മോദി രാജ്യത്തെ വഞ്ചിച്ചു; കാശ്‌മീർ വിഷയത്തിൽ മദ്ധ്യസ്ഥത വഹിക്കാൻ അമേരിക്കയുടെ സഹായം ആവശ്യപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ താത്പര്യങ്ങളെ ബലികൊടുത്തുവെന്ന് രാഹുൽ ഗാന്ധി

കാശ്‌മീർ വിഷയത്തിൽ മദ്ധ്യസ്ഥത വഹിക്കാൻ അമേരിക്കയുടെ സഹായം പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപെട്ടെന്ന വാർത്തയോട് പ്രതികരിച്ച് രാഹുൽ ഗാന്ധി എം.പി. കാശ്‌മീർ വിഷയത്തിൽ മദ്ധ്യസ്ഥത വഹിക്കാൻ അമേരിക്കയുടെ സഹായം ആവശ്യപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ താത്പര്യങ്ങളെ ബലികൊടുത്തുവെന്നും ഇക്കാര്യത്തിൽ അദ്ദേഹം ഉത്തരം പറയണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. കാശ്‌മീർ വിഷയത്തിൽ ഇന്ത്യയ്‌ക്കും പാകിസ്ഥാനും ഇടയിൽ മദ്ധ്യസ്ഥത വഹിക്കാൻ മോദി ആവശ്യപ്പെട്ടെന്നായിരുന്നു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം. അത് സത്യമാണെങ്കിൽ മോദി ഇന്ത്യയുടെ താത്പര്യങ്ങളെയും 1972ലെ ഷിംലാ കരാറിലെ വ്യവസ്ഥകളെയും ബലികൊടുത്തിരിക്കുകയാണ്. ഇക്കാര്യത്തിൽ വിദേശകാര്യമന്ത്രാലയത്തിന്റെ നിഷേധക്കുറിപ്പ് മതിയാകില്ല. ട്രംപുമായുള്ള യോഗത്തിൽ എന്തൊക്കെയാണ് സംസാര വിഷയമായതെന്ന് മോദി രാജ്യത്തോട് വ്യക്തമാക്കണമെന്നും രാഹുൽ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. എന്നാൽ വിഷയത്തിൽ പാർലമെന്റിന്റെ ഇരുസഭകളിലും കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധത്തിൽ രാഹുൽ ഉണ്ടായിരുന്നില്ല.
പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് കാശ്‌മീർ വിഷയത്തിൽ മദ്ധ്യസ്ഥത വഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നോട് ആവശ്യപ്പെട്ടതായി ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടത്. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ കഴിയുമെങ്കിൽ മദ്ധ്യസ്ഥത വഹിക്കാൻ താൻ ഒരുക്കമാണെന്നും ട്രംപ് പറഞ്ഞിരുന്നു. എന്നാൽ ട്രംപിന്റെ അവകാശവാദത്തെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ശക്തമായി എതിർത്തു. കാശ്‌മീർ വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് നരേന്ദ്ര മോദി അമേരിക്കയോട് യാതൊരു വിധത്തിലുള്ള സഹായവും ആവശ്യപ്പെട്ടിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി എസ്.ജയ്‌ശങ്കർ പാർലമെന്റിന്റെ ഇരുസഭകളെയും അറിയിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങൾ ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കണമെന്നാണ് ഇന്ത്യയുടെ നിലപാടെന്നും അദ്ദേഹം അറിയിച്ചു. ഇക്കാര്യത്തിൽ എന്തെങ്കിലും ചർച്ചകൾ നടത്തണമെങ്കിൽ അതിർത്തി കടന്നുള്ള പാകിസ്ഥാന്റെ തീവ്രവാദം അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.അതേസമയം, കാശ്‌മീർ വിഷയത്തിൽ മൂന്നാമതൊരു രാജ്യത്തിന്റെ ഇടപെടൽ ആവശ്യമില്ലെന്ന ഇന്ത്യയുടെ നേരത്തെയുള്ള നിലപാട് തള്ളുന്നതാണ് മോദിയുടെ നീക്കമെന്ന് ആരോപിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്. ട്രംപ് പറഞ്ഞത് കളവാണെങ്കിൽ മോദി തന്നെ ഇക്കാര്യം തിരുത്തണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. എന്നാൽ താൻ എന്താണ് പറയുന്നതെന്ന് ട്രംപിന് അറിയില്ലെന്നാണ് ശശി തരൂർ എം.പി പ്രതികരിച്ചത്. കാശ്‌മീർ വിഷയത്തിൽ മദ്ധ്യസ്ഥത വഹിക്കാൻ മോദി ട്രംപിനോട് ആവശ്യപ്പെട്ടു എന്ന വാദം തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ട്രംപിന്റെ അവകാശവാദം ഇന്ത്യ നിഷേധിച്ചതിനു പിന്നാലെയാണു തിരുത്തലുമായി യുഎസും രംഗത്തെത്തിയത്. കശ്മീർ ഉഭയകക്ഷി വിഷയമാണെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് അറിയിച്ചു. ഇന്ത്യയും പാക്കിസ്ഥാനുമാണ് അതു ചർച്ച ചെയ്യേണ്ടത്. രണ്ടുരാജ്യങ്ങളും ഒരുമിച്ചിരിക്കാൻ തയാറായാൽ സഹായങ്ങൾ നൽകാൻ യുഎസ് ഒരുക്കമാണ്. രാജ്യത്തിനകത്തെ ഭീകരർക്കെതിരെ പാക്കിസ്ഥാൻ എന്തു നടപടിയെടുക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണു വിജയകരമായ സംവാദം തുടങ്ങുക. മേഖലയിലെ സംഘർഷം കുറയ്ക്കാനും സംവാദ സാഹചര്യം സൃഷ്ടിക്കാനും എല്ലാ സഹായങ്ങളും നൽകാൻ യുഎസ് തയാറാണ് എന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് വാർത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു.
ട്രംപിന്റെ വെളിപ്പെടുത്തലിനെ അപലപിച്ചു യുഎസ് ജനപ്രതിനിധി രംഗത്തുവന്നിരുന്നു. ‘അപക്വവും അമ്പരിപ്പിക്കുന്നതുമായ തെറ്റാണു ട്രംപിന്റെ ഭാഗത്തുനിന്നുണ്ടായത്. ഇന്ത്യൻ അംബാസിഡർ ഹർഷ് ഷ്രിഗ്ലയോടു മാപ്പു ചോദിക്കുന്നു എന്നും ഡെമോക്രാറ്റ് ജനപ്രതിനിധി ബ്രാഡ് ഷെർമാൻ വ്യക്തമാക്കി. കശ്മീർ വിഷയത്തിൽ മൂന്നാമതൊരു കക്ഷി ഇടപെടുന്നതിനെ ഇന്ത്യ എതിർക്കാറുണ്ടെന്ന് തെക്കൻ ഏഷ്യയുടെ വിദേശനയത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർക്കെല്ലാം സുപരിചിതമാണ്. മോദി അത്തരമൊരു നിർദേശം വയ്ക്കില്ലെന്നും എല്ലാവർക്കുമറിയാം എന്നുംബ്രാഡ് ഷെർമാൻ വിശദീകരിച്ചു.
https://www.facebook.com/Malayalivartha























