15 യുപി ജില്ലകള്‍ അടയ്ക്കുന്നു; മഹാരാഷ്ട്രയില്‍ 75 മരണം

ഇന്നലെ അര്‍ധരാത്രി മുതല്‍ 13-ന് അര്‍ധരാത്രി വരെ ദേശീയ തലസ്ഥാന മേഖലയിലെ നോയിഡ, ഗാസിയാബാദ് എന്നിവ ഉള്‍പ്പെടെ 15 ജില്ലകള്‍ പൂര്‍ണമായി അടച്ചിടാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ തീരുമാനം.
21 ദിവസത്തെ ലോക്ഡൗണ്‍ അവസാനിച്ചാലും ഈ നിയന്ത്രണം തുടരുമെന്നാണു സൂചന.
പൂര്‍ണമായി അടച്ചിടുന്നത് കോവിഡ് രോഗികള്‍ കൂടുതലുള്ള ലക്‌നൗ, ആഗ്ര, ഗാസിയാബാദ്, ഗൗതം ബുദ്ധ് നഗര്‍ (നോയിഡ), കാന്‍പുര്‍, വാരാണസി, ഷാംലി, മീററ്റ്, ബറേലി, ബുലന്ദ്‌ഷെഹര്‍, ഫിറോസാബാദ്, മഹാരാജ്ഗഞ്ച്, സിതാപുര്‍, സഹാറന്‍പുര്‍, ബസ്തി എന്നീ ജില്ലകളാണ്. യുപിയില്‍ കോവിഡ് രോഗികളുടെ എണ്ണം 326 ആയി.
രോഗികളുടെ എണ്ണം മഹാരാഷ്ട്രയില്‍ 1135 ആയി. മരണം 75. ഇന്നലെ 6 പേര്‍ പുണെയിലും 5 പേര്‍ മുംബൈയിലും മരിച്ചു. മുംബൈയില്‍ മാത്രം മരണസംഖ്യ 45 ആയി. ധാരാവിയില്‍ രോഗികള്‍ പത്തായി. ഇവിടുത്തേതിലും ഗുരുതരമായ സ്ഥിതിയാണ് സമീപത്തെ വര്‍ളി മേഖലയിലുള്ളത്. ഇവിടെ രോഗികള്‍ 78 ആയി. മുംബൈയില്‍ മാസ്‌ക് ധരിക്കാതെ വീടിനു പുറത്തിറങ്ങുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.
തമിഴ്‌നാട്ടില്‍ വെല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നാല്‍പത്തിയഞ്ചുകാരന്‍ കൂടി മരിച്ചതോടെ മരണസംഖ്യ 8 ആയി. രോഗികള്‍ 738. ഇതില്‍ 690 പേരും ഡല്‍ഹി തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരോ അവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരോ ആണ്. ചെന്നൈയിലുള്‍പ്പെടെ രോഗം കണ്ടെത്തിയ മേഖലകള്‍ പൂര്‍ണമായി അടച്ചിടും. ചെന്നൈയില്‍ മുഴുവന്‍ വീടുകളിലും ആരോഗ്യപ്രവര്‍ത്തകര്‍ പരിശോധന നടത്തി രോഗലക്ഷണങ്ങളുള്ളവരെ ആശുപത്രിയിലേക്കു മാറ്റാമാണ് തീരുമാനം.
ഒരു 65 വയസ്സുകാരന്‍ കര്‍ണാടകയില്‍ കലബുറഗി ആശുപത്രിയില്‍ മരിച്ചതോടെ കോവിഡ് മരണം 5 ആയി. ആകെ രോഗികള്‍ 181. യാദ്ഗീറില്‍ ക്വാറന്റീനിലായിരുന്ന 5 വയസ്സുകാരി മരിച്ചു. കോവിഡ് സ്ഥിരീകരിച്ചിട്ടില്ല.
https://www.facebook.com/Malayalivartha


























