'വിഡ്ഢികളുടെ സ്വര്‍ഗത്തില്‍ കഴിയേണ്ടതില്ല' ; ജമ്മു കശ്മീര്‍ വിഷയത്തില്‍ ആഗോളതലത്തില്‍ ഒറ്റപ്പെട്ടതായി സമ്മതിച്ച് പാകിസ്ഥാൻ

ജമ്മു കശ്മീര്‍ വിഷയത്തില്‍ ആഗോളതലത്തില്‍ ഒറ്റപ്പെട്ടതായി സമ്മതിച്ച് പാകിസ്ഥാൻ. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ കശ്മീര്‍ വിഷയം അന്താരാഷ്ട്ര വേദികളില്‍ ഉയര്‍ത്താന്‍ ശ്രമിച്ച പാകിസ്ഥാന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. യു.എന്‍ രക്ഷാസമിതി അംഗങ്ങളോ ഇസ്ലാമിക രാജ്യങ്ങളോ പാകിസ്ഥാനെ പിന്തുണയ്ക്കാന്‍ തയ്യാറായില്ല. ഇക്കാര്യം പാകിസ്താന്‍ തന്നെ തുറന്നു സമ്മതിക്കുകയായിരുന്നു.
”രക്ഷാസമിതി അംഗങ്ങള്‍ പൂക്കളുമായല്ല നില്‍ക്കുന്നത്. എപ്പോള്‍ വേണമെങ്കിലും അവരിലൊരാള്‍ തടസ്സമായി തീരാം അതുകൊണ്ട് അവര്‍ സഹായിക്കുമെന്നുള്ള വിഡ്ഢികളുടെ സ്വര്‍ഗത്തില്‍ കഴിയേണ്ടതില്ല” എന്ന് പാക് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി പത്രസമ്മേളനത്തില്‍ പറഞ്ഞു. അവിടെ ആരും നമ്മെ കാത്തിരിക്കുന്നില്ല. ആരും നിങ്ങളുടെ ക്ഷണം പ്രതീക്ഷിക്കുന്നുമില്ല. ഇക്കാര്യം അറിഞ്ഞിരിക്കണമെന്നും പാക് വിദേശകാര്യ മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
നിരവധി രാജ്യങ്ങള്‍ക്ക് ഇന്ത്യയില്‍ താത്പര്യങ്ങളുണ്ട്. ഇക്കാര്യം താന്‍ നേരത്തെ സൂചിപ്പിച്ചിരുന്നതാണ്. ഇന്ത്യ എന്നത് നൂറുകോടിയോളം ജനങ്ങള്‍ വരുന്ന വലിയൊരു കമ്പോളമാണ്. നിരവധി ആളുകള്‍ ഇന്ത്യയില്‍ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും ഷാ മെഹമൂദ് ഖുറേഷി പറഞ്ഞു. മുസ്ലീം രാജ്യങ്ങളുടെ കൂട്ടായ്മയിലും ഇക്കാര്യം ഉന്നയിച്ചു. എന്നാല്‍ അവര്‍ക്കും ഇന്ത്യയില്‍ നിരവധി നിക്ഷേപങ്ങളുണ്ട്. അവര്‍ക്കെല്ലാം ഇന്ത്യയില്‍ അവരുടേതായ താത്പര്യങ്ങളുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
അമേരിക്ക, റഷ്യ, ഫ്രാന്‍സ്, യു.കെ, ചൈന എന്നീ രാജ്യങ്ങളാണ് രക്ഷാസമിതി സ്ഥിരാംഗങ്ങള്‍. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ച ഇന്ത്യയുടെ നടപടിയെ പരസ്യമായി പിന്തുണച്ച ആദ്യ രക്ഷാസമിതി സ്ഥിരാംഗം റഷ്യയാണ്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നാണ് റഷ്യയുടെ നിലപാട്. അമേരിക്കയും ഇന്ത്യയെ പിണക്കാതെ അത്തരമൊരു നടപടി തങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇന്ത്യയുടെ ആഭ്യന്തരകാര്യമാണിതെന്ന് അവര്‍ വിശദീകരിച്ചിട്ടുണ്ടെന്നുമാണ് അവര്‍ പ്രതികരിച്ചത്.
