ഹെല്മറ്റില്ലാതുള്ള ബൈക്ക് യാത്ര തടഞ്ഞ ട്രാഫിക് പോലീസിനെ യുവതി മര്‍ദ്ദിച്ചു, യുവതിയും ഒപ്പമുണ്ടായിരുന്നയാളും മദ്യലഹരിയില്‍
വെസ്റ്റ് ഡല്‍ഹിയിലെ മായാപുരിയില്‍ മദ്യലഹരിയില്‍ ഹെല്‍മറ്റ് ഇല്ലാതെ ഇരുചക്രവാഹനം ഓടിച്ചതിന് ട്രാഫിക് പോലീസ് തടഞ്ഞുനിര്‍ത്തിയതിനെ തുടര്‍ന്ന് യുവതി പോലീസുകാരനെ ആക്രമിച്ചു. ചൊവ്വാഴ്ചയാണ് സംഭവം. ഒരു യുവാവിന്റെ ബൈക്കിനു പിന്നിലിരുന്ന യുവതിയാണ് പോലീസിനെ ആക്രമിച്ചത്.
ബൈക്ക് തടഞ്ഞതിനെ തുടര്‍ന്ന് പോലീസുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട യുവതി ബൈക്കില്‍ നിന്നിറങ്ങിവന്ന് പോലീസുകാരനെ തള്ളുകയും മൊബൈല്‍ ഉപയോഗിച്ച് ഇടിക്കുകയുമായിരുന്നു. ഇയാള്‍ക്കു നേരെ യുവതി കയര്‍ത്തും സംസാരിച്ചു. യുവതി പിടിച്ചുതള്ളിയതോടെ ട്രാഫിക് പോലീസ് ഓഫീസര്‍ ഏതാനും അടി പിന്നോട്ടുപോവുകയും ചെയ്തു.
ബൈക്കുമായി യുവാവ് പോകാന്‍ ശ്രമിക്കവേ മറ്റൊരു പോലീസുകാരന് അതിന്റെ താക്കോല്‍ ഊരിയെടുക്കുകയും ബൈക്ക് മാറ്റിയിടാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ ബൈക്കില്‍ നിന്നിറങ്ങിയ യുവതി ആ പോലീസുകാരനെയും ഇടിച്ചു. അയാളുടെ കയ്യില്‍ നിന്ന് താക്കോല്‍ തട്ടിയെടുത്തു.
നടുറോഡില്‍ വഴക്ക് തുടര്‍ന്നതോടെ വലിയ ഗതാഗതക്കുരുക്കും രൂപപ്പെട്ടു. ഈ സമയം റോഡിുണ്ടായിരുന്നവരെയും യുവതിയും യുവാവും അസഭ്യം പറയുന്നതും വീഡിയോയിലുണ്ട്. ട്രാഫിക് പോലീസുകാരന്റെ പരാതിയില്‍ യുവതിയും യുവാവും ചൊവ്വാഴ്ച രാത്രി തന്നെ അറസ്റ്റിലായി. അനില്‍ പാണ്ഡെ, മാധുരി എന്നിവരാണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha