കൊവിഡ് 19 ഭീതിയില്‍ രാജ്യത്തെമ്പാടും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ പുറത്തിറങ്ങരുതെന്നും ഇറങ്ങിയാല്‍ കൊറോണ പിടിക്കും എന്ന് ജനങ്ങളോട് പറയാനായി യമരാജനെ' നിരത്തിലിറക്കി പൊലീസ്

ഏത് കൊലകൊമ്പനായായാലും കാലന്‍ എന്നു കേള്‍ക്കുമ്പോള്‍ ഒന്നു പേടിക്കും. കാരണം മരണത്തിന്റെ ദേവനെന്നാണ് യമരാജന്റെ കാലന്റെ വിശേഷണം. സാധാരണ യമലോകത്ത് താമസിക്കുന്ന യമരാജനെ ഇപ്പോള്‍ ഭൂമിയിലെ പല സംസ്ഥാനങ്ങളിലാണ് സഞ്ചാരം. കൊവിഡ് 19 ഭീതിയില്‍ രാജ്യത്തെമ്പാടും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ പുറത്തിറങ്ങരുതെന്നും ഇറങ്ങിയാല്‍ കൊറോണ പിടിക്കും എന്ന് ജനങ്ങളോട് പറയാനാണ് ഈ സഞ്ചാരം. ഉത്തര്‍പ്രദേശിലെ ബഹറിച്ചിലാണ് ഇപ്പോള്‍ യമരാജനുള്ളത്. സാമൂഹിക അകലം പാലിക്കണമെന്ന നിയമം ലംഘിക്കുന്ന എല്ലാവരെയും യമലോകത്ത് ലോക്ക് ഡൗണിലാക്കുമെന്നാണ് യമരാജന്റെ മുന്നറിയിപ്പ്.
ഞാന്‍ യമരാജന്‍. ഞാനാണ് കൊറോണ വൈറസ്. നിങ്ങള്‍ നിയമം പാലിച്ചില്ലെങ്കില്‍ ഒരാള്‍ പോലും ഈ ഭൂമിയില്‍ ബാക്കിയാകില്ല. ഞാനായിരിക്കും എല്ലാവരുടെയും മരണത്തിന് കാരണമാകുന്നത്. അശ്രദ്ധയോടെ ജീവിച്ചാല്‍ നിങ്ങളെ ഞാന്‍ എന്നോടൊപ്പം കൊണ്ടുപോകും. ഒരു കയ്യില്‍ അരിവാളും മറുകൈയില്‍ മൈക്കുമായി നിന്നാണ് യമരാജന്റെ പ്രസംഗം. പ്രസംഗം ശ്രദ്ധിച്ചു കേട്ടുകൊണ്ട് ഇദ്ദേഹത്തിന് ചുറ്റും പൊലീസ് ഉദ്യോഗസ്ഥര്‍ നില്‍ക്കുന്നുണ്ട്.
ആരും ലോക്ക് ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് അനാവശ്യമായി പുറത്തിറങ്ങി നടക്കരുത്. തൂവാല മുഖം മറയ്ക്കാന്‍ ഉപയോഗിക്കണം. സോപ്പുപയോഗിച്ച് കൈകള്‍ ഇടയ്ക്കിടെ കഴുകണം. സാനിട്ടൈസര്‍ ഉപയോഗിക്കണം. അതുപോലെ മറ്റൊരാളില്‍ നിന്ന് രണ്ടു മീറ്ററെങ്കിലും അകലം പാലിക്കണം. എല്ലാവരുടെയും സുരക്ഷയ്ക്ക് വേണ്ടിയാണിങ്ങനെയൊക്കെ പറയുന്നത്. യമരജന്‍ പ്രസംഗത്തില്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നു. ഏതായാലും ബോധവല്‍ക്കരണം കലക്കി.
യമരാജന്‍ എത്തിച്ചേരുന്ന സ്ഥലങ്ങളിലെല്ലാം ഇദ്ദേഹത്തെ ശ്രദ്ധയോടെ കേള്‍ക്കാന്‍ തയ്യാറായി ആളുകള്‍ ഉണ്ട്. കൊവിഡ് 19 വ്യാപനം വര്‍ദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗണ്‍ നിയമങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദ്ദേശിക്കാന്‍ വേണ്ടിയാണ് ബഹ്റിച്ച് പൊലീസ് യമരാജനെ നിരത്തിലിറക്കിയിരിക്കുന്നത്. കൈ കഴുകേണ്ടതിന്റെയും മാസ്‌ക് ധരിക്കേണ്ടതിന്റെയും സാമൂഹിക അകലം പാലിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ചാണ് യമരാജന്‍ എല്ലാവരോടും പറയുന്നത്. ബൗണ്ടി പൊലീസ് സ്റ്റഷനിലെ ലവ്കുശ് മിശ്ര എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് യമരാജനായി വേഷമിട്ടിരിക്കുന്നത്. 483 കൊവിഡ് 19 കേസുകളാണ് ഉത്തര്‍പ്രദേശില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച മാത്രം 31 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 576 പേരാണ് ഐസൊലേഷനില്‍ കഴിയുന്നത്. 8084 പേരാണ് ക്വാറന്റൈനില്‍ കഴിയുന്നത്.
"
https://www.facebook.com/Malayalivartha


























