പാദസരങ്ങള്‍ കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തിൽ തിരിച്ചറിഞ്ഞത് കോട്ടയത്ത് ഒളിവില്‍ കഴിഞ്ഞ പ്രതിയെ

മുംബയില്‍ കൊലപാതകം നടത്തിയ ശേഷം കോട്ടയത്ത് ഒളിവില്‍ കഴിഞ്ഞ ബംഗാള്‍ സ്വദേശിയെ കുടുക്കിയത് പാദസരം. ഷബീന ഷെയ്ക്കിനെ (50) കൊലപ്പെടുത്തിയ കേസിലെ പ്രതി മന്‍സൂര്‍ ഷെയ്ക്കാണ് അറസ്റ്റിലായത്. കഴിഞ്ഞ മെയ് 29നാണ് ഷബീന ഷെയ്ക്കിനെ കഴുത്തുമുറിച്ച് മരിച്ച നിലയില്‍ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്. ആദ്യം മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. ലോക്കല്‍ പോലീസിനൊപ്പം ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണത്തിലാണ് മരിച്ചതാരാണെന്നും കൊന്നതാരാണെന്നും കണ്ടെത്തിയത്. ഷബീനയുടെ പാദസരങ്ങള്‍ കേന്ദ്രികരിച്ച് നടത്തിയ അന്വേഷണമാണ് മന്‍സൂരിലേക്ക് എത്തിയത്. പാദസരത്തില്‍ ജ്വല്ലറിയുടെ പേര് തമിഴില്‍ എഴുതിയിരുന്നു. തമിഴ് നാട് കേന്ദ്രികരിച്ച് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു.
തമിഴ്‌നാട്ടിലെ തിരുവല്ലാമലയിലായിരുന്നു പാദസരം വാങ്ങിയ ജ്വല്ലറി. ഉടമയെ ചോദ്യം ചെയ്തതോടെ കടയില്‍ ആഭരണങ്ങള്‍ വാങ്ങാന്‍ വരുന്നവരില്‍ നല്ലൊരു ഭാഗം ആളുകളും മുസ്്‌ലിംകളാണെന്ന് മനസ്സിലായി. മുസ്്‌ലിംകള്‍ താമസിക്കുന്ന മേഖല കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കൊല്ലപ്പെട്ട സ്ത്രീയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചു. ഫോട്ടോകളുടെയും പാദസരത്തിന്റെയും അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഷബീന ഷെയ്ക്കിന്റെ ബന്ധുവിനെ കണ്ടെത്തി. ഇയാളില്‍ നിന്ന് ഷബീനയെ കുറിച്ചുളള കൂടുതല്‍ വിവരങ്ങളും ലഭിച്ചു. മുംബൈയിലെ ദാനാബന്ദറില്‍ താമസിച്ചിരുന്ന ഷബീനയെ മെയ് 16 മുതല്‍ കാണാതായ വിവരം ബന്ധു ക്രൈംബ്രാഞ്ചിനെ അറിയിച്ചു. ഷബീനയുടെ സഹോദരനെ കണ്ട് പൊലീസ് കാര്യങ്ങള്‍ ധരിപ്പിച്ചപ്പോള്‍ കൊല്ലപ്പെട്ടത് സഹോദരിയാണെന്ന് തിരിച്ചറിഞ്ഞു.
ഷബീനയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മെയ് 14 മുതല്‍ 16 വരെ കോപ്പറില്‍ ഉണ്ടായിരുന്നതായി കണ്ടെത്തി. മൊബൈല്‍ ഫോണിന്റെ പ്രവര്‍ത്തനം പിന്നീട് നിലച്ചു. ഷബീനയുടെ ബന്ധുക്കള്‍ പറയുന്നത് മന്‍സൂര്‍ ഷെയ്ക്ക് ഷബീനയൊടാപ്പം ഉണ്ടായിരുന്നെന്നാണ്. രണ്ടുപേരും അടുപ്പത്തിലായിരുന്നു. മന്‍സൂറിന് ബംഗാളില്‍ ഭാര്യയും കുട്ടികളുമുണ്ട്. കൊലപാതകത്തിന് ശേഷം വ്യാജ വിലാസത്തില്‍ ബംഗാളിലേക്ക് കടന്ന മന്‍സൂറിനെ കോട്ടയത്ത് നിന്നുമാണ് പോലീസ് പിടികൂടിയത്. കോട്ടയത്ത് അന്വസംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം പണിയെടുത്ത് കഴിയുകയായിരുന്നു ഇയാള്‍.
https://www.facebook.com/Malayalivartha