നെഹ്‌റു കുടുംബത്തില്‍ നിന്നല്ലാതെ ആരെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് എത്തിയാല്‍ പാര്‍ട്ടി പിളരും; പ്രിയങ്കാഗാന്ധിയെ കോണ്‍ഗ്രസിന്റെ പുതിയാ പ്രസിഡന്റായി നിയോഗിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ വിദേശകാര്യ മന്ത്രിയുമായ നട്‌വര്‍ സിങ്

നെഹ്‌റു കുടുംബത്തില്‍ നിന്നല്ലാതെ ആരെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് എത്തിയാല്‍ പാര്‍ട്ടി പിളരുമെന്ന വെളിപ്പെടുത്തലുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ വിദേശകാര്യ മന്ത്രിയുമായ നട്‌വര്‍ സിങ് രംഗത്ത്.
പ്രിയങ്കാഗാന്ധിയെ കോണ്‍ഗ്രസിന്റെ പുതിയാ പ്രസിഡന്റായി നിയോഗിക്കണമെന്ന് നട്‌വര്‍ സിംഗ് പറഞ്ഞു. രാഹുല്‍ഗാന്ധി അദ്ധ്യക്ഷ പദവിയില്‍ നിന്നും ഇറങ്ങിയ ശേഷം കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കോണ്‍ഗ്രസ് പുതിയ പ്രസിഡന്റിനെ തേടുമ്പോഴാണ് ഈ ആവശ്യം അദ്ദേഹം ഉന്നയിച്ചത്. ഗാന്ധികുടുംബത്തില്‍ നിന്നല്ലാതെയുള്ള ഏതു നേതാവ് വന്നാലും 24 മണിക്കൂറിനുള്ളില്‍ കോണ്‍ഗ്രസ് പിളരുമെന്ന് അദ്ദേഹം പറഞ്ഞു.
ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുള്ളയാള്‍ പാര്‍ട്ടിയുടെ അദ്ധ്യക്ഷനായാല്‍ അത് ഉള്‍പ്പോരിന് കാരണമാകും. അക്കാര്യത്തില്‍ രാഹുല്‍ നിര്‍ദേശിക്കുന്നവര്‍ക്ക് പോലും പാര്‍ട്ടിയിലെ ഉള്‍പ്പോരിനെ നിയന്ത്രിക്കാന്‍ കഴിയാതെ വരുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് 134 വര്‍ഷം പഴക്കമുള്ള ഒരു പാര്‍ട്ടിക്ക് പ്രസിഡന്റില്ലാത്തത് തികച്ചും ദൗര്‍ഭാഗ്യകരമാണ്. ഗാന്ധികുടുംബത്തിന്റെ പുറത്തു നിന്നും ഒരാള്‍ക്ക് അദ്ധ്യക്ഷനാകാന്‍ കഴിയുമെന്ന് ഒരിക്കലും കരുതുന്നില്ലെന്ന് അദ്ദേഹം പറയുന്നു.
അതേസമയം പ്രിയങ്കാഗാന്ധിയെയും അദ്ദേഹം വാനോളം പുകഴ്ത്തി. യുപിയിലെ സോന്‍ഭദ്രയില്‍ പ്രിയങ്ക ചെയ്തത് നമ്മള്‍ കാണേണ്ടതാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അവര്‍ നമ്മളെ അതിശയിപ്പിച്ചു കളഞ്ഞു. ഉദ്ദേശിച്ച കാര്യത്തിനായി അവിടെ തങ്ങുകയും അത് സാധിച്ചെടുക്കുകയും ചെയ്തു. പാര്‍ട്ടി പ്രസിഡന്റായി പ്രിയങ്ക ഉയരുമോ എന്ന ചോദ്യത്തിന് അത് പ്രിയങ്ക തന്നെ തീരുമാനിക്കണമെന്നും സഹോദരന്‍ ഗാന്ധികുടുംബത്തിന് പുറത്ത് നിന്നും ഒരു പ്രസിഡന്റ് വരട്ടെ എന്ന് പറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ തീരുമാനം പുന പരിശോധിക്കാന്‍ കുടുംബം തന്നെ തയ്യാറായെങ്കിലേ എന്തെങ്കിലും നടക്കൂ എന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ പദവി ഏറ്റെടുക്കാത്ത സ്ഥാനത്ത് പ്രിയങ്ക വരണമെന്ന് അനേകം പാര്‍ട്ടി പ്രവര്‍ത്തകരാണ് ആഗ്രഹിക്കുന്നത്. നേരത്തേ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകന്‍ അഭിജിത് മുഖര്‍ജി ഇക്കാര്യം പ്രിയങ്കയോട് നേരിട്ട് അവതരിപ്പിച്ചുരന്നു. രാജ്യത്തെ ലക്ഷക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അഭിപ്രായത്തെ അവഗണിക്കരുത് എന്നായിരുന്നു നിര്‍ദേശം.
മുന്‍ മുഖ്യമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ മകനും സീനിയര്‍ കോണ്‍ഗ്രസ് നേതാവുമായി അനില്‍ ശാസ്ത്രിയും പാര്‍ട്ടിയെ ഇപ്പോള്‍ നയിക്കാന്‍ ഏറ്റവും അനുയോജ്യ പ്രിയങ്കയാണെന്ന് പറഞ്ഞിരുന്നു. തോല്‍വിയുടെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത് ഈ മാസം ആദ്യമായിരുന്നു രാഹുല്‍ഗാന്ധി പ്രസിഡന്റ് സ്ഥാനം വിട്ടത്. അതിന് ശേഷം ഇതുവരെ പുതിയ അദ്ധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ കഴിഞ്ഞിട്ടില്ല.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് രാഹുല്‍ പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനം രാജിവെച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിയെന്ന് കത്തില്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസിനെ സേവിക്കുന്നത് തനിക്ക് അംഗീകാരമാണെന്നും രാജ്യത്തോടും തന്റെ പാര്‍ട്ടിയോടും കടപ്പെട്ടിരിക്കുന്നെന്നും രാഹുല്‍ കത്തില്‍ വ്യക്തമാക്കി. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞതോടെ ഉടനെങ്ങും അധികാരത്തില്‍ തിരിച്ചുവരാന്‍ കഴിയില്ലെന്ന നിരാശയിലാണ് കോണ്‍ഗ്രസ് നേതൃത്വവും അണികളും. തുടര്‍ച്ചയായി രണ്ട് ലോക്സഭാ തിരഞ്ഞെടുപ്പിലും അമ്പേ പരാജയപ്പെടുകയും പ്രധാന പ്രതിപക്ഷ പദവി പോലും നഷ്ടപ്പെടുകയും ചെയ്ത കോണ്‍ഗ്രസിന് അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുല്‍ ഗാന്ധികൂടി പിന്മാറിയതോടെ ഇനി പ്രതീക്ഷയ്ക്ക് വകയില്ലെന്ന നിലയിലേക്കെത്തിയിരിക്കുകയാണ് നേതാക്കള്‍ പലരും.
https://www.facebook.com/Malayalivartha























