ചന്ദ്രനെ തൊട്ട് നമ്മുടെ ഇന്ത്യ; ബഹിരാകാശ പര്യവേഷണത്തില്‍ നമ്മള്‍ ഇന്നോളം പരീക്ഷിച്ചിട്ടുള്ള ഏറ്റവും സങ്കീര്‍ണ ദൗത്യമായ ചന്ദ്രയാന്‍- 2 സഫലമാകുമ്പോള്‍ ചന്ദ്രോപരിതലത്തില്‍ സോഫ്ട് ലാന്‍ഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യം

ബഹിരാകാശ പര്യവേഷണത്തില്‍ നമ്മള്‍ ഇന്നോളം പരീക്ഷിച്ചിട്ടുള്ള ഏറ്റവും സങ്കീര്‍ണ ദൗത്യമായ ചന്ദ്രയാന്‍- 2 സഫലമാകുമ്പോള്‍ ചന്ദ്രോപരിതലത്തില്‍ സോഫ്ട് ലാന്‍ഡിംഗ് നടത്തുന്ന നാലാമതു രാജ്യമാവുക മാത്രമല്ല ഇന്ത്യ. ചന്ദ്രന്റെ ഇതുവരെ ആരും ചെന്നെത്താത്ത ദക്ഷിണധ്രുവത്തില്‍ യന്ത്രക്കാലുറപ്പിക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറുന്നു.
പൂര്‍ണമായും നാട്ടില്‍ത്തന്നെ വികസിപ്പിച്ചെടുത്ത റോക്കറ്റില്‍, തദ്ദേശീയമായി രൂപകല്പന ചെയ്ത ലാന്‍ഡറില്‍, ഇന്ത്യയുടെ സ്വന്തം റോവര്‍ (പരീക്ഷണ വാഹനം) ആണ് ചന്ദ്രനിലിറങ്ങുക. തുടരാനിരിക്കുന്ന ചാന്ദ്രദൗത്യങ്ങളില്‍ ഇന്ത്യയ്ക്ക് ഇത് വെറുമൊരു ചുവടുവയ്പല്ല, വലിയ കുതിപ്പു തന്നെയാണ്.
ഒരാഴ്ച മുമ്പ്, ജൂലായ് 15 ന് പുലര്‍ച്ചെ 2.51 ന് വിക്ഷേപിക്കാന്‍ നിശ്ചിയിച്ചിരുന്ന ചന്ദ്രയാന്‍-2, നിസ്സാരമായ സാങ്കേതിക തകരാറുകള്‍ കാരണം അവസാന നിമിഷം നീട്ടിവയ്‌ക്കേണ്ടിവന്നതിന്റെ ആശങ്ക ഇത്തവണ ഐ.എസ്. ആർ .ഒ.യ്ക്ക് തീരെയില്ല. ഇന്ധന ടാങ്കിലെ സ്വയം ക്രമീകരിപ്പെടുമായിരുന്ന മര്‍ദ്ദവ്യത്യാസം കാരണമായിരുന്നു അന്നത്തെ മാറ്റിവയ്ക്കല്‍. 98 ശതമാനവും വിജയമാകുമായിരുന്നുവെന്ന് അറിയാമായിരുന്നിട്ടും ദൗത്യം നീട്ടിവയ്ക്കാന്‍ ശാസ്ത്രജ്ഞര്‍ തീരുമാനിച്ചതിന് ഒരു കാരണമേയുള്ളൂ: ഇന്ത്യയെപ്പോലെ ഒരു വികസ്വര രാജ്യത്തിന് ചന്ദ്രയാന്‍- 2 ദൗത്യത്തിനു ചെലവിടുന്ന 1000 കോടി രൂപ ഒരു ചെറിയ സംഖ്യയല്ല.
