ചൈനയെ കല്ലെറിഞ്ഞ് അമ്മമാര്‍; പരാക്രമം സ്ത്രീകളോടല്ല വേണ്ടൂ

ഭ്രൂണ ലിംഗനിര്‍ണയ പരിശോധനയ്ക്കു ചൈനയില്‍ 2002 മുതല്‍ വിലക്കുണ്ട്. ജനിക്കാനിരിക്കുന്ന കുഞ്ഞ് ആണോ പെണ്ണോ എന്നറിയാനാണു ഹോങ്കോങ്ങില്‍ പരിശോധന. പെണ്‍കുട്ടിയോ ജനിതക വൈകല്യങ്ങളോ ഉള്ള കുഞ്ഞോ ആണെങ്കില്‍ അതോടെ കഥ കഴിഞ്ഞു. ഉടനെ സ്ത്രീകള്‍ ഗര്‍ഭഛിദ്രം നടത്തുന്നതാണു ചൈനയിലെ പൊതുരീതി. എന്‍ടി സ്‌കാനിങ്ങിന്റെ കൂടെ നടത്താവുന്ന വേദനരഹിതമായ ആധുനിക പരിശോധനയാണു നോണ്‍ ഇന്‍വേസീവ് പ്രീനാറ്റല്‍ ടെസ്റ്റിങ്. നൂതനമായ എന്‍െഎപിടി പരിശോധന രൂപം കൊണ്ട നാടാണു ഹോങ്കോങ്. ലിംഗനിര്‍ണയത്തിനു മാത്രമല്ല, 99% ശതമാനം വരെ ഭ്രൂണത്തിന്റെ ക്രോമസോം വൈകല്യങ്ങള്‍ മുന്‍കൂട്ടിയറിയുവാനും സാധിക്കും.
വന്‍തുകയാണ് ചൈനക്കാരില്‍നിന്ന് ഹോങ്കോങ്ങിലെ ലാബുകള്‍ ഈടാക്കുന്നത്. സ്‌കാനിങ് റിപ്പോര്‍ട്ടും രക്തസാംപിളും എത്തിച്ചാല്‍ കുട്ടി ആണാണോ പെണ്ണാണോ എന്ന വിവരം അറിയിക്കുന്ന സംഘങ്ങള്‍ മാഫിയായി ചുവടുമാറാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. ചൈനീസ് സമൂഹമാധ്യമം വൈബോയില്‍ ഏജന്‍സികളുടെ നിരവധി പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടാറുണ്ട്. മൃഗരൂപത്തിലുള്ള കളിപ്പാട്ടങ്ങളിലോ പ്രത്യേക ബോക്‌സുകളിലോ രക്തസാംപിളുകള്‍ ഒളിപ്പിച്ചു കടത്താന്‍ ഏജന്‍സികള്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക പരിശീലനം നല്‍കാറുണ്ട്. ആശുപത്രിയില്‍ എത്തിയോ നഴ്‌സുമാരെ വീട്ടിലെത്തിച്ചോ സാംപിളുകള്‍ എടുത്തശേഷം ഏജന്റുമാര്‍ വഴി ഹോങ്കോങില്‍ എത്തിക്കും.
അതിര്‍ത്തിയില്‍ പരിശോധന കര്‍ക്കശമാക്കിയതോടെ കുറിയറിലൂടെ രക്തസാംപിളുകള്‍ അയക്കുന്നതും കൂടി. ഇടപാടുകാരനെന്ന വ്യാജേന രാജ്യാന്തര മാധ്യമം രക്തക്കടത്ത് ഏജന്‍സിയുമായി വിചാറ്റ് അക്കൗണ്ടിലൂടെ നടത്തിയ ചാറ്റിന്റെ വിശദാംശങ്ങള്‍ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. 2002 ലെ നിയമം മൂലമാണ് ഭ്രൂണലിംഗ നിര്‍ണയ പരിശോധന ചൈനയില്‍ കര്‍ശനമായി നിരോധിച്ചത്. 2017 മുതല്‍ ഹോങ്കോങ്ങിലേക്കുള്ള രക്തക്കടത്ത് നിയമം മൂലം നിരോധിച്ചുവെങ്കിലും ഭ്രൂണലിംഗ നിര്‍ണയ പരിശോധനയോ രക്തക്കടത്തോ തടയാന്‍ കഴിഞ്ഞില്ല. ഡോക്ടറുടെ നിര്‍ദേശം ഉണ്ടെങ്കില്‍ മാത്രമേ രക്തപരിശോധന നടത്താവൂ എന്നാണ് ഹോങ്കോങ്ങിലെ നിയമം. പക്ഷേ, സ്വകാര്യ ക്ലിനിക്കുകളും രക്തക്കടത്ത് മാഫിയാ സംഘവും ചേര്‍ന്നു നിയമം അട്ടിമറിച്ചു പണം കൊയ്‌തെടുക്കുകയാണ്. നാഷനല്‍ യുണിവേഴ്സ്റ്റി ഓഫ് സിംഗപ്പൂരിന്റെ പഠനം അനുസരിച്ച് 1970 മുതല്‍ 2017 വരെ കാലയളവില്‍ ചൈനയില്‍ 12 ലക്ഷത്തോളം പെണ്‍ഭ്രൂണഹത്യകള്‍ നടന്നിട്ടുണ്ടെന്നാണു കണക്ക്. അതിനു കാരണമായതാകട്ടെ അനധികൃത പരിശോധനയും. 40 വര്‍ഷമായി രാജ്യത്തു തുടരുന്ന നയത്തിന്റെ ഭാഗമായി ജനസംഖ്യയിലെ ഭൂരിഭാഗവും പ്രായമായവരാണ്. 2050 ഓടെ ജനസംഖ്യയുടെ 44 ശതമാനവും വൃദ്ധരാകുമെന്നാണ് ഐക്യരാഷ്ട്ര സംഘടന കണക്കാക്കുന്നത്. രാജ്യത്തെ തൊഴില്‍ശക്തിയിലും ഗണ്യമായ കുറവുണ്ടായതോടെ ചൈന ഒറ്റക്കുട്ടി നയം 2015ല്‍ ഭാഗികമായി എടുത്തുകളഞ്ഞിരുന്നു. ഒറ്റക്കുട്ടി നയം ലംഘിക്കുന്നവര്‍ക്കു തൊഴില്‍ നല്‍കാതിരിക്കുക, നിര്‍ബന്ധിത ഗര്‍ഭഛിദ്രം, വലിയ പിഴ, രണ്ടാമതൊരു കുട്ടി വേണമെന്നുള്ളവര്‍ക്ക് ബോധവല്‍ക്കരണം തുടങ്ങിയ നീക്കങ്ങള്‍ റദ്ദാക്കി. പതിറ്റാണ്ടുകളായുള്ള ജനസംഖ്യാ നിയന്ത്രണ ആഹ്വാനങ്ങളും വര്‍ധിച്ച ചെലവും കാരണം ഒറ്റക്കുട്ടി മതിയെന്ന നിലപാടാണു ചൈനക്കാര്‍.
https://www.facebook.com/Malayalivartha