും വെള്ളിയാഴ്ച 44.8 ഡിഗ്രി സെല്‍ഷ്യസുമായിരുന്നു ഡല്‍ഹിയിലെ ചൂട്. ശനിയാഴ്ച കൂടിയ താപനില 45 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 29 ഡിഗ്രി സെല്‍ഷ്യസും ആവുമെന്നാണ് കരുതുന്നത്.
ഡല്‍ഹിയിലെ പല ഭാഗങ്ങളിലും ഉഷ്ണ തരംഗമുണ്ടെന്നും ചില ഒറ്റപ്പെട്ട ഭാഗങ്ങളില്‍ തീവ്ര ഉഷ്ണ തരംഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് വ്യക്തമാക്കി. വലിയ പ്രദേശങ്ങളില്‍ രണ്ട് ദിവസങ്ങളില്‍ തുടര്‍ച്ചയായി പരമാവധി 45 ഡിഗ്രി സെല്‍ഷ്യസ് താപനില റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാലാണ് സാധാരണയായി ഉഷ്ണ തരംഗമായി പ്രഖ്യാപിക്കുക.
47 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെങ്കില്‍ തീവ്ര ഉഷ്ണ തരംഗമായും പ്രഖ്യാപിക്കും. ചൂട് കൂടുന്ന സാഹചര്യത്തില്‍ തലസ്ഥാന നഗരിയില്‍ താമസിക്കുന്നവര്‍ വീടിനുള്ളില്‍ നിന്ന് പുറത്തിറങ്ങുന്നത് കുറക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























