കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ നടത്തിയ പരിവര്‍ത്തന്‍ യാത്ര ദുരന്തയാത്രയായി, കോണ്‍ഗ്രസ് അധ്യക്ഷനുള്‍പ്പെടെ 27 കോണ്‍ഗ്രസുകാര്‍ കൊല്ലപ്പെട്ടു

ചത്തീസ്‌ഗഡില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ നടത്തിയ പരിവര്‍ത്തന്‍ യാത്ര അക്ഷരാര്‍ത്ഥത്തില്‍ ഒരു ദുരന്തയാത്രയായി മാറുകയായിരുന്നു. കോണ്‍ഗ്രസ് പരിവര്‍ത്തന്‍ യാത്രക്കുനേരെ നടന്ന മാവോയിസ്റ്റ് ആക്രമണത്തില് 27 പേര്‍ മരിച്ചു. ഇതിനിടെ മാവോയിസ്റ്റുകാര്‍ തട്ടിക്കൊണ്ടുപോയ സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റ് നന്ദകുമാര്‍ പാട്ടേലിന്റേയും മകന്റേയും മൃതദേഹങ്ങള്‍ കണ്ടെത്തി. നവംബറില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് നേതൃത്വം സംഘടിപ്പിച്ചതായിരുന്നു പരിവര്‍ത്തന്‍ യാത്ര. ഈ യാത്രയ്‌ക്ക് നേരെയാണ് മാവോയിസ്റ്റുകള്‍ ഒളിയാക്രമണം നടത്തിയത്.
മാവോയിസ്റ്റുകാര്‍ അഴിച്ചുവിട്ട ആക്രമണ പരമ്പരയില്‍ പ്രമുഖ കോണ്‍ഗ്രസ് നേതാവ് മഹേന്ദ്ര കര്‍മ്മയും കൊല്ലപ്പെട്ടിരുന്നു. സംസ്ഥാനത്തെ മുന്‍ ആഭ്യന്തരമന്ത്രിയാണ് കൊല്ലപ്പെട്ട മഹേന്ദ്ര കര്‍മ. നക്‌സല്‍വിരുദ്ധ പോരാട്ടത്തിനായി തദ്ദേശവാസികളുള്‍പ്പെട്ട സാല്‍വജുദൂം രൂപവത്കരിക്കുന്നതില്‍ നിര്‍ണായകപങ്കുവഹിച്ച വ്യക്തിയാണ് ഇദ്ദേഹം. ഇദ്ദേഹത്തിന്റെ മൃതദേഹം അക്രമികള്‍ വെടിയുതിര്‍ത്ത് അരിപ്പപോലാക്കി.

മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന നേതാവുമായിരുന്ന വിസി ശുക്ല അടക്കം നിരവധി പേര്‍ക്ക് കുഴിബോംബ് സ്‌പോടനത്തിലും വെടിവയ്‌പ്പിലും പരിക്ക് പറ്റി. ദേശീയതലത്തില്‍ത്തന്നെ കോണ്‍ഗ്രസ്സിന്റെ മുന്‍നിര നേതാക്കളിലൊരാളാണ് പരിക്കേറ്റ വി.സി. ശുക്ല. അടിയന്തരാവസ്ഥക്കാലത്ത് വാര്‍ത്താവിതരണ മന്ത്രിയായിരുന്നു.ശുക്ലയുടെ ദേഹത്ത് മൂന്ന് വെടിയുണ്ടകള്‍ തറച്ചിട്ടുണ്ടെന്നാണ് വിവരം. മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ.യും പ്രമുഖ ഗോത്രവര്‍ഗ നേതാവുമായ ഫുലോദേവി നേതമിനും പരിക്കേറ്റിട്ടുണ്ട്.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെ ഛത്തീസ്ഗഢിനെയും തൊട്ടടുത്ത സംസ്ഥാനമായ ആന്ധ്രാപ്രദേശിലെ ഭദ്രാചലം ജില്ലയെയും ബന്ധിപ്പിക്കുന്ന ദേശീയപാത 202-ന് സമീപമുള്ള കൊടുംകാട്ടിലായിരുന്നു ആക്രമണം. മാവോവാദിസ്വാധീന മേഖലയായ ബസ്തറില്‍പ്പെട്ട ജഗദല്‍പുര്‍ ജില്ലയിലെ ദര്‍ബഗാട്ടി താഴ്‌വരയിലാണ് ഈ പാത . റോഡില്‍ മരംവെട്ടിയിട്ട് വാഹനങ്ങള്‍ തടഞ്ഞശേഷം കുഴിബോംബ് സ്‌ഫോടനം നടത്തുകയായിരുന്നു.
കോണ്‍ഗ്രസ്സിന്റെ പരിവര്‍ത്തന്റാലിയില്‍ പങ്കെടുത്തശേഷം കെഷ്‌ലൂറില്‍നിന്ന് സുക്മയിലേക്ക് മടങ്ങിയ നേതാക്കളായിരുന്നു വാഹനങ്ങളിലുണ്ടായിരുന്നത്. വെടിയുതിര്‍ത്തശേഷമായിരുന്നു സ്‌ഫോടനം.കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പമുണ്ടായിരുന്ന സുരക്ഷാഉദ്യോഗസ്ഥര്‍ തിരികെ വെടിവെച്ചെങ്കിലും നൂറ്റമ്പതോളം വരുന്ന മാവോവാദികളുടെ ആക്രമണത്തില്‍ പിടിച്ചുനില്‍ക്കാനായില്ല.
https://www.facebook.com/Malayalivartha























