ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണ പദ്ധതിയായ ചന്ദ്രയാന്‍2ന്റെ വിക്ഷേപണം വൈകാതെ നടക്കും, ഒരുമാസത്തിനുള്ളില്‍ വിക്ഷേപണം നടത്താനുള്ള ഒരുക്കങ്ങള്‍ ചെയ്തുവരുന്നതായി ഐ.എസ്.ആര്‍.ഒ.

സാങ്കേതികത്തകരാറിനെ തുടര്‍ന്ന് നീട്ടിവെച്ച ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണ പദ്ധതിയായ ചന്ദ്രയാന്‍2ന്റെ വിക്ഷേപണം വൈകാതെയുണ്ടാകും. ഒരുമാസത്തിനുള്ളില്‍ വിക്ഷേപണം നടത്താനുള്ള ഒരുക്കങ്ങള്‍ ചെയ്തുവരുന്നതായി ഐ.എസ്.ആര്‍.ഒ. വൃത്തങ്ങള്‍ അറിയിച്ചു. വിക്ഷേപണ വാഹനമായ ജി.എസ്.എല്‍.വി. മാര്‍ക്ക് മൂന്നിന്റെ സാങ്കേതിക തടസ്സം പരിഹരിക്കാനായാല്‍ ഈ മാസംതന്നെ വിക്ഷേപണം നടത്താനാകും. വിക്ഷേപണത്തിന്റെ സമയം പുതുക്കിനിശ്ചയിക്കുമ്പോള്‍ കപ്പലുകളുടെയും വിമാനങ്ങളുടെയുമെല്ലാം സഞ്ചാരപഥത്തെയും ചന്ദ്രനിലെ സാഹചര്യത്തെയും വിശദമായി പഠിക്കണം. ഇതെല്ലാം പരിഗണിച്ചായിരിക്കും വിക്ഷേപണ ദിവസം നിശ്ചയിക്കുക.
ഇന്നലെ പുലര്‍ച്ചെ 2.51ന് നടക്കേണ്ടിയിരുന്ന ചന്ദ്രയാന്‍2ന്റെ വിക്ഷേപണം ജി.എസ്.എല്‍.വി.യുടെ ഇന്ധന ടാങ്കുമായി ബന്ധപ്പെട്ട സാങ്കേതികത്തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നീട്ടിവെച്ചത്. തുടര്‍ന്ന്, നിറച്ച ഇന്ധനം മുഴുവനായും ഒഴിവാക്കുകയായിരുന്നു. ആവശ്യമെങ്കില്‍ വിക്ഷേപണവാഹനം വിശദപരിശോധനയ്ക്കായി വെഹിക്കിള്‍ അസംബ്‌ളി യൂണിറ്റിലേക്ക് കൊണ്ടുപോകും.
സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചുരുങ്ങിയത് പത്തുദിവസമെങ്കിലും എടുക്കും. മറ്റു ഘടകങ്ങള്‍കൂടി വിലയിരുത്തിയതിനു ശേഷം മാത്രമേ പുതുക്കിയ വിക്ഷേപണ തീയതി തീരുമാനിക്കാനാവൂ. റോക്കറ്റിന്റെ ക്രയോജനിക് ഘട്ടത്തില്‍ ദ്രവ ഹൈഡ്രജനും ദ്രവ ഓക്‌സിജനും നിറച്ചതായി അറിയിപ്പു വന്നതിനുപിന്നാലെയാണ്, കൗണ്ട്ഡൗണ്‍ നിര്‍ത്തിവെച്ച് ദൗത്യം നീട്ടിയ അറിയിപ്പുണ്ടായത്. റോക്കറ്റ് എന്‍ജിനിലെ സമ്മര്‍ദമാണ് പ്രധാന സാങ്കേതികതടസ്സം എന്നാണ് പ്രാഥമികവിലയിരുത്തല്‍. വിക്ഷേപണത്തിന് 56 മിനിറ്റും 24 സെക്കന്‍ഡും ബാക്കി നില്‍ക്കേയാണ് കൗണ്ട്ഡൗണ്‍ നിര്‍ത്തിവെക്കാന്‍ മിഷന്‍ ഡയറക്ടര്‍ വെഹിക്കിള്‍ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്. അതീവ മുന്‍കരുതല്‍ എന്ന നിലയിലാണ് വിക്ഷേപണം മാറ്റിവെക്കാന്‍ തീരുമാനിച്ചത്. ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ചാന്ദ്രദൗത്യം വീക്ഷിക്കാന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ശ്രീഹരിക്കോട്ടയില്‍ എത്തിയിരുന്നു. വിക്ഷേപണ വാഹനമായ ജി.എസ്.എല്‍.വി. മാര്‍ക്ക് മൂന്നിനു മാത്രമാണ് സാങ്കേതിക തടസ്സം. ചന്ദ്രയാന്‍2 സുരക്ഷിതമാണ്. ദ്രവഹൈഡ്രജനും ദ്രവഓക്‌സിജനും റോക്കറ്റില്‍നിന്ന് നീക്കം ചെയ്തതിനാല്‍ റോക്കറ്റും ഉപഗ്രഹവും സുരക്ഷിതാവസ്ഥയിലാണിപ്പോള്‍. സാങ്കേതിക തടസ്സത്തിന്റെ പൂര്‍ണ വിശദാംശങ്ങള്‍ റോക്കറ്റ് വിശദമായി പരിശോധിച്ചശേഷം ശാസ്ത്രജ്ഞര്‍ കണ്ടെത്തും. ഉചിതസമയത്ത് വിക്ഷേപണം നിര്‍ത്തിവെച്ച നടപടിയെ മുതിര്‍ന്ന ബഹിരാകാശ ശാസ്ത്രജ്ഞര്‍ സ്വാഗതം ചെയ്തു. വിക്ഷേപണത്തിനു ശേഷമാണ് സാങ്കേതിക തടസ്സമുണ്ടായിരുന്നതെങ്കില്‍ ഇന്ത്യയുടെ അഭിമാനം തകരുന്ന സംഭവമായി മാറുമായിരുന്നുവെന്ന് അവര്‍ വിലയിരുത്തി.
ചന്ദ്രനിലെ ഹീലിയത്തിന്റെ അളവ്, വെള്ളം, ടൈറ്റാനിയം, കാത്സ്യം, മഗ്‌നീഷ്യം, അലുമിനിയം, ഇരുമ്പ് എന്നിവയുടെ സാന്നിധ്യം തുടങ്ങിയവയെക്കുറിച്ചുള്ള പഠനമാണ് ചന്ദ്രയാന്‍രണ്ടിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്. ചന്ദ്രനെ വലംവെക്കുന്ന ഓര്‍ബിറ്റര്‍, ചന്ദ്രോപരിതലത്തില്‍ സഞ്ചരിച്ച് പര്യവേക്ഷണം നടത്തുന്ന റോബോട്ടിക് റോവര്‍, ഇതിനെ സുരക്ഷിതമായി ചന്ദ്രനിലിറക്കാനുള്ള ലാന്‍ഡര്‍ എന്നിവയടങ്ങിയതാണ് ചന്ദ്രയാന്‍2.
https://www.facebook.com/Malayalivartha


























