ബസ് സ്റ്റാന്‍ഡില്‍ വച്ച് പരിചയപ്പെട്ട യുവതിക്ക് വിവാഹവാഗ്ദാനം നൽകി ബംഗളൂരുവിലേയ്ക്ക് കൂട്ടികൊണ്ടുപോയി സ്വർണാഭരണങ്ങൾ ഊരിവാങ്ങി: ഹോട്ടലില്‍ മുറിയെടുത്ത് ശാരീരിക ബന്ധത്തിലേര്‍പ്പെട്ട കാമുകിയോട് ഗർഭിണിയാകാതിരിക്കാൻ മരുന്നെന്ന് പറഞ്ഞ് സയനൈഡ് നൽകി:- ഛര്‍ദിക്കാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞ് ശുചിമുറിയിൽ കയറി ഗുളിക കഴിപ്പിച്ച് കൊലപ്പെടുത്തി സ്വർണവുമായി മുങ്ങിയ സയനൈഡ് മോഹന് നാലാം വധശിക്ഷ വിധിച്ചു

ബണ്ട്വാള്‍ ബലെപുനിയിലെ അങ്കണവാടി അസിസ്റ്റന്റായ ശശികലയെ (26) കൊലപ്പെടുത്തിയ കേസിൽ സയനൈഡ് മോഹന്‍ എന്ന മോഹന്‍ കുമാറിനു വധശിക്ഷ. 20 കൊലക്കേസുകളുള്ള മോഹന് പതിനേഴാമത്തെ കേസിലാണ് ജില്ലാ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്. ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി സയ്യിദുന്നീസയാണ് വധശിക്ഷ വിധിച്ചത്. തട്ടിക്കൊണ്ടുപോകല്‍, മാനഭംഗം, കൊലപാതകം, വിഷംകുടിപ്പിക്കല്‍, ആഭരണ കവര്‍ച്ച, വഞ്ചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളിലാണ് വധശിക്ഷ.
മുമ്പ്, ബണ്ട്വാള്‍ സ്വദേശികളായ വാമനപദവിലെ ലീലാവതി, ബരിമാറിലെ അനിത, സുള്ള്യ പെരുവാജെയിലെ സുനന്ദ എന്നീ യുവതികളെ കൊന്ന കേസുകളിലും മോഹനു വധശിക്ഷ വിധിച്ചിരുന്നു. 2005-ലാണ് മോഹന്‍ 17-ാം കൊലപാതകം നടത്തിയത്. ബി സി റോഡ് ബസ് സ്റ്റാന്‍ഡില്‍ വച്ച് പരിചയപ്പെട്ട യുവതിക്ക് വിവാഹവാഗ്ദാനം നല്‍കി മോഹന്‍ അടുപ്പം സ്ഥാപിച്ചു. തുടര്‍ന്ന് ഒക്ടോബര്‍ 21-ന് വിവാഹത്തിനെന്നു പറഞ്ഞ് ബംഗളൂരുവിലേക്കു കൊണ്ടുപോയി. യുവതിയുടെ മുഴുവന്‍ ആഭരണങ്ങളുമെടുക്കാന്‍ ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. ശൃംഗേരിയില്‍ വിനോദയാത്ര പോകുന്നുവെന്നാണ് യുവതി വീട്ടില്‍ പറഞ്ഞത്.
ബംഗളൂരുവിലെ ഹോട്ടലില്‍ മുറിയെടുത്ത് ശാരീരിക ബന്ധത്തിലേര്‍പ്പെട്ട ശേഷം പിറ്റേന്നു രാവിലെ ബസ് സ്റ്റാന്‍ഡിലെത്തി. ഗര്‍ഭിണിയാകാതിരിക്കാനുള്ള മരുന്നെന്നുപറഞ്ഞ് സയനൈഡ് ഗുളിക നല്‍കി. ഇതുകഴിച്ചാല്‍ ഛര്‍ദിക്കാന്‍ സാധ്യതയുള്ളതിനാല്‍ ബാത്ത്റൂമില്‍ പോയി കഴിക്കാനും പറഞ്ഞു. ഇതനുസരിച്ച യുവതി ഗുളിക കഴിച്ചയുടന്‍ കുഴഞ്ഞുവീണു മരിച്ചു. മോഹന്‍കുമാര്‍ മുറിയില്‍ തിരിച്ചെത്തി യുവതിയുടെ ആഭരണങ്ങളുമായി നാട്ടിലേക്കു മടങ്ങി.
2009 സെപ്റ്റംബര്‍ 21-ന് മറ്റൊരു കേസില്‍ മോഹന്‍കുമാര്‍ പിടിയിലായതോടെയാണ് ശശികലയടക്കം 20 യുവതികളെ ഇയാള്‍ സമാനരീതിയില്‍ കൊലപ്പെടുത്തിയ വിവരം പുറത്തുവരുന്നത്. കര്‍ണാടകയിലെ മംഗളൂരുവില്‍ ബണ്ട്വാള്‍ കന്യാനയിലെ കായിക അധ്യാപകനായിരുന്ന മോഹന്‍കുമാര്‍ 2003-2009 കാലയളവില്‍ നാലു മലയാളികളടക്കം ഇരുപതോളം യുവതികളെയാണു സയനൈഡ് നല്‍കി കൊന്നത്. പീഡിപ്പിച്ച ശേഷമായിരുന്നു കൊലപാതകങ്ങള്‍. 20 കൊലക്കേസുകളുടെയും വിചാരണ നടക്കുകയാണ്. 16 എണ്ണത്തിലും മോഹന്‍ കുറ്റക്കാരനാണെന്നു നേരത്തെ കോടതി കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha