മോദിയുമായി ഏറ്റുമുട്ടണ്ട സമയമല്ല; കോവിഡിനെതിരെയുളള പോരാട്ടത്തില്‍ ഒറ്റക്കെട്ടാണെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

കോവിഡിനെതിരെയുളള പോരാട്ടത്തില്‍ ഒറ്റക്കെട്ടാണെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഒരു പാട് കാര്യങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അഭിപ്രായ ഭിന്നതകള്‍ ഉണ്ടെങ്കിലും ഇപ്പോള്‍ പരസ്പരം ഏറ്റുമുട്ടുന്നതിനുളള സമയമല്ലെന്നും വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
കോവിഡിനെതിരെയുളള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനങ്ങളുമായി കൂടുതല്‍ ആശയവിനിമം നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തയ്യാറാവണം. എന്നാല്‍ വ്യത്യസ്ത ശൈലിയിലാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. തങ്ങള്‍ക്കും ആ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
എന്നാൽ കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി രംഗത്തുവന്നിരുന്നു. കൊറോണ വൈറസിന്റെ സാമൂഹിക വ്യാപനം നിയന്ത്രിക്കുന്നതില്‍ നിര്‍ണ്ണായകമായ റാപ്പിഡ് ടെസ്റ്റിംഗിന് ആവശ്യമുള്ള കിറ്റുകള്‍ വാങ്ങുന്നതില്‍ കാലതാമസം വന്നതിലാണ് സര്‍ക്കാറിനെ രാഹുല്‍ വിമര്‍ശിച്ചത്. വൈറസിനെതിരായ പോരാട്ടത്തില്‍ വ്യാപകമായ പരിശോധനയാണ് വേണ്ടതെന്നും നിലവില്‍ രാജ്യം ഇക്കാര്യത്തില്‍ പിന്നിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കൊറോണ വൈറസിനെതിരെയുളള പോരാട്ടത്തില്‍ ലോക്ക്ഡൗണ്‍ പ്രതിവിധിയല്ലെന്ന് രാഹുല്‍ പറഞ്ഞു. , കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി പരിശോധനകള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ടു.രാജ്യത്തെ രണ്ടു സോണുകളായി തിരിക്കണം. കോവിഡ് രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളെ ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിക്കണം. അല്ലാത്തവയെ ഹോട്ട്‌സ്‌പോട്ട് ഇതര പ്രദേശങ്ങളായും പ്രഖ്യാപിക്കണം. ലോക്ക്ഡൗണ്‍ കൊണ്ട് മാത്രം കൊറോണ വൈറസിനെ ഇല്ലാതാക്കാന്‍ സാധിക്കില്ല. വൈറസ് വ്യാപനം കുറച്ചു നാളത്തേയ്ക്ക് തടഞ്ഞുനിര്‍ത്താന്‍ മാത്രമേ ഇതുവഴി സാധിക്കൂ. പരിശോധനകള്‍ വര്‍ധിപ്പിച്ചും വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിന് അപ്പുറം കടക്കുകയുമാണ് പോംവഴിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
നിലവില്‍ പരിശോധനകള്‍ തീരെ കുറവാണ്. പരിശോധനകള്‍ വര്‍ധിപ്പിക്കണം. പരിശോധനകള്‍ പരമാവധി വര്‍ധിപ്പിച്ച് ഇതിനെ തന്ത്രപരമായി പ്രയോജനപ്പെടുത്താന്‍ കഴിയണം. ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താന്‍ ജനങ്ങള്‍ക്ക് സാമ്ബത്തിക സഹായം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
അതേസമയം കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ രാഹുല്‍ ഗാന്ധി അഭിനന്ദിച്ചു. സംസ്ഥാന, ജില്ലാ തലത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നല്ലരീതിയില്‍ നടക്കുന്നു. കേരളത്തിലും വയനാട്ടിലും ഇത് വിജയം കണ്ടുവരുന്നതായും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
https://www.facebook.com/Malayalivartha























