ഇനിയെല്ലാം ചരിത്രത്തിന്റെ ഭാഗം... ട്രംപിന്റെ വിമാനമിറങ്ങുന്നത് ഇന്ന് രാവിലെ 11.40ന്; 36 മണിക്കൂറില്‍ താഴെയുള്ള ഇന്ത്യാ സന്ദര്‍ശനത്തിനു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഭാര്യ മെലനിയയും എത്തുമ്പോള്‍ എവിടേയും ഉത്സവ പ്രതീതി; അതീവ ജാഗ്രതയില്‍ രാജ്യം; എല്ലാം വീക്ഷിച്ച് അമേരിക്കന്‍ പോലീസ്

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഭാര്യ മെലനിയയും വരുന്നതിന്റെ സന്തോഷത്തിലാണ് ഭാരതം. നിറങ്ങളും തോരണങ്ങളും നിറച്ച് ഉല്‍സവപ്പറമ്പ് പോലെ അഹമ്മദാബാദ്. 36 മണിക്കൂറില്‍ താഴെയുള്ള ഇന്ത്യാ സന്ദര്‍ശനത്തിനു ഡോണള്‍ഡ് ട്രംപും ഭാര്യ മെലനിയയും ഇന്നു 11.40നു സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങും.
എയര്‍ ഫോഴ്‌സ് വണ്‍ വിമാനത്തില്‍ എത്തുന്ന ട്രംപിന്റെ തുടര്‍യാത്ര, അമേരിക്കയില്‍നിന്ന് ഇവിടെയെത്തിച്ചിരിക്കുന്ന തന്റെ ഔദ്യോഗിക വാഹനമായ കാഡിലാക് വണ്ണിലാണ് (ദ് ബീസ്റ്റ്). വിമാനത്താവളത്തില്‍നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം 22 കിലോമീറ്റര്‍ റോഡ് ഷോ. റോഡിനിരുവശവും കേരളമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലെ കലാരൂപങ്ങള്‍ അണിനിരക്കും. തുടര്‍ന്ന് സബര്‍മതി സന്ദര്‍ശനം, നമസ്‌തേ ട്രംപ് പരിപാടി എന്നിവയ്ക്കു ശേഷം ആഗ്രയിലേക്ക്.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശനത്തിനായി പുറപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത സുഹൃത്താണെന്ന് ട്രംപ് യാത്രയ്ക്കു തൊട്ടുമുന്‍പ് പ്രതികരിച്ചു. ഇന്ത്യാ സന്ദര്‍ശനം ഏറെക്കാലം മുന്‍പേ ഏറ്റ പരിപാടിയാണെന്നും ഇന്ത്യയിലെ ജനങ്ങളോടൊപ്പം നില്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയിലേക്കു പുറപ്പെടുന്നതിനു മുന്‍പ് വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു യുഎസ് പ്രസിഡന്റ്.
ഇന്ത്യയിലേക്കുള്ളതു വലിയ യാത്രയായാണു കണക്കാക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മികച്ച ബന്ധമാണുള്ളത്. ഇന്ത്യയില്‍ വലിയ പരിപാടിയാണു നടക്കാന്‍ പോകുന്നതെന്നാണു ഞാന്‍ കേട്ടത്. ഇന്ത്യയില്‍ നടത്തിയിട്ടുള്ളതില്‍ ഏറ്റവും വലിയ പരിപാടി. ചരിത്ര സംഭവമാകുമെന്നാണു പ്രധാനമന്ത്രി മോദി എന്നോടു പറഞ്ഞത്. അതിന്റെ ആശ്ചര്യം ഉണ്ടെന്നും ട്രംപ് വ്യക്തമാക്കി.
ഇന്ത്യാ സന്ദര്‍ശനത്തിനായി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് എത്തുമ്പോള്‍ ഇന്ത്യ കണ്ടതിലേറ്റവും വലിയ സുരക്ഷയാണ് അദ്ദേഹത്തിനായി ഒരുക്കിയിരിക്കുന്നത്. അമേരിക്കന്‍ സീക്രട്ട് സര്‍വിസിനെ കൂടാതെ 10 കമ്പനി പാരാമിലിട്ടറി സംഘം, 10 കമ്പനി പി.എ.സി, എന്‍.എസ്.ജി കമാന്‍ഡോകള്‍ എന്നിവരാണ് ട്രംപിന്റെ സുരക്ഷ നിര്‍വഹിക്കുന്നത്. ലോകത്തിലെ ഏറ്റവും പ്രമുഖ നേതാവ് എത്തുമ്‌ബോള്‍ ചെറിയൊരു ക്രമസമാധാന പ്രശ്‌നം പോലും ഉണ്ടാകാതിരിക്കാനുള്ള ജാഗ്രതയിലാണ് അധികൃതര്‍.
ലോകാത്ഭുതങ്ങളിലൊന്നായ ആഗ്രയിലെ താജ്മഹല്‍ സന്ദര്‍ശിക്കാന്‍ ട്രംപ് എത്തുമ്‌ബോള്‍ സുരക്ഷാ സംഘത്തില്‍ പ്രത്യേക പരിശീലനം ലഭിച്ച അഞ്ച് കുരങ്ങന്‍മാരും ഉണ്ടാകുമെന്നാണ് പുതിയ വിവരം. നീളന്‍വാലന്‍ ലാംഗ്വര്‍ ഇനത്തില്‍പെട്ട കുരങ്ങുകളെയാണ് സുരക്ഷക്ക് നിയോഗിക്കുക.
താജ്മഹലിന്റെ പരിസരത്ത് വാനരശല്യം ഏറെയാണ്. ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് കുരങ്ങന്‍മാര്‍ ചിലപ്പോഴൊക്കെ ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. ഇത്തരമൊരു 'ക്രമസമാധാന പ്രശ്‌നം' മുന്നില്‍കണ്ടാണ് സുരക്ഷാ സംഘത്തില്‍ കുരങ്ങന്മാരെ ഉള്‍പ്പെടുത്തിയത്.
പ്രശ്‌നക്കാരായ കുരങ്ങന്മാരെ ഓടിച്ചുവിടുകയാണ് പരിശീലനം ലഭിച്ച ലാംഗ്വര്‍ കുരങ്ങന്മാരുടെ ചുമതല. ഇന്ന് വൈകുന്നേരമാണ് ട്രംപ് താജ്മഹല്‍ സന്ദര്‍ശിക്കുന്നത്. ഇതോടെ കുരങ്ങന്‍മാരും ചരിത്രത്തിന്റെ ഭാഗമാകും.
"
https://www.facebook.com/Malayalivartha