അയോധ്യ കേസില്‍ സുപ്രീംകോടതിയില്‍ വാദം പൂര്‍ത്തിയായി; 40ാം ദിവസത്തെ വാദം കേള്‍ക്കലിന് ശേഷം അയോധ്യ കേസ് വിധി പറയുന്നതിന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് മാറ്റിവച്ചു

അയോധ്യ കേസില്‍ സുപ്രീംകോടതിയില്‍ വാദം പൂര്‍ത്തിയായി. തുടര്‍ച്ചയായ 40ാം ദിവസത്തെ വാദം കേള്‍ക്കലിന് ശേഷം അയോധ്യ കേസ് വിധി പറയുന്നതിന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് മാറ്റിവച്ചു. കേസിലെ എല്ലാ കക്ഷികളുടെയും വാദം കോടതി കേട്ടു. ഏറ്റവും ഒടുവില്‍ കോടതിയെ നിലപാട് ബോധിപ്പിച്ചത് സുന്നി വഖഫ് ബോര്‍ഡ് അഭിഭാഷകന്‍ രാജീവ് ധവാന്‍ ആയിരുന്നു.
40 ദിവസമായി തുടരുന്ന അയോധ്യ ഭൂമി തർക്ക കേസിലെ വാദം കേൾക്കൽ ഇന്ന് അവസാനിക്കാനിരിക്കെ നാടകീയ രംഗങ്ങള്‍ക്കാണ് കോടതി ഇന്ന് സാക്ഷ്യം വഹിച്ചത്. രാമജന്‍മഭൂമിയുടേത് എന്ന് അവകാശപ്പെട്ട് ഹിന്ദു മഹാസഭയുടെ അഭിഭാഷകന്‍ ഹാജരാക്കിയ ഭൂപടം വഖഫ് ബോര്‍ഡ് അഭിഭാഷകന്‍ രാജീവ് ധവാന്‍ കീറിയെറിഞ്ഞു. കീറിക്കളയണമെങ്കില്‍ ചെയ്തോളു എന്ന് കോടതി പറയഞ്ഞതോടെയാണ് ധവാന്‍ ജഡ്ജിമാര്‍ക്ക് മുന്നില്‍ മാപ്പ് വലിച്ചു കീറിയത്. ഈ രീതിയിലാണെങ്കില്‍ എങ്ങനെ മുന്നോട്ട് പോകുമെന്നായിരുന്നു ചീഫ് ജസ്റ്റിസിന്‍റെ പ്രതികരണം.
ആര്‍എസ്എസ് പ്രത്യയശാസ്ത്രജ്ഞനായ കെ എൻ ഗോവിന്ദാചാര്യയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വികാസ് സിംഗ് കുനാൽ കിഷോർ എഴുതിയ 'അയോധ്യ പുനരവലോകനം' എന്ന പുസ്തകത്തെക്കുറിച്ച് കോടതിയില്‍ പരാമർശിച്ചു. എന്നാല്‍ പുസ്തകത്തിൽ നിന്നുള്ള ഉള്ളടക്കങ്ങൾ തെളിവായി സ്വീകരിക്കുന്നതിനെ മുസ്ലീം കക്ഷികള്‍ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാജീവ് ധവാൻ എതിര്‍ത്തു.
ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിന് മുമ്പ് അയോധ്യ കേസില്‍ വിധി വന്നില്ലെങ്കില്‍ കേസ് പുതിയ ബെഞ്ചിലേക്ക് കൈമാറ്റപ്പെടും. ആദ്യം മുതല്‍ വാദം കേള്‍ക്കുകയും ചെയ്യും. രഞ്ജന്‍ ഗോഗൊയി വിരമിക്കുന്ന നവംബര്‍ 17 നോടകം വിധി പുറപ്പെടുവിക്കുകയാണെങ്കില്‍ 70 വര്‍ഷം നീണ്ട കേസിനായിരിക്കും അവസാനമാവുക. ഈ മാസം 18 നുള്ളില്‍ അയോധ്യ കേസിലെ വാദം അവസാനിപ്പിക്കാന്‍ എല്ലാ കക്ഷികള്‍ക്കും സുപ്രീംകോടതി അന്ത്യശാസനം നല്‍കിയിരുന്നു.പിന്നീടാണ് 16 ന് തന്നെ വാദം അവസാനിപ്പിക്കാന്‍ കോടതി തിരുമാനിച്ചത്.
