യു.ഡി.എഫ് എം.പി എന്‍.കെ പ്രേമചന്ദ്രന്‍ യുവതീപ്രവേശനം സംബന്ധിച്ച് കൊണ്ടുവരുന്ന സ്വകാര്യബില്ലിനെ ബി.ജെ.പി പിന്തുണയ്ക്കില്ലെന്ന് ദേശീയ ജനറല്‍ സെക്രട്ടറി രാംമാധവ്

ശബരിമല യുവതീപ്രവേശനം സംബന്ധിച്ച അന്തിമവിധി സുപ്രീംകോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതിനാല്‍ ബി.ജെ.പി ഇടപെടില്ലെന്ന് ദേശീയ ജനറല്‍ സെക്രട്ടറി രാംമാധവ്. യു.ഡി.എഫ് എം.പി എന്‍.കെ പ്രേമചന്ദ്രന്‍ യുവതീപ്രവേശനം സംബന്ധിച്ച് കൊണ്ടുവരുന്ന സ്വകാര്യബില്ലിനെ പാര്‍ട്ടി പിന്തുണയ്ക്കില്ലെന്നും ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. ശബരിമലയിലേത് വിശ്വാസം സംബന്ധിച്ച കാര്യമാണ്. കേന്ദ്രസര്‍ക്കാരിന് നിയമപരമായി അതില്‍ എന്ത് ചെയ്യാനാകുമെന്ന് നോക്കാം. സുപ്രീംകോടതിയെ മറികടക്കാന്‍ ഒരു സര്‍ക്കാരിനുമാവില്ല. എല്ലാ വശങ്ങളും പരിശോധിക്കാതെ ഓര്‍ഡിനന്‍സ് കൊണ്ടുവരാനാകില്ല. ആചാരസംരക്ഷണം തന്നെയാണ് ബി.ജെ.പിയുടെ അജണ്ടയെന്നും അദ്ദേഹം തുറന്നു സമ്മതിച്ചു.
രാജ്യമെമ്പാടും അയ്യപ്പവിശ്വാസികളുണ്ട്. അവരുടെ വികാരം കണക്കിലെടുക്കുന്നു. താന്‍ ആന്ധ്രാപ്രദേശില്‍ നിന്നാണ് വരുന്നത്. അവിടെയുള്ള അയ്യപ്പഭക്തരും ഇക്കാര്യം തന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനാല്‍ സര്‍ക്കാര്‍ അനുഭാവപൂര്‍വ്വമായ നിലപാട് എടുക്കും. കോടതി കാര്യങ്ങളില്‍ ഇടപെടാനാകില്ലെന്ന് പ്രതിരോധമന്ത്രിയായ രാജ്‌നാഥ് സിംഗ് തെരഞ്ഞെടുപ്പിന് മുമ്പേ വ്യക്തമാക്കിയിരുന്നു. യുവതീപ്രവേശനം നിയമപരമായ നടപടിയാണെന്ന് പ്രവാസികാര്യ സഹമന്ത്രി വി.മുരളീധരന്‍ കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. എന്‍.കെ പ്രേമചന്ദ്രന്റെ സ്വകാര്യബില്ലിനെ ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ സ്വാഗതം ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണ കാലത്ത് ശബരിമല വിശ്വാസം സംരക്ഷിക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്ന് പലതവണ ആവര്‍ത്തിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ശബരിമല യുവതീപ്രവേശനത്തിനെതിരെ സമരം നടത്തിയതിന് ബി.ജെ.പി നേതാവ് വി.വി രാജേഷിനെ കഴിഞ്ഞ ദിവസം പമ്പ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചിത്തിര ആട്ടവിശേഷത്തിന് കൊച്ചുമകന്റെ ചോറൂണിനെത്തിയ തൃശൂര്‍ സ്വദേശിയായ ശ്യാമളയെ ഇലന്തൂര്‍ സ്വേദേശിയും സംഘപരിവാര്‍ പ്രവര്‍ത്തകനുമായ സൂരജ് ആക്രമിച്ചതിന്റെ ഗൂഢാലോചന കേസിലായിരുന്നു അറസ്റ്റ്. അന്‍പതിനായിരം രൂപയ്ക്കും രണ്ട് ആള്‍ ജാമ്യത്തിലുമാണ് രാജേഷിനെ വിട്ടയച്ചത്. യുവതീപ്രവേശനത്തെ എന്ത് വിലകൊടുത്തും എതിര്‍ക്കുമെന്നും വീണ്ടും അധികാരത്തില്‍ വന്നാല്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്നും പല ബി.ജെ.പി നേതാക്കളും ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. എന്നാല്‍ അധികാരത്തിലേറിയ ശേഷം ഇതേക്കുറിച്ച് മൗനം തുടരുകയാണ്. ഈ സമയത്താണ് ദേശീയ ജനറല്‍ സെക്രട്ടറി നയം വ്യക്തമാക്കിയത്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശബരിമല സമരം കാര്യമായി ഗുണം ചെയ്യാത്തതിനാല്‍ ബി.ജെ.പിക്ക് വലിയ താല്‍പര്യം ഇല്ലെന്നാണ് സൂചന. കേരളത്തില്‍ നിന്ന് ഒരു എം.പി പോലും വിജയിക്കാതിരുന്നിട്ടും വി. മുരളീധരനെ മന്ത്രിയാക്കിയത് സംസ്ഥാനത്ത് കൂടുതല്‍ വികസനപ്രവര്‍ത്തനങ്ങള്‍ എത്തിക്കുന്നതിനാണ്. റെയില്‍വേ വികസനത്തിനായുള്ള പദ്ധതികള്‍ക്ക് അനുമതി കേന്ദ്രസര്‍ക്കാര്‍ നല്‍കിയതായാണ് റിപ്പോര്‍ട്ട്. രാഷ്ട്രീയ വ്യത്യാസങ്ങള്‍ മറന്ന് സംസ്ഥാനത്തിന്റെ വികസനപ്രവര്‍ത്തനങ്ങളില്‍ ഇടപെടുമെന്ന് ഗുരുവായൂര്‍ ദര്‍ശനത്തിനെത്തിയപ്പോള്‍ പ്രധാനമന്ത്രിയും വ്യക്തമാക്കിയിരുന്നു. അതിനാല്‍ ശബരിമല വിഷയത്തില്‍ കാര്യമായ ഇടപെടല്‍ ഉണ്ടാകില്ലെന്നാണ് അറിയുന്നത്.
https://www.facebook.com/Malayalivartha


























