സര്‍ക്കാരുണ്ടാക്കാന്‍ യദ്യൂരപ്പ ധൃതിപിടിക്കുന്നുണ്ടെങ്കിലും ദേശീയ നേതൃത്വത്തിന്റെ അനുമതിയില്ലാതെ ഒരടി മുന്നോട്ട് പോകാനൊക്കില്ല

കര്‍ണാടകയില്‍ കുമാരസ്വാമി സര്‍ക്കാര്‍ പപ്പടം പൊടിയും പോലെ പൊടിഞ്ഞിട്ടും തിടുക്കപ്പെട്ട് സര്‍ക്കാരുണ്ടാക്കാതെ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ കരുതലോടെ നീങ്ങുന്നു. സര്‍ക്കാരുണ്ടാക്കാന്‍ യദ്യൂരപ്പ ധൃതിപിടിക്കുന്നുണ്ടെങ്കിലും ദേശീയ നേതൃത്വത്തിന്റെ അനുമതിയില്ലാതെ ഒരടി മുന്നോട്ട് പോകാനൊക്കില്ല. ഏത് സമയവും കാല് വാരാന്‍ സാധ്യതയുള്ളവരെ വെച്ച് തട്ടിക്കൂട്ട് സര്‍ക്കാരുണ്ടാക്കണ്ടെന്നാണ് അമിത്ഷായുടെ നിലപാട്. സ്ഥിരതയുള്ള സര്‍ക്കരാവണം രൂപീകരിക്കേണ്ടത്. അതിനുള്ള ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ പുരോഗമിക്കുന്നുണ്ട്. പെട്ടെന്ന് സര്‍ക്കാരുണ്ടാക്കിയാല്‍ അതിന്റെ ഭാവിയെ കുറിച്ച് കേന്ദ്രസര്‍ക്കാരിന് ശുഭാപ്തിവിശ്വാസമില്ല. നാളെ ഇതുപോലെ മറ്റൊരു അട്ടിമറിയുണ്ടായാല്‍ അത് ബി.ജെ.പിക്കും കേന്ദ്രത്തിനും വലിയ തിരിച്ചടിയാകും. അതുകൊണ്ട് സ്പീക്കറുടെ തീരുമാനവും കോടതിയിലെ കാര്യങ്ങളിലും വ്യക്തത വരുന്നത് വരെ കാത്തിരിക്കാമെന്ന നിലപാടിലാണവര്‍.
അതേസമയം ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ അനുമതി പ്രതീക്ഷിച്ചിരിക്കുകയാണെന്നും കിട്ടിയാലുടന്‍ എം.എല്‍.എമാരുമായി രാജ്ഭവനിലെത്തി കത്ത് നല്‍കുമെന്ന് യദ്യൂരപ്പ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇതിന് മുന്നോടിയായി കര്‍ണാടകയിലെ മുതിര്‍ന്ന നേതാവ് ജഗദീഷ് ഷെട്ടാര്‍ ഡല്‍ഹിയിലെത്തി അമിത്ഷായുമായി ചര്‍ച്ച നടത്തി. അതിന് ശേഷം ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെപി നഡ്ഡയേയും ഷെട്ടാര്‍ കണ്ടു. രണ്ട് പേരും തിടുക്കപ്പെട്ട് തീരുമാനങ്ങള്‍ വേണ്ടെന്ന സൂചനയാണ് നല്‍കിയതെന്ന് അറിയുന്നു. സര്‍ക്കാര്‍ ഉണ്ടാക്കുന്നത് സംബന്ധിച്ച വാര്‍ത്തകളും വിവരങ്ങളും പുറത്ത് വരാത്തതും നേതാക്കള്‍ ഇതേക്കുറിച്ച് പ്രതികരിക്കാത്തതും അതുകൊണ്ടാണെന്നും അറിയുന്നു. കര്‍ണാടകയിലെ ബിജെപി നേതാവ് ബസവരാജ് ബൊമ്മയ് പറയുന്നത് സ്ഥിരതയുള്ള സര്‍ക്കാര്‍ രൂപീകരിക്കുകയാണ് ലക്ഷ്യം, അതിനായി കാത്തിരിക്കുകയാണെന്നാണ്.
ബി.ജെ.പിയുടേതും ഇപ്പോള്‍ വിമതപക്ഷത്തുള്ള കോണ്‍ഗ്രസ്-ജെ.ഡി.എസ് എം.എല്‍.എമാരും കാലുവാരില്ലെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. ഖനി, കരിമ്പ് മേഖലകളിലുള്ള എം.എല്‍.എമാര്‍ ഏത് നിമിഷവും മറുകണ്ടംചാടാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് അക്കാര്യങ്ങില്‍ വ്യക്തമായ തീരുമാനവും ഉറപ്പും പാര്‍ട്ടിക്ക് കിട്ടാതെ സര്‍ക്കാര്‍ രൂപീകരിക്കേണ്ടെന്ന നിലപാടിലാണവര്‍. അതുകൊണ്ടാണ് കര്‍ണാടകത്തില്‍ രാഷ്ട്രപതി ഭരണത്തിന് സാധ്യതയുണ്ടെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നത്. നിയമവിദഗ്ധരുമായും ബി.ജെ.പി നേതൃത്വം കൂടിയാലോചനകള്‍ നടത്തുന്നുണ്ട്. നിയമസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷി ബിജെപിയാണ്. അതുകൊണ്ട് നിയമസഭാ കക്ഷിനേതാവായ യദ്യൂരപ്പയെ ഗവര്‍ണര്‍ക്ക് സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കാം. അതല്ലെങ്കില്‍ കര്‍ണാടകയിലെ രാഷ്ട്രീയ അനിശ്ചിതാവസ്ഥ ചൂണ്ടിക്കാട്ടി രാഷ്ട്രപതി ഭരണത്തിനും ശുപാര്‍ശ ചെയ്യാം. അങ്ങനെ വന്നാല്‍ ഇടക്കാല തെരഞ്ഞെടുപ്പിലേക്ക് നീങ്ങും. ഇപ്പോഴത്തെ സ്ഥിതിയില്‍ അതിനുള്ള സാധ്യത കാണുന്നില്ല.
ഏറെ രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവിലാണ് ജെ.ഡി.എസ്- കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കുമാരസ്വാമി സര്‍ക്കാര്‍ കഴിഞ്ഞദിവസം നിലംപൊത്തിയത്. സഖ്യകക്ഷികളിലെ 16 എം.എല്‍.എമാര്‍ സ്പീക്കര്‍ക്ക് രാജിക കത്ത് നല്‍കുകയും സ്പീക്കര്‍ അത് അംഗീകരിക്കാതിരിക്കുകയും ചെയ്തതോടെയാണ് അനിശ്ചിതത്വം തുടങ്ങിയത്. വിമതരെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ മുംബയില്‍ ചെന്നെങ്കിലും കാണാന്‍ ബി.ജെ.പി ഭരിക്കുന്ന മഹാരാഷ്ട്രയിലെ പൊലീസ് അനുവദിച്ചില്ല. വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കാത്ത 16 എം.എല്‍.എമാരെ സ്പീക്കര്‍ അയോഗ്യരാക്കുമെന്നാണ് അറിയുന്നത്. അതേസമയം വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കരുതെന്ന് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. അത് കൂറുമാറ്റനിരോധന നിയമത്തിന് വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/Malayalivartha























