നഞ്ചാഗുണ്ടില്‍ ചൈന കൊടുത്ത പണി... ചൈനീസ് കണ്‍സൈന്‍മെന്റോ? കര്‍ണാടകത്തിലെ നഞ്ചാഗുണ്ടില്‍ ഇന്നലെ സ്ഥിരീകരിക്കപ്പെട്ടത് നാല്പത്തെട്ടാമത്തെ കൊവിഡ് സംക്രമണം

ഇപ്പോള്‍ നിലനില്‍ക്കുന്ന ദുരൂഹത നഞ്ചാഗുണ്ടിലെ ഫാര്‍മ സ്ഥാപനത്തിലേക്ക് വന്ന ഒരു ചൈനീസ് കണ്‍സൈന്‍മെന്റിനെ ചുറ്റിപ്പറ്റിയാണ്.
കര്‍ണാടകത്തിലെ നഞ്ചാഗുണ്ടില്‍ ഇന്നലെ സ്ഥിരീകരിക്കപ്പെട്ടത് നാല്പത്തെട്ടാമത്തെ കൊവിഡ് സംക്രമണമാണ്. പൊലീസിനെയും ആരോഗ്യപ്രവര്‍ത്തകരെയും ഒരുപോലെ ആശങ്കയിലാഴ്ത്തുന്ന ഒരു ദുരൂഹത അവരുടെ പ്രാഥമിക സമ്പര്‍ക്കം ഏതെന്ന് ഇനിയും കണ്ടെത്താന്‍ ആകാത്ത സാഹചര്യമാണ്. ഇപ്പോള്‍ നിലനില്‍ക്കുന്ന ദുരൂഹത ജൂബിലന്റ് ലൈഫ് സയന്‍സ് എന്ന ഫാര്‍മ സ്ഥാപനത്തിലേക്ക് വന്ന ഒരു ചൈനീസ് കണ്‍സൈന്‍മെന്റിനെ ചുറ്റിപ്പറ്റിയാണ്. മാര്‍ച്ച് 15 -ന് കമ്പനിയുടെ ഗോഡൗണില്‍ എത്തിയ ഈ കണ്‍സൈന്‍മെന്റ് ഒപ്പിട്ടു വാങ്ങിയത് സംസ്ഥാനത്തെ പേഷ്യന്റ് നമ്പര്‍ 52 ആയ, ഈ ഫാക്ടറിയിലെ ആദ്യ രോഗി ആണെന്നറിയുന്നു. മൂന്നു ടണ്‍ വരുന്ന പ്രസ്തുത ചൈനീസ് കണ്‍സൈന്‍മെന്റ് വെയര്‍ ഹൗസില്‍ എത്തിക്കും വരെ മേല്‍നോട്ടം വഹിച്ചതിനിടെയാണ് ഈ ജീവനക്കാരനിലേക്ക് രോഗം പടര്‍ന്നത് എന്ന് അധികൃതര്‍ ഇപ്പോള്‍ സംശയിക്കുന്നു.
മാര്‍ച്ച് 17 -ന് ഇയാളില്‍ പനിയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നു. പനി കൂടിയതിനെത്തുര്‍ന്ന് അടുത്ത ദിവസം ഇയാള്‍ ലീവെടുക്കുന്നു. പക്ഷെ, മാര്‍ച്ച് 19 -ന് വീണ്ടും ജോലിക്കെത്തുന്നു. എന്നാല്‍ വീണ്ടും അസുഖം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് അയാളെ അടുത്ത ദിവസം മൈസൂരുവിലുള്ള ഗോപാലഗൗഡ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നു. കെ ആര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് അടുത്ത ദിവസം ഇയാളെ റെഫര്‍ ചെയ്യപ്പെടുന്നു. അവിടെ വെച്ച് മാര്‍ച്ച് 26 -നാണ് ഇയാള്‍ കൊവിഡ് പോസിറ്റീവ് ആകുന്നത്. ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ സ്റ്റാന്‍ഡേര്‍ഡ് പ്രോട്ടോക്കോള്‍ നിലവില്‍ വരുന്നു. ഫാര്‍മ കമ്പനിയുടെ 3 കിലോമീറ്റര്‍ പരിധി ബഫര്‍ സോണ്‍ ആയി പ്രഖ്യാപിക്കപ്പെട്ട് സീല്‍ ചെയ്യപ്പെടുന്നു. ആ സോണിനുള്ളിലെ എല്ലാ വീടുകളിലും, കമ്പനി ജീവനക്കാരുടെ വീടുകളിലും മറ്റും കയറിയിറങ്ങി ആശാ വര്‍ക്കര്‍മാര്‍ സിംപ്റ്റംസ് സര്‍വേ തുടങ്ങുന്നു. ഈ കമ്പനിയില്‍ ജോലി ചെയ്തിരുന്ന 1400 -ലധികം ജീവനക്കാരെ സര്‍വേ ചെയ്തതിന്റെ അടിസ്ഥാനത്തില്‍, മാര്‍ച്ച് 28 -ന് പേഷ്യന്റ് നമ്പര്‍ 52 -ന്റെ അഞ്ചു സഹപ്രവര്‍ത്തകര്‍ക്കുകൂടി രോഗം സ്ഥിരീകരിക്കപ്പെടുന്നു. ഇന്നലെയോടെ നഞ്ചാഗുണ്ടിലെ ആകെ കൊവിഡ് സംക്രമിതരുടെ എണ്ണം 48 ആയിട്ടുണ്ട്. പേഷ്യന്റ് നമ്പര്‍ 52 -നെ തുടര്‍ന്ന് വന്ന എല്ലാ സംക്രമണങ്ങള്‍ക്കും അയാളുമായുള്ള സമ്പര്‍ക്കമൊഴികെ മറ്റൊരു വിദേശയാത്രാ ചരിത്രവും ഇല്ല എന്നതും ശ്രദ്ധേയമാണ്.
ബംഗളൂരുവില്‍ നിന്ന് 170 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഈ ക്ഷേത്രനഗരത്തിലെ അറുപതിനായിരത്തോളം ജനങ്ങള്‍ ഇപ്പോള്‍ ടോട്ടല്‍ ലോക്ക് ടൗണില്‍ ആണ്. സമ്പൂര്‍ണ്ണമായ സമ്പര്‍ക്കവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് പ്രാദേശിക ഭരണകൂടം. കര്‍ശനമായ ക്വാറന്റൈനില്‍ ആണ് നഗരം. നഞ്ചാഗുണ്ട് ടൗണില്‍ മാത്രമായി 753 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്. തൊട്ടുകിടക്കുന്ന കസബ, ഹുള്ളഹള്ളി, ദൊഡ്ഡക്കവലണ്ട. ബിലീഗെരെ, ചിക്കനിയാഹ്ന ഛത്ര എന്നിവിടങ്ങളിലെ ഗ്രാമങ്ങളില്‍ കഴിയുന്ന 675 പേരും നിരീക്ഷണത്തിലാണ്. ചിലര്‍ സര്‍ക്കാര്‍ സംവിധാനത്തിലും, ചിലര്‍ സ്വന്തം വീട്ടിനുള്ളില്‍ തന്നെയുമാണ് ക്വാറന്റൈനില്‍ തുടരുന്നത്. പത്ത് വീടിന് ഒരു പൊലീസ് കോണ്‍സ്റ്റബിള്‍ വീതം സഹായത്തിന് നിയോഗിച്ചിട്ടുണ്ട് സംസ്ഥാന സര്‍ക്കാര്‍. കുടുംബത്തിലെ ആര്‍ക്കും തന്നെ പുറത്തിറങ്ങാന്‍ അനുവാദമില്ല. വേണ്ടതൊക്കെ ഈ കോണ്‍സ്റ്റബിള്‍ വാങ്ങി നല്‍കും. എന്തെങ്കിലുമൊക്കെ കാരണം പറഞ്ഞ് വീടുകളില്‍ നിന്ന് ആളുകള്‍ പുറത്തിറങ്ങി പരിസരവാസികളില്‍ ഭീതി പടര്‍ത്തുന്നത് തടയാനാണ് പൊലീസിന്റെ ഈ നടപടി. നിരന്തരം ജനപ്രവാഹമുള്ള നഞ്ചാഗുണ്ടിലെ ക്ഷേത്രം മാര്‍ച്ച് 20 മുതല്‍ അടച്ചിട്ടിരിക്കുകയാണ്. മറ്റൊരു ജനപ്രിയ കേന്ദ്രമായ കപിലാ നദിതടത്തിലേക്കും ജനങ്ങള്‍ക്ക് പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിക്കഴിഞ്ഞു.
https://www.facebook.com/Malayalivartha