റഷ്യയ്ക്കും അമേരിക്കയ്ക്കും ചൈനയ്ക്കും മുന്നില്‍ നാണക്കേടാകുമോ എന്നതല്ല, ഇപ്പോഴും സ്വന്തമായി ശുചിമുറികള്‍ പോലുമില്ലാത്ത ലക്ഷക്കണക്കിനു വെറും സാധാരണക്കാരുടെ കൂടി പണമാണിത് എന്ന ഉത്തരവാദിത്വബോധമാണ് അവരെ നയിച്ചതെന്ന് അര്‍ത്ഥം. അതു തന്നെയാണ് സങ്കീര്‍ണ സാങ്കേതികതയ്ക്കപ്പുറം ഈ ദൗത്യത്തിന്റെ മഹനീയതയും.
അതേസമയം, 2019- 20 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബഡ്ജറ്റ് അവതരണത്തില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ രാജ്യത്ത് അഞ്ചു വര്‍ഷത്തിനിടെ അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ മാത്രം ചെലവഴിക്കുമെന്ന് പ്രഖ്യാപിച്ച സംഖ്യ എത്രയെന്ന് ഓര്‍മ്മയുണ്ടോ? 50 ലക്ഷം കോടി. ആയിരം കോടിയില്‍ നിന്ന് ഈ വലിയ സംഖ്യയിലേക്കുള്ള ദൂരം അത്ര ചെറുതല്ല. അപ്പോള്‍ മനസ്സിലാകും, എത്ര ചെലവു ചുരുക്കിയാണ് ചാന്ദ്രദൗത്യം ഉള്‍പ്പെടെ നമ്മുടെ ബഹിരാകാശ ദൗത്യങ്ങളോരോന്നുമെന്ന്. കര്‍ശനമായ സാമ്പത്തിക അച്ചടക്കം പാലിച്ചും, അങ്ങേയറ്റം സാങ്കേതിക പൂര്‍ണത ഉറപ്പാക്കിയുമാണ് ആകാശം കടന്നുള്ള നമ്മുടെ അന്വേഷണയാത്രകളോരോന്നും.
മനുഷ്യരാശിയില്‍ നിന്നൊരാളുടെ- നീല്‍ ആംസ്‌ട്രോംഗിന്റെ സ്‌പേസ് ഷൂസിന്റെ അമര്‍ന്ന പാടുകള്‍ ചന്ദന്റെ മണ്ണില്‍ പതിഞ്ഞതിന്റെ അമ്പതാം വര്‍ഷത്തിലാണ് ഇന്ത്യയുടെ ചന്ദ്രയാന്‍- 2 ദൗത്യം 1969 ജൂലായ് 16-ന് ആയിരുന്നു അമേരിക്കയുടെ അപ്പോളോ വിക്ഷേപണം. ആംസ്‌ട്രോംഗ് ചന്ദ്രനിലിറങ്ങിയത് ജൂലായ് 20 നും. അപ്പോളോ ദൗത്യത്തിന്റെ വാര്‍ഷികത്തലേന്ന് ജി.എസ്.എല്‍.വി മാര്‍ക്ക് ത്രീ റോക്കറ്റ് ആകാശത്തേക്കു തൊടുക്കാനായിരുന്നു ഐ.എസ്.ആര്‍.ഒയുടെ പദ്ധതി. അന്നു മാറ്റിവയ്‌ക്കേണ്ടിവന്ന ആ സ്വപ്‌നം ഇന്ന് യാഥാര്‍ത്ഥ്യമാകുന്നതാകട്ടെ, ചന്ദ്രനിലെ ആദ്യ മനുഷ്യസ്പര്‍ശമുണ്ടായ ജൂലായ് 20 കഴിഞ്ഞ് രണ്ടു ദിവസം കൂടി പിന്നിട്ട്.
