കുട്ടിയാനയുടെ മരണത്തിനിടയാക്കിയ ട്രാന്‍സ്‌ഫോമറുകള്‍ പിഴുതെറിഞ്ഞ് പ്രതികാരമടക്കി അമ്മയാന

കുട്ടിയാനയുടെ മരണത്തിന് പ്രതികാരം വീട്ടി അമ്മയാന. ആന്ധ്രാപ്രദേശിലെ പാലമനറിലാണ് കുഞ്ഞിന്റെ മരണത്തിനിടയാക്കിയ ട്രാന്‍സ്‌ഫോമറുകള്‍ പിഴുതെറിഞ്ഞ് അമ്മയാന പ്രതികാരം പൂര്‍ത്തിയാക്കിയത്. ഇക്കഴിഞ്ഞ ഞായാറാഴ്ച പുലര്‍ച്ചയോടെയാണ് കൗണ്ടിന്യ വന്യജീവി സങ്കേതത്തോട് ചേര്‍ന്നുള്ള ഗ്രാമത്തിലെ ഒരു കൃഷി ഭൂമിയില്‍ രണ്ട് വയസുള്ള ആന ഷോക്കേറ്റ് മരിച്ചത്. അമ്മയാനയ്‌ക്കൊപ്പം എത്തിയ വഴിക്കാണ് ഇന്‍സുലേറ്റ് ചെയ്യാത്ത ട്രാന്‍സ്‌ഫോമര്‍ വയറില്‍ നിന്നും കുട്ടിയാനയ്ക്ക് ഷോക്കേല്‍ക്കുന്നത്. സംഭവം അറിഞ്ഞ് ആളുകള്‍ തടിച്ചു കൂടിയതോടെയാണ് ആനയുടെ ശരീരം അവിടെ നിന്ന് നീക്കാന്‍ അധികൃതര്‍ പാടുപെട്ടു.
വൈകുന്നേരത്തോടെയാണ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ഗ്രാമവാസികളുടെ സഹായത്തോടെ ആനയുടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്. സംസ്‌കാര ശേഷം ആനക്കുട്ടിയെ കൊന്ന ട്രാന്‍സ്‌ഫോമറിലെ പവര്‍ സപ്ലൈ ഓഫ് ചെയ്യാന്‍ വനം വകുപ്പ് അധികൃതര്‍ തീരുമാനിച്ചു. കുഞ്ഞിന്റെ മരണത്തില്‍ കലി പൂണ്ട അമ്മയാന പ്രതികാരത്തിനായി തിരികെയെത്തുമെന്ന് പ്രതീക്ഷിച്ചായിരുന്നു ഈ നടപടി. ഇതിനൊപ്പം സമീപത്തെ കുറച്ച് ട്രാന്‍സ്‌ഫോമറുകളിലെയും പവര്‍ സപ്ലൈയും ഓഫ് ചെയ്തിരുന്നു. അധികൃതര്‍ പ്രതീക്ഷിച്ചത് പോലെ തന്നെ അടുത്ത ദിവസം പുലര്‍ച്ചയോടെ അമ്മയാന വീണ്ടും അപകടം നടന്ന സ്ഥലത്തെത്തി.
തന്റെ എല്ലാ ശക്തിയും ഉപയോഗിച്ച് മകനെ കൊന്ന ട്രാന്‍സ്‌ഫോമറുകള്‍ പിഴുതെറിഞ്ഞ അമ്മയാന, നിലത്ത് കിടന്ന കേബിളുകള്‍ നശിപ്പിക്കാനും ശ്രമിച്ചു. ഇതിനു ശേഷം ആ അമ്മ പോയത് തന്റെ കുഞ്ഞിനെ സംസ്‌കരിച്ച സ്ഥലത്തേക്കായിരുന്നു. ഇളകി മറിഞ്ഞു കിടന്ന ആ നനഞ്ഞ മണ്ണിന് സമീപം അല്‍പ സമയം നിന്ന ശേഷം തുമ്പിക്കൈ ഉയര്‍ത്തി കുറച്ചു നേരം നിന്നു. മകനെ നഷ്ടപ്പെട്ട ഒരമ്മയുടെ വേദനയായിരുന്നു ആ നില്‍പ്. എന്നിട്ട് ഇരുട്ടിലേക്ക് മടങ്ങി എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
https://www.facebook.com/Malayalivartha























