ഐക്യദീപം കത്തിച്ചപ്പോള്‍ കുലുങ്ങാതെ ദേശീയ ഗ്രിഡ്

ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ വൈദ്യുതി വിളക്കുകള്‍ അണയ്ക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാന പ്രകാരം തീരുമാനം രാജ്യം ഏറ്റെടുത്തപ്പോള്‍ സംഭവിച്ചത് ദേശീയ വൈദ്യുതി ഗ്രിഡില്‍ പ്രതീക്ഷിച്ചതിലും ഇരട്ടി വൈദ്യുത ഉപഭോഗത്തിന്റെ കുറവ്. ഏപ്രില്‍ 5-ന് രാത്രി 9-ന് രാജ്യത്തെ വൈദ്യുതവിളക്കുകള്‍ ഒന്നിച്ച് അണച്ചതിന്റെ ഫലമായി ദേശീയ വൈദ്യുതി ഗ്രിഡില്‍ ഉണ്ടായ വ്യതിയാനങ്ങളെ കുറിച്ച് കേന്ദ്ര പൊതുമേഖല സ്ഥാപനമായ പവര്‍ സിസ്റ്റം ഓപറേഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡ് (പൊസോകോ) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇതു വ്യക്തമാക്കുന്നത്.
രാജ്യത്തെ വലിയ ഫാക്ടറികളും വ്യവസായ സ്ഥാപനങ്ങളും ഗ്രിഡില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള വ്യതിയാനം മുന്നില്‍ കണ്ട് മണിക്കൂറുകള്‍ക്ക് മുന്‍പു തന്നെ ജനറേറ്ററുകളിലേക്ക് മാറി, ഗാര്‍ഹിക ഉപഭോക്താക്കള്‍ വീടുകളിലെ ലൈറ്റുകള്‍ അണയ്ക്കുന്നതിനു പകരം എളുപ്പത്തില്‍ മെയിന്‍ സ്വിച്ച് തന്നെ ഈ സമയം ഓഫ് ചെയ്തു, പ്രതീക്ഷിച്ചതിലും അനേകം മടങ്ങ് ജനങ്ങള്‍ ആഹ്വാനം ഏറ്റെടുത്തു തുടങ്ങിയ കാരണങ്ങളാണ് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തെ വൈദ്യുതി വിളക്കുകള്‍ മാത്രം അണച്ചാല്‍ പരമാവധി 14,000 മെഗാവാട്ട് കുറവുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ സംഭവിച്ചത് 31,089 മെഗാവാട്ടിന്റെ കുറവാണ് അനുഭവപ്പെട്ടത്.
ദേശീയ ഗ്രിഡില്‍ അനുവദനീയമായ ഫ്രീക്വന്‍സി ബാന്‍ഡ് 49.90- 50.05 ഹെര്‍ട്‌സ് ആണ്. ഐക്യദീപം തെളിയിക്കല്‍ സമയത്ത് വൈദ്യുതിയുടെ ആവൃത്തി 50.26 ഹെര്‍ട്‌സിനും 49.70 ഹെര്‍ട്‌സിനുമിടയ്ക്കു ചാഞ്ചാടി. എന്നാല്‍ അതിനെ അതിജീവിച്ച് ഗ്രിഡിനെ നിലനിര്‍ത്താന്‍ സാങ്കേതിക വിദഗ്ധര്‍ക്കായി. വൈദ്യുതവിളക്കുകള്‍ അണച്ച് തിരികളും മറ്റും കത്തിക്കാനുള്ള പ്രഖ്യാപനം വന്നശേഷം കേന്ദ്ര ഊര്‍ജമന്ത്രാലയം അതിനെ നേരിടാന്‍ നടത്തിയ തയാറെടുപ്പുകളെപ്പറ്റി കെഎസ്ഇബിയുടെ കീഴിലുള്ള 'സൗര' എക്‌സി. എന്‍ജിനീയര്‍ മധുലാല്‍ ജയദേവന്‍ പറയുന്നത് ഇപ്രകാരമാണ്:
ഏപ്രില്‍ നാലിനുതന്നെ പ്രതിസന്ധിയെ അതിജീവിക്കാന്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് വിദഗ്ധരുമായുള്ള ചര്‍ച്ചകള്‍ക്കുശേഷം 47 പേജ് വരുന്ന വിശദമായ കുറിപ്പ് തയാറാക്കി മുഴുവന്‍ സംസ്ഥാനങ്ങളിലെയും വൈദ്യുതി പ്രസരണം നിയന്ത്രിക്കുന്ന ലോഡ് ഡെസ്പാച്ച് സെന്ററുകള്‍ക്ക് നല്‍കി. കാര്യങ്ങള്‍ കൈവിട്ടുപോയി ഗ്രിഡ് തകര്‍ച്ചയുണ്ടായാല്‍ വൈദ്യുതി ഉല്‍പാദനം പുനഃസ്ഥാപിക്കാനായി പ്രധാനപ്പെട്ട ഉല്‍പാദന നിലയങ്ങളില്‍ ഡീസല്‍ ജനറേറ്ററുകളടക്കം തയാറാക്കി നിര്‍ത്തണമെന്ന നിര്‍ദേശമടക്കം അതിലുണ്ടായിരുന്നു.