മറ്റ് രാജ്യങ്ങളൊന്നും തന്നെ ഇക്കാര്യത്തില്‍ അധികം പ്രതികരിക്കാന്‍ തയ്യാറായി മുന്നോട്ട് വന്നിട്ടില്ല. ഓഗസ്റ്റ് ആറിന് വിഷയം ഉന്നയിച്ച് പാകിസ്താന്‍ നല്‍കിയ കത്ത് പരിഗണിക്കില്ലെന്ന് രക്ഷാസമിതി വ്യക്തമാക്കിയിരുന്നു. ഇതും അവര്‍ക്ക് തിരിച്ചടിയായിരുന്നു.
മാത്രമല്ല ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സിയിലെ അംഗങ്ങളായ യു.എ.ഇ, മാലദ്വീപ് എന്നീ രാജ്യങ്ങളും ഇന്ത്യയുടെ നീക്കത്തിന് പിന്തുണ നല്‍കിയിരുന്നു. വിഷയം ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമാണെന്ന നിലപാടാണ് അവര്‍ സ്വീകരിച്ചത്.
അതേസമയം ലഡാക്ക് അതിർത്തിയിൽ പാകിസ്ഥാൻ പോർവിമാനങ്ങൾ വിന്യസിക്കുന്നതായി റിപ്പോർട്ടുകൾ പുറത്ത് വന്നതിന് ശേഷം ഇന്ത്യൻ സൈന്യം ജാഗ്രതയിലായിരുന്നു. എന്നാൽ മറ്റൊരു റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. സ്കർദു താവളത്തിലേക്ക് മൂന്ന് ചരക്കുവിമാനങ്ങളിൽ പാകിസ്ഥാൻ ആയുധങ്ങൾ എത്തിച്ചുവെന്നാണ് പുറത്ത് വരുന്ന പുതിയ റിപ്പോർട്ട്.
പാകിസ്ഥാന്റെ നീക്കങ്ങളും അതിർത്തിയിൽ വിമാനം വിന്യസിച്ചതും കൃത്യമായി നിരീക്ഷിച്ച് വരികയാണെന്ന് ഇന്ത്യ അറിയിച്ചു. ഇന്ത്യൻ കേന്ദ്രഭരണ പ്രദേശമായ ലഡാക്കിനോട് ചേർന്നുള്ള സ്കർദു എയർ ബേസിലാണ് പാകിസ്ഥാൻ വിമാനങ്ങൾ കാണപ്പെട്ടത്. സി-130 എന്ന് പേരുള്ള മൂന്ന് ട്രാൻസ്‌പോർട്ട് വിമാനങ്ങളാണ് പാകിസ്ഥാൻ ഇവിടെ ഇറക്കിയത്. പോർവിമാനങ്ങൾക്ക് ആവശ്യമായ പടക്കോപ്പുകൾ കൊണ്ടുപോകുന്ന തരത്തിലുള്ള വിമാനങ്ങളാണിവ.താമസിയാതെ തന്നെ പാകിസ്ഥാൻ വ്യോമസേനയുടെ പോർവിമാനങ്ങളായ ജെ.എഫ്-17 ഫൈറ്റർ വിമാനങ്ങൾ ഇവിടേക്ക് വിന്യസിക്കുമെന്നാണ് സൂചന. എന്നാൽ തങ്ങളുടെ പടക്കോപ്പുകളും വിമാനങ്ങളും വച്ച് പാകിസ്ഥാൻ ഒരു വ്യോമാഭ്യാസത്തിന് ഒരുങ്ങുന്നുണ്ടെന്നും അതിന്റെ ഒരുക്കം മാത്രമാണിതെന്നും പറയപ്പെടുന്നുണ്ട്.
https://www.facebook.com/Malayalivartha
























