601 പ്രത്യേക ആശുപത്രികള്‍; ഒരു ലക്ഷം കിടക്കകൾ: കോവിഡ് ചികിത്സാ സൗകര്യം സജ്ജമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം; ചെറുകിട – ചില്ലറ വിൽപനശാലകളെ ‘സുരക്ഷാ സ്റ്റോറു’കളാക്കാൻ ആലോചനയുമായി ഉപഭോക്തൃ മന്ത്രാലയം

കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നതനുസരിച്ചു ചികിത്സാ സൗകര്യം ഒരുക്കാൻ സജ്ജമാണെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം. നിലവിൽ കോവിഡ് സ്ഥിരീകരിച്ച എണ്ണായിരത്തിലേറെ രോഗികളിൽ 1671 പേർക്കു മാത്രമേ തീവ്രപരിചരണ സംവിധാനങ്ങൾ ആവശ്യമുള്ളൂ. വിവിധ സംസ്ഥാനങ്ങളിലെ 601 പ്രത്യേക കോവിഡ് ആശുപത്രികളിലായി ഒരു ലക്ഷത്തിലേറെ കിടക്കകളടക്കം ഒരുക്കിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു.
ആരോഗ്യപ്രവർത്തകർക്കു കോവിഡ് പ്രതിരോധ മരുന്നായി നൽകുന്ന ഹൈഡ്രോക്സി ക്ലോറോക്വിൻ 13 രാജ്യങ്ങളിലേക്കു കൂടി കയറ്റുമതി ചെയ്യാൻ മന്ത്രിതല ഉപസമിതി അനുമതി നൽകി.
അതേസമയം, കോവിഡ് പ്രതിരോധ വാക്സിൻ കണ്ടെത്താനുള്ള ശ്രമം അടുത്ത ഘട്ടത്തിലേക്കു കടന്നിട്ടില്ലെന്ന് ഐസിഎംആർ. 40 ഗവേഷണങ്ങളാണു പുരോഗമിക്കുന്നത്.കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നതിനിടെ, രോഗമുക്തരായവരുടെ എണ്ണവും ഇന്നലെ ഉയർന്നു. ഇന്നലെ വൈകിട്ടു വരെയുള്ള 24 മണിക്കൂറിൽ 74 പേരാണു സുഖം പ്രാപിച്ചത്. ഇതുവരെ 716 പേർ ആശുപത്രി വിട്ടു. അതിനിടെ രാജ്യത്തെ ചെറുകിട – ചില്ലറ വിൽപനശാലകളെ ‘സുരക്ഷാ സ്റ്റോറു’കളാക്കാൻ ആലോചനയുമായി ഉപഭോക്തൃ മന്ത്രാലയം. അതിവേഗ വിൽപനയുള്ള ഉപഭോക്തൃ സാമഗ്രികൾ (എഫ്എംസിജി) നിർമിക്കുന്ന കമ്പനികളുടെ സഹകരണത്തോടെയാകും പദ്ധതി. ഒന്നരമാസം കൊണ്ട് 20 ലക്ഷം കടകളെ സുരക്ഷാ കാര്യത്തിൽ മാറ്റിയെടുക്കാമെന്നു സർക്കാർ കണക്കുകൂട്ടുന്നു.
നിത്യോപയോഗ സാധനങ്ങൾക്കായി ജനം ആശ്രയിക്കുന്ന കടകളിൽ കർശന സുരക്ഷാ മാനദണ്ഡങ്ങൾ സജ്ജമാക്കുന്നതാണു പദ്ധതി. കടയിലെത്തുന്നവർ ഒന്നര മീറ്റർ അകലം പാലിക്കൽ, കടയ്ക്കുള്ളിൽ പ്രവേശിക്കും മുൻപ് സാനിറ്റൈസർ അല്ലെങ്കിൽ ഹാൻഡ് വാഷ് ഉപയോഗിക്കൽ, ജീവനക്കാർക്ക് മാസ്ക് തുടങ്ങിയവ ഉറപ്പാക്കും. ഒന്നോ രണ്ടോ സംസ്ഥാനങ്ങളുടെ ചുമതല ഓരോ എഫ്എംസിജിക്കും നൽകിയാകും സുരക്ഷാ സ്റ്റോറുകൾ ഒരുക്കുക.
പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന കേസുകൾ ശരാശരി 584 ആയി. കഴിഞ്ഞ 5 ദിവസത്തെ കോവിഡ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണിതെന്ന് ഐസിഎംആർ അറിയിച്ചു.
https://www.facebook.com/Malayalivartha


