സാങ്കേതിക വിദ്യയുടെ സഹായത്തോടെ സ്വീകരിച്ച മുന്‍കരുതലുകളും വിഷയത്തെ ശാസ്ത്രീയമായി സമീപിച്ചതും ഫലപ്രദമാവുകതന്നെ ചെയ്തു, വൈദ്യുതിക്ക് മുടക്കം വന്നില്ല. രാജ്യത്തെ ജലവൈദുതി ഉല്‍പാദനം രാത്രി 8.45-ഓടെ പരമാവധി ആക്കി. തുടര്‍ന്ന് 8.45-നും രാത്രി 9.10-നും ഇടയ്ക്ക് ജലവൈദ്യുതി ഉല്‍പാദനം 17,543 മെഗാവാട്ട് കുറച്ച് ആകെ ജലവൈദ്യുതി ഉല്‍പാദനം 8016 മെഗാവാട്ടില്‍ എത്തിച്ചു. രാത്രി 9.10 മുതല്‍ അതു വീണ്ടും കൂട്ടി രാത്രി 9.27-ന് 19,012 മെഗാവാട്ടിലെത്തിച്ചു. ഇതു കൂടാതെ താപനിലയങ്ങളിലെയും കാറ്റാടി നിലയങ്ങളിലെയും ഉല്‍പാദനം ക്രമീകരിച്ച് രാത്രി 8.45-നും 9.10-നും ഇടയ്ക്ക് 10,950 മെഗാവാട്ടും കുറച്ചു.
ഉല്‍പാദനം വളരെ പെട്ടെന്ന് നിയന്ത്രിക്കാനാകുന്ന ജലവൈദ്യുത നിലയങ്ങളിലെ ക്രമീകരണങ്ങളാണു കാര്യങ്ങളെ വരുതിക്കു നിറുത്തിയത്. രാജ്യത്തു പല സ്ഥലങ്ങളിലും ലോഡ് ഷെഡിങ്ങും ഏര്‍പ്പെടുത്തി. കേരളത്തെ ഇതിനു പ്രധാനമായി സഹായിച്ചത് ഇടുക്കിയിലെ ജല വൈദ്യുത പദ്ധതികളായിരുന്നു. 350 മെഗാവാട്ടിന്റെ കുറവാണ് ഈ സമയത്ത് കേരളത്തില്‍ അനുഭവപ്പെട്ടത്. പറയുന്നതു പോലെ ലളിതമല്ല ഇതൊക്കെ നടപ്പാക്കുന്നത്. അതു കൃത്യതയോടെയും സൂക്ഷ്മതയോടെയും ചെയ്ത കേരളത്തില്‍ നിന്നടക്കമുള്ള ആയിരക്കണക്കിന് സാങ്കേതിക വിദഗ്ധരും എന്‍ജിനീയര്‍മാരും തൊഴിലാളികളും മുമ്പെങ്ങുമില്ലാത്തവിധമുണ്ടായ ഒരു വെല്ലുവിളിയെയാണ് വിജയകരമായി നേരിട്ടതെന്നും മധുലാല്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























