രാജപക്‌സെയുടെ കള്ളപ്പണം, ശ്രീലങ്ക ഇന്ത്യയുടെ സഹായം തേടി

മുന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രാജപക്ഷെയും അനുയായികളും വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ച കോടിക്കണക്കിനു രൂപ തിരിച്ചുപിടിക്കാന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ ഇന്ത്യയുടെ സഹായം തേടി. വിദേശരാജ്യങ്ങളില്‍ നിക്ഷേപിച്ച കള്ളപ്പണം കണ്ടെത്താന്‍ ആര്‍ബിഐയുടെ ഇന്റലിജന്‍സ് യൂണിറ്റ് മോഡി സര്‍ക്കാരിനെ സഹായിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ വിഷയത്തില്‍ ഇന്ത്യയുടെ വൈദഗ്ധ്യം ഉപയോഗിക്കാന്‍ ശ്രീലങ്ക തീരുമാനിച്ചത്.
പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ നിര്‍ദേശപ്രകാരം, രാജപക്ഷെയുടെ ഭരണകാലത്തെ സാമ്പത്തിക ക്രമക്കേട് അന്വേഷിക്കാന്‍ മന്ത്രിതല സമിതിയെ നിയോഗിച്ചിട്ടുണ്ട്. അഴിമതി, ഭൂമി ഇടപാട്, സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് തിരിമറി തുടങ്ങി സാമ്പത്തികമേഖലയില്‍ നടന്ന എല്ലാ ക്രമക്കേടും അന്വേഷിക്കും.
500 കോടി അമേരിക്കന്‍ ഡോളര്‍ മഹിന്ദ രാജപക്ഷെയും കുടുംബവും വിദേശത്തു നിക്ഷേപിച്ചുവെന്നാണ് ഊര്‍ജമന്ത്രി ചമ്പിക രണവാകയുടെ ആരോപണം.
ശ്രീലങ്കന്‍ സെന്‍ട്രല്‍ ബാങ്കിന്റെ മുന്‍ ഗവര്‍ണര്‍ അജിത് നിവാര്‍ദ് കബ്രാള്‍, രാജപക്ഷെയുടെ അടുത്ത അനുയായിയും മുന്‍ എംപിയുമായ സജിന്‍ ഗുണവര്‍ധനെ എന്നിവര്‍ രാജ്യംവിട്ടുപോകുന്നതു തടഞ്ഞിട്ടുണ്ട്. സര്‍ക്കാര്‍ ഫണ്ട് വന്‍തോതില്‍ ദുരുപയോഗം ചെയ്തുവെന്നാണ് ഇരുവര്‍ക്കുമെതിരെയുള്ള ആരോപണം. അഴിമതി നിരോധന കമ്മിഷന്‍ മുന്‍പാകെയുള്ള പരാതിയെത്തുടര്‍ന്നാണു വിലക്ക്. രാജപക്ഷെയും സഹോദരങ്ങളും നടത്തിയിരുന്ന സ്വകാര്യ ആയുധശാലയില്‍നിന്നു 3000 തോക്കുകള്‍ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.
ഒരു സ്വകാര്യ സുരക്ഷാ ഏജന്‍സിക്കായിരുന്നു ഇതിന്റെ ചുമതല. എന്നാല്‍ ഇതു സ്വകാര്യ ആയുധശാലയല്ലെന്നും രാജ്യത്തെ കപ്പലുകള്‍ക്കു സുരക്ഷ ഒരുക്കിയിരുന്ന സ്ഥാപനമാണെന്നും രാജപക്ഷെയുടെ അടുത്ത കേന്ദ്രങ്ങള്‍ പറഞ്ഞു.
രാജപക്‌സയെ തോല്‍പ്പിച്ചത് ഇന്ത്യയാണെന്ന് നേരത്തെ ആരോപണമുണ്ട്. രാജപക്‌സെ ചൈനയുമായി അടുക്കുന്നത് തടയാനാണ് രാജപക്‌സയെ ഭരണത്തില്‍ നിന്ന് ഇറക്കിയത്. ഇതിനായി റോയിലെ ഉദ്യോഗസ്ഥര്‍ ശ്രീലങ്കയില്‍ പ്രവര്‍ത്തനം നടത്തിയെന്നാണ് ആരോപണം. എന്നാല്‍ ആരോപണത്തെ ഇന്ത്യ തള്ളിക്കളഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























