ചന്ദ്രയാൻ ചന്ദ്രനെ തൊടാൻ വെല്ലുവിളിയുടെ 48 ദിനങ്ങൾ

ബഹിരാകാശ പര്യവേഷണത്തില്‍ നമ്മള്‍ ഇന്നോളം പരീക്ഷിച്ചിട്ടുള്ള ഏറ്റവും സങ്കീര്‍ണ ദൗത്യമായ ചന്ദ്രയാന്‍- 2 സഫലമാകുമ്പോള്‍ ചന്ദ്രോപരിതലത്തില്‍ സോഫ്ട് ലാന്‍ഡിംഗ് നടത്തുന്ന നാലാമതു രാജ്യമാവുക മാത്രമല്ല ഇന്ത്യ. ചന്ദ്രന്റെ ഇതുവരെ ആരും ചെന്നെത്താത്ത ദക്ഷിണധ്രുവത്തില്‍ യന്ത്രക്കാലുറപ്പിക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറുന്നു.
പൂര്‍ണമായും നാട്ടില്‍ത്തന്നെ വികസിപ്പിച്ചെടുത്ത റോക്കറ്റില്‍, തദ്ദേശീയമായി രൂപകല്പന ചെയ്ത ലാന്‍ഡറില്‍, ഇന്ത്യയുടെ സ്വന്തം റോവര്‍ (പരീക്ഷണ വാഹനം) ആണ് ചന്ദ്രനിലിറങ്ങുക. തുടരാനിരിക്കുന്ന ചാന്ദ്രദൗത്യങ്ങളില്‍ ഇന്ത്യയ്ക്ക് ഇത് വെറുമൊരു ചുവടുവയ്പല്ല, വലിയ കുതിപ്പു തന്നെയാണ്. എന്നാൽ ജി.എസ്.എൽ.വി റോക്കറ്റിലേറി ബഹിരാകാശത്തെത്തിയ ചന്ദ്രയാൻ 2 ന് ഇനി വെല്ലുവിളിയുടെ 48 ദിനങ്ങൾ താണ്ടണം. അതിനൊടുവിൽ ചന്ദ്രന്റെ മാറിൽ മൃദുവായി താണിറങ്ങുന്നതു വരെ ഉത്കണ്ഠയുടെ നിമിഷങ്ങളാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത് .
പ്രയാണകാലത്ത് ചന്ദ്രയാനിലെ പിടിനഷ്ടപ്പെടാതെ സൂക്ഷിക്കുന്നതാണ് ഇനിയുള്ള പ്രധാന വെല്ലുവിളി. അതോടൊപ്പം പ്രദക്ഷിണപഥത്തിന്റെ വലിപ്പം കൂട്ടിക്കൊണ്ടിരിക്കണം. ഇതിനുള്ള നിയന്ത്രണസംവിധാനങ്ങൾ കൃത്യമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്.
പിന്നത്തെ ഏറ്റവും വലിയ പ്രശ്നം ചന്ദ്രയാൻ 2 ഇറങ്ങാൻ ലക്ഷ്യമിടുന്നത് ചന്ദ്രനിലെ തെക്കേ ധ്രുവത്തിലാണ് എന്നതാണ്. ആരും ഇതുവരെ പോയിട്ടില്ലാത്ത, കണ്ടിട്ടില്ലാത്ത, അറിഞ്ഞിട്ടില്ലാത്ത സ്ഥലമാണത്. അവിടെ വെളിച്ചം കുറവാണ്. എന്നാൽ ചന്ദ്രയാനിലെ ഉപകരണങ്ങൾക്കാവശ്യമായ വൈദ്യുതി ലഭ്യമാക്കുന്നത് സൂര്യപ്രകാശത്തിൽ നിന്നാണ്. അതിൽ ഊർജ്ജം ശേഖരിക്കാനുള്ള സംവിധാനമൊരുക്കിയിട്ടുണ്ടെങ്കിലും വെളിച്ചക്കുറവ് പ്രശ്നമുണ്ടാക്കിയേക്കുമെന്ന് ആശങ്കയുണ്ട്.
ചന്ദ്രനിൽ ലാൻഡർ ഇറങ്ങുന്നതാണ് അടുത്ത വെല്ലുവിളി. സാധാരണ ബഹിരാകാശ പേടകങ്ങൾ ഇടിച്ചിറക്കുകയോ, അല്ലെങ്കിൽ പാരച്യൂട്ട് ഉപയോഗിച്ച് ഇറക്കുകയോ ആണ് പതിവ്. എന്നാൽ ചന്ദ്രനിൽ ഇതിനാവില്ല. ഇടിച്ചിറക്കിയാൽ ഉപകരണങ്ങൾക്ക് കേടുപറ്റാം. മാത്രമല്ല ചന്ദ്രനിലെ ഗുരുത്വാകർഷണത്തിലെ വ്യത്യാസം കണക്കുകൂട്ടലുകൾ തെറ്റിക്കാനുമിടയുണ്ട്. അതിനാൽ പേടകത്തിലെ ചക്രം വിപരീതദിശയിൽ തിരിച്ച് വേഗം കുറച്ച് ഒരു പമ്പരം പോലെയാണ് ലാൻഡർ ചന്ദ്രന്റെ മണ്ണിലിറങ്ങുക. ഇതിനും വിനിമയ സംവിധാനങ്ങൾ കൃത്യമായി പ്രവർത്തിക്കേണ്ടതുണ്ട്. വിനിമയം കാര്യക്ഷമമാക്കാൻ വൈദ്യുതി വേണം.
വൈദ്യുതി കിട്ടുന്നത് സൂര്യനിൽ നിന്നാണ്. സൂര്യരശ്മി തെക്കേ ധ്രുവത്തിൽ കുറവുമാണ്. ഇതിന് പുറമെ ഭൂമിയിലെ പതിന്നാല് ദിവസമാണ് ചന്ദ്രനിലെ ഒരു പകൽ. ഒരു രാത്രിയുമതേ. ഇത് ഉപകരണങ്ങളിലെ വൈദ്യുതി ശേഖരണത്തെ എങ്ങനെ ബാധിക്കുമെന്ന് ആശങ്കയുണ്ട്. വൈദ്യുതി ലാഭിക്കാൻ ചന്ദ്രനിൽ നടക്കുന്ന റോവറിൽ നിന്ന് ഡാറ്റാകളും ഫോട്ടോകളും ഭൂമിയിലേക്ക് നേരിട്ട് അയയ്ക്കില്ല. പകരം റോവറിൽ നിന്നുള്ള ഫോട്ടോയും ഡാറ്റായും ഓർബിറ്ററിലും ലാൻഡറിലും വഴിയാണ് ബാംഗ്ളൂരിലെ കേന്ദ്രത്തിലേക്ക് അയയ്ക്കുക. ഭൂമിയിൽ നിന്ന് 3.80 ലക്ഷം കിലോമീറ്റർ അകലെയാണ് ചന്ദ്രൻ. ഇത്രയും ദൂരത്തിൽ വിനിമയ സംവിധാനങ്ങൾ മുറിയാതെ നിലനിറുത്തണം. അതും കടുത്ത വെല്ലുവിളിയാണ്.
https://www.facebook.com/Malayalivartha