ഇക്കഴിഞ്ഞ ഓഗസ്റ്റ് ആറ് മുതല്‍ സുപ്രീംകോടതിയില്‍ തുടര്‍ച്ചായായി അയോധ്യകേസില്‍ വാദം കേള്‍ക്കല്‍ തുടരുകയാണ്. ചൂടേറിയ വാദങ്ങൾ ചൊവ്വാഴ്ച കേസ് പരിഗണിക്കുന്നതിനിടെ ഇരുഭാഗത്തേയും അഭിഭാഷകർ തമ്മിൽ ചൂടേറിയ വാദങ്ങളാണ് സുപ്രീം കോടതിയിൽ നടന്നത്. രാമജന്മഭൂമിയിൽ മുസ്ലീം പള്ളി നിർമിച്ച മുഗൾ ഭരണാധികാരി ബാബറിന്റെ ചരിത്രപരമായ തെറ്റ് തിരുത്തണമെന്ന് രാം ലല്ലയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കെ പരാശരൻ വാദിച്ചു. മുസ്ലീങ്ങൾക്ക് മറ്റ് പള്ളികളിലും പ്രാർത്ഥിക്കാം പക്ഷെ ഹിന്ദുക്കൾക്ക് രാമന്റെ ജന്മസ്ഥലം മാറ്റാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
40 ദിവസമായി തുടരുന്ന അയോധ്യ ഭൂമി തർക്ക കേസിലെ വാദം കേൾക്കൽ ഇന്ന് അവസാനിക്കും. എല്ലാ കക്ഷികൾക്കും വാദിക്കാനായി 45 മിനിറ്റ് സമയം കൂടി മാത്രമെ അനുവദിക്കു. ഇന്ന് 5 മണിവരെ മാത്രമെ കേസിൽ വാദം കേൾക്കുകയുള്ളുവെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി വ്യക്തമാക്കിയിട്ടുണ്ട്. അയോധ്യ കേസിൽ സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ മധ്യസ്ഥ സമിതിയുടെ ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേസിൽ എല്ലാ ദിവസവും വാദം കേൾക്കാൻ ആരംഭിച്ചത്. ഒക്ടോബർ 17നകം വാദങ്ങൾ പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി കേസിലെ എല്ലാ കക്ഷികൾക്കും അന്ത്യശാസനം നൽകിയിരുന്നു.
രാമന്റെ ജന്മസ്ഥലമാണ് അയോധ്യയില തര്‍ക്ക ഭൂമിയെന്നും പുരാതന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളിലാണ് മോസ്‌ക് പണിതതെന്നുമാണ് ഹിന്ദുക്കളുടെ വിശ്വാസം. 16ാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ബാബരി മസ്ജിദ് 1992 ഡിസംബറിലാണ് പൊളിച്ചത്. പള്ളി നശിപ്പിച്ചതിനു ശേഷം രാജ്യത്ത് കലാപത്തിന് വഴിവെച്ചു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള തര്‍ക്കത്തിന് പരിഹാരം കണ്ടെത്താന്‍ നിരവധി മധ്യസ്ഥ ശ്രമങ്ങള്‍ നടത്തിയെങ്കിലും അതെല്ലാം പരാജയപ്പെട്ടു.
അയോധ്യയിലെ പ്രധാന തർക്കഭൂമിയായ 2.77 ഏക്കർ സ്ഥലം മൂന്നായി വിഭജിക്കാനാണ് അലഹബാദ് ഹൈക്കോടതി 2010 സെപ്റ്റംബറിൽ വിധിച്ചത്. 1992 ഡിസംബർ 6-ന് കർസേവകർ ബാബ്‍റി മസ്ജിദ് പൊളിക്കും വരെ പള്ളി നിലനിന്ന ഭൂമിയടക്കമാണിത്. നിർമോഹി അഖാരയ്ക്കും, സുന്നി വഖഫ് ബോർഡിനും, രാംലല്ല വിരാജ്‍മാനിനുമായി മൂന്നായി തുല്യമായി വിഭജിക്കാനായിരുന്നു നിർദേശം. ഇതിൽ എല്ലാ കക്ഷികൾക്കും എതിർപ്പുണ്ടായിരുന്നു. തുടർന്നാണ് കേസ് സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വന്നത്. കേസിൽ മധ്യസ്ഥശ്രമം തുടങ്ങിയപ്പോൾ ആദ്യം പിൻമാറിയത് ഹിന്ദുസംഘടനയായ രാംലല്ല വിരാജ്മാനാണ്. ഒത്തുതീർപ്പ് സമ്മതമല്ലെന്ന് ഈ സംഘടന അറിയിച്ചതോടെ സുന്നി വഖഫ് ബോർഡും സമവായത്തിൽ നിന്ന് പിൻമാറി.
https://www.facebook.com/Malayalivartha