ട്രംപിനെ പറപ്പിക്കും സാക്ഷാല്‍ മോദി; അമേരിക്കയുടെ വ്യാപാര മുൻഗണനാ പട്ടികയിൽ (ജനറലൈസ്ഡ് സിസ്‌റ്റം ഒഫ് പ്രിഫറൻസസ് - ജി.എസ്.പി) നിന്ന് അമേരിക്കൻ ഭരണകൂടം ഇന്ത്യയെ പുറത്താക്കി

അമേരിക്കയുടെ വ്യാപാര മുൻഗണനാ പട്ടികയിൽ (ജനറലൈസ്ഡ് സിസ്‌റ്റം ഒഫ് പ്രിഫറൻസസ് - ജി.എസ്.പി) നിന്ന് അമേരിക്കൻ ഭരണകൂടം ഇന്ത്യയെ പുറത്താക്കി. ഇതുസംബന്ധിച്ച തീരുമാനം ജൂൺ അഞ്ചിന് പ്രാബല്യത്തിൽ വരും. ഇതോടെ, ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന എല്ലാ ഉത്‌പന്നങ്ങളും ഇനി നികുതി വിധേയമാകും. അമേരിക്കയിൽ നിന്ന് ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്ന ഉത്‌പന്നങ്ങൾക്ക് ആനുകൂല്യമൊന്നും കിട്ടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ നടപടി.
ജി.എസ്.പിയിൽ നിന്ന് ഇന്ത്യയെ ഒഴിവാക്കുമെന്ന് മാർച്ച് നാലിന് അമേരിക്ക പ്രഖ്യാപിച്ചിരുന്നു. തുടർന്ന്, 60 ദിവസത്തെ നോട്ടീസ് പിരീഡും ഇന്ത്യയ്ക്ക് അനുവദിച്ചു. നോട്ടീസ് കാലാവധി മേയ് മൂന്നിന് അവസാനിച്ചെങ്കിലും പുറത്താക്കൽ അമേരിക്ക വൈകിപ്പിക്കുകയായിരുന്നു. ഇന്നലെ, ഇന്ത്യയ്ക്ക് പുറമേ ടർക്കിയെയും പട്ടികയിൽ നിന്ന് ഒഴിവാക്കി. 2017ൽ നികുതിയില്ലാതെ 170 കോടി ഡോളറിന്റെ ഉത്‌പന്നങ്ങൾ ടർക്കിയിൽ നിന്ന് അമേരിക്കയിൽ എത്തിയിരുന്നു.ടർക്കി ഇപ്പോൾ വികസിത രാജ്യമാണെന്നും ഇളവ് ആവശ്യമില്ലെന്നുമാണ് അമേരിക്കൻ വാദം.
വികസ്വര രാജ്യങ്ങൾക്ക് വ്യാപാരത്തിലൂടെ സാമ്പത്തിക പുരോഗതി ഉറപ്പാക്കാനായി 1976ലാണ് അമേരിക്ക ജി.എസ്.പി ആവിഷ്‌കരിച്ചത്. ഇന്ത്യയും ചൈനയും ടർക്കിയുമടക്കം ഒട്ടേറെ രാജ്യങ്ങൾ ഇതിന്റെ ഗുണഭോക്താക്കളായിരുന്നു. നികുതിയില്ലാതെ നിശ്‌ചിത ഉത്‌പന്നങ്ങൾ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യാൻ അനുവദിക്കുന്ന ചട്ടമാണിത്.അമേരിക്കയ്ക്ക് മറ്റു രാജ്യങ്ങളുമായുള്ള വ്യാപാരക്കമ്മി കുറയ്ക്കുന്നത് ലക്ഷ്യമിട്ടാണ്, ജി.എസ്.പി പൊളിച്ചടുക്കാനുള്ള ട്രംപിന്റെ തീരുമാനം. ഇന്ത്യയുമായി 2017-18ലെ കണക്കനുസരിച്ച് 2,130 കോടി ഡോളറിന്റെ വ്യാപാരക്കമ്മി അമേരിക്കയ്ക്കുണ്ട്.
https://www.facebook.com/Malayalivartha


