2022 ല്‍ ഒരു ഇന്ത്യക്കാരനെ ചന്ദ്രനിലേക്ക് അയയ്ക്കാനിരിക്കുന്ന ഇന്ത്യയ്ക്ക് ചന്ദ്രയാന്‍- 2 ദൗത്യം അങ്ങേയറ്റം നിര്‍ണായകമാണ്. ഈ ദൗത്യത്തിന്റെ വിജയം അടിസ്ഥാനമാക്കിയായിരിക്കും മൂന്നു വര്‍ഷത്തിനപ്പുറമുള്ള ആ ചരിത്ര നിമിഷത്തിന്റെ പിറവി. ചന്ദ്രനിലേക്കുള്ള ഏതു പര്യവേഷണത്തിനു പിന്നിലെയും പ്രധാന ഉദ്ദേശ്യം, അവിടെ ഉറഞ്ഞുകിടപ്പുണ്ടെന്ന് നേരത്തേ തന്നെ തിരിച്ചറിഞ്ഞിട്ടുള്ള വെള്ളത്തിന്റെ മഞ്ഞുപരലുകള്‍ കണ്ടെത്തുകയാണ്. അതിന് ഏറ്റവുമധികം സാധ്യതയുള്ള ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലാകട്ടെ, ആരും ചെന്നെത്തിയിട്ടുമില്ല.
ഇന്ത്യ വിരല്‍ തൊടുന്നത് അവിടെയാണ്. രണ്ടു വലിയ കൊടുമുടികള്‍ക്കിടയിലെ സമതലത്തില്‍ ചന്ദ്രയാന്‍-2 ചുവടുറപ്പിക്കാന്‍ പക്ഷേ, ഇനി 48 നാള്‍ കാത്തിരിക്കണം. 3.8 ലക്ഷം കിലോമീറ്ററാണ് ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരം. ഈ മഹാദൂരം ഒറ്റയടിക്ക് മറികടക്കുകയല്ല ചന്ദ്രയാന്‍ ചെയ്യുന്നത്. 23 ദിവസം ഭൂമിയ ഭ്രമണം ചെയ്തതിനു ശേഷമാണ് ബാക്കി യാത്ര. ഈ കാലയളവില്‍ അഞ്ചു ഘട്ടമായി ഭ്രമണപഥമുയര്‍ത്തി ചന്ദ്രനിലേക്ക് കുറേക്കൂടി അടുക്കും. പിന്നെ ചന്ദ്രന്റെ ഭ്രമണപഥത്തില്‍ 18 ദിവസം. ചന്ദ്രയാന്‍- 2 ചന്ദ്രനിലിറങ്ങുന്ന തീയതി ഐ.എസ്.ആര്‍.ഒ ഔദ്യോഗികമായി പ്രഖ്യപിച്ചിട്ടില്ലെങ്കിലും സെപ്തംബര്‍ ഏഴിനു മുമ്പ് അതുണ്ടാകും.
എന്തുകൊണ്ട് ചന്ദ്രനിലേക്ക് എന്ന ചോദ്യത്തിന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ. ശിവന്‍ മറുപടി പറയുന്നത് ഇങ്ങനെ: ഭൂമിയോട് ഏറ്റവുമടുത്ത ഉപഗ്രഹം. ചന്ദ്രന്റെ ജനനം ഉള്‍പ്പെടെ സൗരയൂഥം രൂപപ്പെട്ടത് എങ്ങനെയെന്ന് മനസ്സിലാക്കുന്നത് ഭൂമിയുടെ ഉത്പത്തിയെക്കുറിച്ചു കൂടി പഠിക്കുന്നതില്‍ നിര്‍ണായകമാണ്. ചന്ദ്രയാന്‍-2 നെഞ്ചിലേറ്റുന്ന സങ്കീര്‍ണ ദൗത്യത്തിന്റെ വലുപ്പത്തിനു മുന്നില്‍ ഓരോ ഭാരതീയന്റെയും നമസ്‌കാരം. ഇന്ത്യ പ്രാര്‍ത്ഥനയിലാണ്.
https://www.facebook.com/Malayalivartha























